കാര്‍ഷികവൃത്തിയിലേക്കുള്ള കാല്‍വയ്പാണു വിഷു. ഓണം വിളവെടുപ്പു കാലവുമാണല്ലോ. രണ്ടും പ്രകൃതിയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉത്സവങ്ങള്‍. കാളപൂട്ടും വിത്തു വിതയ്‌ക്കലുമൊക്കെയുണ്ടായിരുന്ന കാലത്തു വിഷുദിനത്തില്‍ കാളയ്‌ക്കു നുകം വയ്‌ക്കുന്നതിനും ചാലിടുന്നതിനും ജ്യോത്സ്യന്‍ മഹൂര്‍ത്തം കുറിക്കുമായിരുന്നു. വേനല്‍ മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചാലുകീറുമ്പോള്‍, പുതുമണ്ണിന്റെ ഗന്ധം സുഖകരമായ അനുഭൂതി പകരും. ഇളകിയ മണ്ണിലെ ഭക്ഷണം തേടി കൊറ്റികള്‍ കൂട്ടത്തോടെ പറന്നെത്തുമായിരുന്നു. വിഷുപ്പക്ഷിയുടെ വിളികളും കാലികളെ തെളിക്കുന്ന കര്‍ഷകരുടെ താരസ്വരവും കാതിന് ഇമ്പമേകുകയും ചെയ്യും. വിഷുഫലം പറയാന്‍ ജ്യോത്സ്യന്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുന്ന കാലമുണ്ടായിരുന്നു.
സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്‌ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പാണ്. മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു വിഷുവിന്റെ ഉദ്ഭവം. രാത്രിയും പകലും തുല്യമായി വേര്‍തിരിയുന്ന സമയം വിഷുവല്‍ പുണ്യകാലം. വിഷുവല്‍ എന്നാല്‍ തുല്യത അഥവ സമത്വം. വടക്കേ ഇന്ത്യയില്‍ യുഗാദി ആയാണു വിഷു ആഘോഷിക്കുന്നത്. കണക്കുകൂട്ടലിലെ വ്യത്യാസം മൂലം ദിവസത്തില്‍ മാറ്റം വരാറുണ്ടെന്നു മാത്രം. കേരളത്തില്‍ മേടം ഒന്ന് അല്ലെങ്കില്‍ രണ്ട് ആണു വിഷുദിനം. സംക്രമം, ഒന്നാം തീയതി ഉദയത്തിനു ശേഷമായാല്‍ വിഷു രണ്ടാം തീയതിയിലേക്കു മാറും. കൊല്ലവര്‍ഷാരംഭത്തിനു മുന്‍പു കേരളത്തില്‍ മേടം ഒന്നാണു പുതുവര്‍ഷ ദിനമായി കണക്കാക്കിയിരുന്നത്. അതിനാല്‍ വിഷു പുതുവല്‍സര ദിനവുമായിരുന്നു.
അവരവരുടെ ഇഷ്ടദേവതയെ കണികാണാം. അതില്‍ തെറ്റൊന്നുമില്ല. എങ്കിലും, കണിയോടൊപ്പം സാധാരണ, ഉണ്ണിക്കണ്ണന്റെ വിഗ്രഹം വയ്‌ക്കുന്നത് ആ ദേവസങ്കല്‍പവുമായി ഭക്തര്‍ക്കുള്ള മാനസിക ഐക്യം കൊണ്ടായിരിക്കാം. മനസ്സിനു കുളിര്‍മയും ഉന്‍മേഷവും പകരുന്ന രൂപമാണു ശ്രീകൃഷ്ണന്റേത്. പ്രസന്നതയുടെയും പ്രസരിപ്പിന്റെയും മൂര്‍ത്തരൂപമായ കൃഷ്ണന്‍, പ്രതിബന്ധങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട അവതാരമാണ്. ആ രൂപം, കര്‍മ മണ്ഡലത്തില്‍ ഏവര്‍ക്കും എന്നും ഊര്‍ജം പകരും. ഊര്‍ജമാണല്ലോ പ്രപഞ്ചസങ്കല്‍പത്തിന്റെ അടിത്തറ. ആ ഊര്‍ജത്തിന്റെ പ്രതീകമാണു തൊട്ടടുത്തു തെളിഞ്ഞു കത്തുന്ന നിലവിളക്ക്. ഐശ്വര്യത്തിന്റെ പ്രതീകവുമാണത്. നിലവിളക്കിനു സമീപം ചിരിതൂകി നല്‍ക്കുന്ന കൃഷ്ണനു മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ കണിയൊരുക്കാം. കണിക്കൊന്നപ്പൂവ്, കണിവെള്ളരിക്ക, സ്വര്‍ണം, വസ്ത്രം, നെല്ല്, ഉണക്കലരി, ജലം എന്നിവയ്‌ക്കൊപ്പം നാളികേരം, ചക്ക, മാങ്ങ തുടങ്ങി വിവിധ ഫലങ്ങളും കണിക്കു പ്രധാനമാണ്. താളിയോലഗ്രന്ഥം, പണിയായുധങ്ങള്‍, തൂലിക, വാല്‍ക്കണ്ണാടി, ചെപ്പ് തുടങ്ങിയവയും സമ്പ്രദായ ഭേദവും പ്രാദേശിക ഭേദവുമനുസരിച്ച് ഒരുക്കില്‍ ചേര്‍ത്തുകാണാറുണ്ട്. കണിയൊരുക്കിനു പ്രത്യേക ചിട്ട പറയാനില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലയ്‌ക്ക് അനുസരിച്ച് ഒരുക്കാം. മനസ്സാണു പ്രധാനം. ആര്‍ഭാടമല്ല, ലാളിത്യവും സമര്‍പ്പണ ഭാവവും സാംസ്‌കാരികത്തനിമയുമാണ് അതിന് അലങ്കാരം.
വിലകൂടിയ വസ്തുവായതുകൊണ്ടല്ല സ്വര്‍ണത്തിനു പ്രാധാന്യം കൈവരുന്നത്. സംശുദ്ധമായ ലോഹമായതു കൊണ്ടാണ്. ദേവകാര്യങ്ങള്‍ക്ക് ഏറ്റവും ഉത്തമമത്രെ സ്വര്‍ണം. പ്രകൃതിക്കു ഗംഗാമാതാവിന്റെ സംഭാവനയാണ് സ്വര്‍ണം എന്നു പുരാണങ്ങളില്‍ സൂചനയുണ്ട്. ഹിമവല്‍ സാനുക്കളില്‍ ഗംഗ നിക്ഷേപിച്ച അമൂല്യമായ ധാതുസമ്പത്തില്‍ ആദ്യത്തേതും ഏറ്റവും ഉത്തമമായതും സ്വര്‍ണമത്രെ. വെള്ളി, ചെമ്പ്, നാകം തുടങ്ങിയവ പിന്നാലെ വന്നു. പക്ഷേ, ഗംഗയും പ്രകൃതിയും നമുക്കു തന്ന ഏറ്റവും അമൂല്യമായ സമ്പത്തു ജലമാണ്. മണ്ണില്‍ പൊന്നുവിളയിക്കുക എന്നു പറയാറുണ്ടല്ലോ. ആ പൊന്നാണു കാര്‍ഷികോല്‍പന്നങ്ങള്‍. മനുഷ്യന്റെ അധ്വാനവും പ്രകൃതി തരുന്ന ജലവും ധാതുസമ്പത്തും സമന്വയിക്കുമ്പോഴുണ്ടാകുന്ന ഉല്‍പന്നമാണു മണ്ണിലെ പൊന്ന്. അതിനെ അറിഞ്ഞ് ആദരിക്കാന്‍ കണിപ്പാത്രത്തില്‍ നാം ഫലങ്ങളും ധാന്യവും ജലവും വയ്‌ക്കുന്നു.
കണികണ്ടുണര്‍ന്നാല്‍ കൈനീട്ടം വാങ്ങാം. കാരണവരുടെ കയ്യില്‍ നിന്നാകട്ടെ ആദ്യ കൈനീട്ടം. കണിക്കൊന്നപ്പൂവ്, നെല്ല്, അരി, നാണയം, സ്വര്‍ണം, കണിവെള്ളരിക്ക, നാളികേരം എന്നിവ ക്രമത്തില്‍ ഇരുകയ്യിലുമായി വാങ്ങണം. ഇതിനും സമ്പ്രദായ ഭേദങ്ങളുണ്ടാകാം. ഒരു പൂവ് മാത്രമായാലും കൈനീട്ടമായി. കൊടുക്കുന്നവരുടേയും വാങ്ങുന്നവരുടേയും മനസ്സും തൃപ്തിയുമാണ് പ്രധാനം. കൈനീട്ടം വങ്ങുന്നതോടെ വിഷുദിനത്തിലേക്കു നമ്മള്‍ കാല്‍വച്ചു കഴിഞ്ഞു. ഇനി പ്രവൃത്തിമണ്ഡലത്തിലേക്കു കടക്കാം. വളര്‍ത്തു മൃഗങ്ങളെ കണി കാണിച്ച് കര്‍ഷകര്‍ ഉഴുവു കാളകളുമായി പാടത്തിറങ്ങുകയാണു പതിവ്. മറ്റുള്ളവര്‍ക്ക് അവരവരുടെ പ്രവൃത്തി മണ്ഡലങ്ങളില്‍ വ്യാപൃതരാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: