കോഴിക്കോട്: സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം കളിയും തോറ്റ് ഗോകുലം കേരള എഫ്‌സി. ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സിയിലെ തീര്‍ത്തും വിരസമായ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഗോവയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 90-ാം മിനിറ്റില്‍ ഇകര്‍ വല്ലേയോയാണ് വിജയഗോള്‍ നേടിയത്. പരാജയത്തോടെ ഗോകുലത്തിന്റെ സെമി പ്രവേശനം സ്വപ്‌നമായി അവശേഷിച്ചു.
അഞ്ച് മലയാളി താരങ്ങളുമായാണ് ഗോകുലം ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ കളിയില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു നൗഫല്‍ ഇന്നലെ പകരക്കാരുടെ ബെഞ്ചിലായിരുന്നു.
ശരാശരിയിലും താഴെ നിലവാരത്തില്‍ നടന്ന മത്സരത്തില്‍ അല്പമെങ്കിലും മികച്ചുനിന്നത് എഫ്‌സി ഗോവയായിരുന്നു. എന്നാല്‍ ലക്ഷ്യബോധമുള്ള മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയില്ല. പലപ്പോഴും ചില ഒറ്റയാന്‍ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത്് നടന്നത്. ആദ്യ പകുതിയില്‍ പറയത്തക്ക മുന്നേറ്റങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആദ്യ പകുതിയില്‍ ഗോവക്ക് 6 ഉം ഗോകുലത്തിന് 2 ഉം വീതം കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. മൈതാനത്ത് മികച്ച പരസ്പരധാരണയോടെ കളിക്കാന്‍ ഇരു ടീമുകള്‍ക്കുമായതുമില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ഗോകുലം മലയാളിതാരം ശ്രീകുട്ടന് മഞ്ഞകാര്‍ഡ് ലഭിച്ചു.
രണ്ടാം പകുതിയിലാണ് കളി അല്പമെങ്കിലും മെച്ചപ്പെട്ടത്. എന്നാല്‍ സ്‌ട്രൈക്കര്‍മാരുടെ ഫിനിഷിങ് പോരായ്മ ഗോളടിക്കുന്നതില്‍ നിന്ന് ഇരു ടീമുകളെയും തടഞ്ഞുനിര്‍ത്തി. 49-ാം മിനിറ്റില്‍ ഗോവയുടെ നോഹ വെയ്ല്‍ നല്‍കിയ ഒന്നാന്തരം ക്രോസ്സ് മാകാന്‍ വിന്‍ക്‌ലെ ചോതി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജ് തടഞ്ഞിട്ടു. രണ്ട് മിനിറ്റിനുശേഷം ഗോകുലത്തിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്വന്തം പകുതിയില്‍ നിന്ന് ഉയര്‍ത്തിക്കിട്ടിയ പന്തുമായി ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയശേഷം സൗരവ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഗോള്‍ കീപ്പറെയും മറി കടന്ന് പ്ലേസ് ചെയ്‌തെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി.
67-ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്നും സൗരവിന്റെ മറ്റൊരു ശ്രമം ഗോള്‍ കീപ്പര്‍ പുറത്തേക്ക് തട്ടി രക്ഷപ്പെടുത്തി. ഇതിനിടെ ഒരുതവണ എഫ്‌സി ഗോവ വല കുലുങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഒടുവില്‍ 90-ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു. ഗോവയുടെ ഇകര്‍ വല്ലേയോയാണ് ഗോള്‍ നേടിയത്. ഗോകുലം കേരളയുടെ അബ്ദുല്‍ ഹക്കുവിന്റെ പിഴവില്‍ നിന്നും കിട്ടിയ പന്ത് എഫ്‌സി ഗോവയുടെ നോഹ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കലും ഗോളി ഷിബിന്‍രാജ് തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് പന്ത് കിട്ടിയത് ഇകര്‍ വല്ലേയോയുടെ കാലുകളില്‍. ഇത്തവണ ഇകറിന് ലക്ഷ്യം പിഴച്ചില്ല. അനായാസം താരം പന്ത് വലയിലെത്തിച്ചു. എഫ്‌സി ഗോവയുടെ നോഹ് ആണ് ഹീറോ ഓഫ് ദി മാച്ച്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. അന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവ എടികെ മോഹന്‍ബഗാനുമായി ഏറ്റുമുട്ടും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: