രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര് മേള എന്ന നിയമന മേള. ഒന്നരവര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള മൂന്നാമത് മേള കഴിഞ്ഞ ദിവസം നടന്നു. 71426 പേര്‍ക്കുകൂടി നിയമന ഉത്തരവ് കൈമാറിയതോടെ ഏഴുമാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായവരുടെ സംഖ്യ 2.88 ലക്ഷമായി. ലക്ഷ്യത്തിന്റെ മൂന്നിലൊന്ന് പൂര്‍ത്തിയായി എന്നു ചുരുക്കം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി റോസ്ഗര് മേള മാറിയിരിക്കുന്നു എന്ന് നിസംശയം പറയാനാകും.
യാതൊരു ആക്ഷേപത്തിനും വഴിയൊരുക്കാതെയാണ്, ഈ നിയമനങ്ങള്‍ നടത്തുന്നതെന്നതാണ് ശ്രദ്ധേയം. യോഗ്യതയില്‍ മായം ചേര്‍ക്കാതെ, നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനങ്ങള്‍. യോഗ്യതയുള്ളവര്‍ അര്‍ഹമായ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നു. ലക്ഷ്യം കൈവരിക്കുന്നതിന് വിപുലമായ നടപടിക്രമങ്ങളാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ആഭ്യന്തര പോര്‍ട്ടല്‍, ദൈ്വമാസ ലക്ഷ്യങ്ങള്‍, സെക്രട്ടറി തലത്തില്‍ പ്രതിവാര അവലോകനങ്ങള്‍, വിരമിക്കലിനെ തുടര്‍ന്നുണ്ടാകുന്ന തൊഴിലവസരങ്ങള്‍ രേഖപ്പെടുത്താന്‍ കലണ്ടര്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടുള്ള ഉന്നതതല നിരീക്ഷണം തുടങ്ങിയ അഞ്ചു തലത്തിലുള്ള നടപടികളാണ് ഇതിന്റെ ഭാഗമായുള്ളത്. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ആഭ്യന്തര പോര്‍ട്ടലില്‍ പുതുതായി വരുന്ന ഒഴിവുകള്‍ ഉള്‍പ്പെടുത്തും. സമയാസമയങ്ങളില്‍ ഒഴിവുകള്‍ രേഖപ്പെടുത്തുന്നതിന് ഓരോ മന്ത്രാലയത്തിലും വകുപ്പിലും ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങള്‍ക്കും രണ്ടു മാസത്തെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ജോലി ഒഴിവുകള്‍ക്കും നിയമന ഉത്തരവുകള്‍ നല്കുന്നതിനുമായി ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. വരും മാസങ്ങളില്‍ നല്കുന്ന നിയമന ഉത്തരവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ നല്കാന് എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഓരോ മാസവും അവലോകനം നടക്കും. ആഴ്ചതോറും എല്ലാവകുപ്പ് സെക്രട്ടറിമാരും പുരോഗതി അവലോകനം ചെയ്യും.
‘രാജ്യത്തെ യുവജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് റോസ്ഗര് മേള.’ എന്നാണ് നിയമന ഉത്തരവ് കൈമാറുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വികസിത ഇന്ത്യയുടെ പ്രമേയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് യുവാക്കളുടെ കഴിവിനും ഊര്‍ജത്തിനും ശരിയായ അവസരങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്ത് മുതല്‍ അസം വരെയും ഉത്തര്‍പ്രദേശ് മുതല്‍ മഹാരാഷ്ട്ര വരെയും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ റിക്രൂട്ട്മെന്റിനുള്ള നടപടികള്‍ അതിവേഗം നടക്കുന്നുണ്ടെന്ന് ഒറ്റ ദിവസം മധ്യപ്രദേശില്‍ 22,000ത്തിലധികം അധ്യാപകര്‍ക്ക് നിയമന ഉത്തരവ് കൈമാറിയത് സൂചിപ്പിച്ച് നരേന്ദ്രമോദി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. മാന്ദ്യത്തിന്റെയും പകര്‍ച്ചവ്യാധിയുടെയും ആഗോള വെല്ലുവിളികള്‍ക്കിടയില്‍ ലോകം ഇന്ത്യയെ ഒരു ശോഭയുള്ള സ്ഥലമായാണ് കാണുന്നത്. ‘ഇന്നത്തെ പുതിയ ഇന്ത്യ പുതിയ സാധ്യതകള്‍ക്കായി വാതിലുകള്‍ തുറന്ന്, നയങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് നീങ്ങുകയാണ്’, 2014നു ശേഷം, മുന്‍ കാലത്തെ പ്രതിപ്രവര്‍ത്തന നിലപാടില്‍ നിന്ന് വ്യത്യസ്തമായി സജീവമായ സമീപനം ഇന്ത്യ സ്വീകരിച്ചു. ‘ഇത് 21-ാം നൂറ്റാണ്ടിന്റെ ഈ മൂന്നാം ദശകം തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സാഹചര്യത്തിലേക്ക് നയിച്ചു. സ്റ്റാര്‍ട്ടപ്പുകളും ഡ്രോണുകളും കായിക മേഖലയും പുതിയ തൊഴിലവസരങ്ങളായി. ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് വഴിയൊരുക്കി.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന്റെ പങ്കുണ്ട്. റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ മൂലധനച്ചെലവ് നാലിരട്ടിയായി വര്‍ധിച്ചത് തൊഴില്‍ സാധ്യത എടുത്തുകാട്ടിയാണ്. സാങ്കേതികവിദ്യയും അസംസ്കൃത വസ്തുക്കളും ഇന്ത്യയില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയില്‍ പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മാത്രമേ കഴിയൂ എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിന്താഗതിയെ എതിര്‍ത്ത്, തദ്ദേശീയരായ നിര്‍മ്മാതാക്കളെ വിശ്വസിച്ച് സര്‍ക്കാര്‍ സമീപനം മാറ്റി. വലിയ തൊഴിലവസരമാണ് ഇതിലൂടെ ഉണ്ടായത്. മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലയില്‍ കൈവരിച്ച മുന്നേറ്റങ്ങളും തൊഴില്‍ കൊണ്ടു വന്നു. 2014ല്‍ ഉണ്ടായിരുന്ന 74 വിമാനത്താവളങ്ങളുടെ എണ്ണം 148 ആയി ഉയര്‍ന്നു. 2014ന് മുമ്പ് രാജ്യത്ത് 400ല്‍ താഴെ മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 660 മെഡിക്കല്‍ കോളജുകളാണുള്ളത്. 2014നു ശേഷം 3 ലക്ഷത്തിലധികം പൊതുസേവന കേന്ദ്രങ്ങള്‍ സൃഷ്ടിച്ചു, 6 ലക്ഷത്തിലധികം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു. 10 കോടിയിലധികം ശൗചാലയങ്ങള്‍, 1.5 ലക്ഷത്തിലധികം വെല്‍നസ് സെന്ററുകള്‍, കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം. ഇതെല്ലാം വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 2047ഓടെ വികസിത ഇന്ത്യയാകുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാനുള്ള അവസരമാണ് പുതുതായി നിയമന ഉത്തരവ് കിട്ടിയവര്‍ക്ക് കൈവന്നിരിക്കുന്നത്. അതിന് സാധിക്കട്ടെ എന്ന് ആശംസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: