കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്ററുകളോട് (സിഎസ്സി) കേരള സര്‍ക്കാര്‍ തുടരുന്നത് തികഞ്ഞ അവഗണന. സിഎസ്സി സെന്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളായ പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ജീവന് പ്രമാണ് (ലൈഫ് സര്‍ട്ടിഫിക്കറ്റ്) പിഎംജി ദിശ തുടങ്ങിയ മുന്നൂറിലധികം സേവനങ്ങള്‍ നല്‍കുന്നത്.
കൂടാതെ വാഹന്‍, സാരഥി തുടങ്ങിയവയുടെയും അംഗീകൃത സേവന ദാതാക്കളാണ് സിഎസ്സി ഡിജിറ്റല്‍ സേവ സെന്ററുകള്‍. ഇത്രയേറെ സേവനങ്ങള്‍ നല്കുന്ന സിഎസ്സി സെന്ററുകളെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്.
പെന്ഷന് മസ്റ്ററിങ് നടത്തുന്നതിനുള്ള അനുമതി അക്ഷയകേന്ദ്രങ്ങള്‍ക്കു മാത്രമായി ചുരുക്കിയത് വിവേചനമാണെന്ന് സിഎസ്സി ഉടമകള്‍ ആരോപിക്കുന്നു. സിഎസ്സി സെന്ററുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നല്ല പ്രോത്സാഹനം ലഭിക്കുമ്പോള്‍ കേരളത്തില്‍ വ്യാജപ്രചരണവും അവഗണനയുമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. 47 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് നടത്തുന്നതിന് 2500ത്തോളം മാത്രം വരുന്ന അക്ഷയ കേന്ദ്രങ്ങളാണുള്ളത്. ഇതിനാല്‍ വലിയ തിരക്കാണ് അക്ഷയ കേന്ദ്രങ്ങളിലുള്ളത്.
ഇതുകൂടാതെ പ്രായം ചെന്നവരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുകയും വേണം. തിരക്കു കാരണം വീടുകളിലെത്തിയുള്ള മസ്റ്ററിങ് പലപ്പോഴും നടക്കാറില്ല. ഇത് സേവനം നഷ്ടപ്പെടുന്നതിനും പലരുടെയും ആനുകൂല്യം ലഭ്യമാകുന്നതിനുള്ള കാലതാമസത്തിനും കാരണമാകുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ കേരളത്തില്‍ 7000ത്തോളം സിഎസ്സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെക്കൂടി പെന്ഷന് മസ്റ്ററിങ് ഏല്‍പ്പിച്ചാല്‍ വളരെ വേഗം തിരക്കുകുറഞ്ഞ രീതിയില്‍ കൂടുതല്‍ പേര്‍ക്ക് മസ്റ്ററിങ് നടത്താന്‍ കഴിയും. സിഎസ്സികള്‍ ബാങ്കിങ് സേവനം
ചെയ്യുന്നതിന് ബയോമെട്രിക്ക് ഉപയോഗിക്കുന്നതിനാല്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള എല്ലാവിധ ഉപകരണങ്ങളും സ്ഥല സൗകര്യവും ഓരോ സിഎസ്സികളിലുമുണ്ട്.
നിലവില്‍ സിഎസ്സികള്‍ക്ക് മുന്നൂറിലധികം സേവനങ്ങള്‍ ലഭ്യമാക്കാന്‍ അധികാരമുണ്ട്. ഇത് അഗ്രികള്‍ച്ചര്‍, ഡിജി പേ, ബാങ്കിങ്, ഇന്‍ഷുറന്‍സ് മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം, നിയമം തുടങ്ങിയമേഖലകളിലും സേവനങ്ങള്‍ നല്കുന്നു. അടുത്തിടെ, ഗ്രാമപഞ്ചായത്ത് തലത്തിലും സിഎസ്സികള്‍ വഴി വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, ഇ വാഹന്‍, സിസിടി എന്‍എസ് പദ്ധതിക്ക് കീഴിലുള്ള പോലീസുമായി ബന്ധപ്പെട്ട സേവനങ്ങളുടെ സംയോജനത്തിനും തുടക്കമിട്ടു. ഇ ശ്രം പോര്‍ട്ടലിലൂടെ എന്ഡിയുഡബ്ല്യു തയാറാക്കുന്നതിനുള്ള പ്രിന്‍സിപ്പല്‍ രജിസ്ട്രേഷന് ഏജന്‍സിയായും സിഎസ്സി സെന്ററുകളെ തിരഞ്ഞെടുത്തു.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം സിഎസ്സിയെ മാറ്റിനിര്‍ത്തി അക്ഷയയ്ക്ക് മാത്രമായി മസ്റ്ററിങ് നടത്തുന്നതിനുള്ള അനുമതി നല്കിയതും പബ്ലിക്ക് ലോഗിന്‍ എടുത്ത് മാറ്റിയതും അക്ഷയ സെന്ററുകളെ അനധികൃതമായി സഹായിക്കുന്നതിനാണെന്ന ആരോപണവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: