സുശക്തവും സുദൃഢവുമായ ഭരണഘടനയിലൂടെ ഭാരതജനതയെ സമഭാവനയോടെ ദര്‍ശിക്കാന്‍ പ്രേരണയേകിയ ക്രാന്തദര്‍ശിയായിരുന്നു ഭരണഘടനാ ശില്പി ഡോ.ബി.ആര്‍.അംബേദ്കര്‍. അദ്ദേഹത്തിന്റെ 132-ാം ജന്മദിനമാണ് ഇന്ന്. അംബേദ്കറോളം ചര്‍ച്ച ചെയ്യപ്പെട്ട, ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു വ്യക്തി സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വേറെയുണ്ടോ എന്നും സംശയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാഗധേയം അടിസ്ഥാനപരമായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നത് ഭരണഘടനയിലൂന്നിയാണ്.
ഉച്ചനീചത്വങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം, 1891 ഏപ്രില്‍ 14ന്. മധ്യപ്രദേശിലെ മെഹോവില്‍ താഴ്ന്ന ജാതിക്കാരായ മഹാര്‍ വിഭാഗത്തില്‍പ്പെട്ട റാംജി സക്പാലും ഭീമ ഭായിയുമായിരുന്നു മാതാപിതാക്കള്‍. അയിത്തത്തിന്റെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ ബാല്യ കൗമാരങ്ങള്‍ അദ്ദേഹത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1913 ല്‍ ബറോഡ മഹാരാജാവ് കൊളംബിയ സര്‍വകലാശാലയില്‍ പഠിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കി. വിദ്യാഭ്യാസ മേഖലയിലെ എല്ലാ റെക്കോഡുകളും ഭേദിച്ചുകൊണ്ടായിരുന്നു അംബേദ്കറിന്റെ പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. പിന്നീട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നു. ഡോക്ടറേറ്റ് നേടി. 1913 മുതല്‍ 17 വരേയും 1920 മുതല്‍ 23 വരേയും അദ്ദേഹം വിദേശത്ത് തുടര്‍ന്നു.
1923 ഏപ്രിലില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. സമൂഹത്തിലെ അസ്പൃശ്യരായ ജനതയുടെ ഉന്നമനം ലക്ഷ്യമാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയിലെ രാഷ്‌ട്രീയ സാഹചര്യം കാര്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ സമയമായിരുന്നു അത്. സ്വാതന്ത്ര്യസമരം ശക്തമായി. ദേശസ്നേഹത്താല്‍ അംബേദ്കര്‍ ജ്വലിച്ചുയര്‍ന്നു. അതോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവരുടേയും സ്ത്രീകളുടേയും ദരിദ്രരുടേയും മുന്നണിപ്പോരാളിയായി നിന്നും പ്രവര്‍ത്തിച്ചു.
1923ല്‍, അധഃസ്ഥിതര്‍ക്കിടയില്‍ വിദ്യാഭ്യാസവും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ഉചിതമായ വേദികളില്‍ ഉന്നയിക്കുന്നതിനും അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി അദ്ദേഹം ‘ബഹിഷ്‌കൃത് ഹിതകാരിണി സഭ’ സ്ഥാപിച്ചു. അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മറികടക്കാന്‍ പ്രയാസമുള്ളതുമായിരുന്നു. ക്ഷേത്രങ്ങളില്‍ അവരുടെ പ്രവേശനം നിരോധിച്ചു. പൊതുകിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും വെള്ളമെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഏക പൊതുടാങ്കായ ചൗദാര്‍ ടാങ്കില്‍നിന്ന് വെള്ളമെടുക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ 1927-ല്‍ ഇവിടേക്ക് അംബേദ്കര്‍ മഹദ് മാര്‍ച്ച് നയിച്ചു. 1930-ല്‍ നാസിക്കിലെ കളറാം ക്ഷേത്രത്തില്‍ ആരംഭിച്ച ക്ഷേത്രപ്രവേശന സമരം മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലാണ്. ഇത്തരത്തില്‍ നിരവധി സമരങ്ങള്‍ അധഃസ്ഥിതര്‍ക്കുവേണ്ടി അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു.
ലണ്ടനില്‍ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും അംബേദ്കര്‍ പങ്കെടുത്തു. ഓരോ തവണയും അയിത്തത്തിന് ഇരയായവരുടെ താല്‍പ്പര്യങ്ങള്‍ക്കായി തന്റെ വീക്ഷണങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാട്ടി. അധഃസ്ഥിത വിഭാഗങ്ങളെ അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും കഴിയുന്നത്ര രാഷ്‌ട്രീയ അധികാരം നേടാനും അദ്ദേഹം പ്രേരിപ്പിച്ചു. 1936 ആഗസ്റ്റില്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. തൊഴിലാളികളുടെ ക്ഷേമമായിരുന്നു ലക്ഷ്യം. 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അംബേദ്കര്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയായി. ഹിന്ദു കോഡ് ബില്ലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് സര്‍ക്കാരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ചു. ഭരണഘടന നിര്‍മാണവുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി അംബേദ്കറെ തെരഞ്ഞെടുത്തു. ഇന്ത്യ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച കാലഘട്ടം കൂടിയാരുന്നു അത്. 1948-ന്റെ തുടക്കത്തില്‍ ഡോ. അംബേദ്കര്‍ ഭരണഘടനയുടെ കരട് പൂര്‍ത്തിയാക്കി ഭരണഘടനാ അസംബ്ലിയില്‍ അവതരിപ്പിച്ചു. 1949 നവംബറില്‍, ഈ കരട് വളരെ കുറച്ച് ഭേദഗതികളോടെ അംഗീകരിച്ചു. അധഃസ്ഥിതരോടുള്ള മനോഭാവത്തില്‍ അന്നും കാര്യമായ മാറ്റങ്ങള്‍ പ്രകടമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് ദീര്‍ഘദര്‍ശിയായ അംബേദ്കര്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാക്കാന്‍ ഭരണഘടനയില്‍ നിരവധി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. അതോടൊപ്പം തന്നെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അനുശാസിക്കുന്ന അന്തസും ഐക്യവും സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തി. സാമൂഹിക നീതി എന്നത് പരമാവധി ആളുകള്‍ക്ക് പരമാവധി സന്തോഷം എന്നാതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ജനാധിപത്യ സംവിധാനത്തില്‍ ഉചിതമായ പരിശോധനകളും സന്തുലിതാവസ്ഥയും ഉണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ മൂന്ന് വിഭാഗങ്ങളും പരസ്പരം ഉത്തരവാദിത്തത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന്‍, സാമൂഹ്യശാസ്ത്രജ്ഞന്‍, നരവംശശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം മികവുറ്റ സംഭാവനകള്‍ നല്‍കി. 1956 ഡിസംബര്‍ ആറിന് അംബേദ്കര്‍ അന്തരിച്ചു.
അര്‍ഹമായ ആദരം നല്‍കി മോദി സര്‍ക്കാര്‍
ദേശീയ ചിന്താധാരയായിരുന്നു അംബേദ്കറുടെ ജീവിതത്തിന്റെ കാതല്‍. ദേശീയതയില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കിയതാവട്ടെ എന്‍ഡിഎ സര്‍ക്കാരും. വാജ്‌പേയിയുടെയും അദ്വാനിയുടെയും സമ്മര്‍ദത്താലാണ് വി.പി. സിംഗിന്റെ സര്‍ക്കാര്‍ ഭാരത രത്‌ന നല്‍കി അംബേദ്കറെ ആദരിച്ചതുപോലും. അന്താരാഷ്‌ട്ര അംബേദ്കര്‍ ഫൗണ്ടേഷന്‍ എന്ന ആശയത്തെ പ്രവര്‍ത്തിപഥത്തിലെത്തിച്ചതാവട്ടെ നരേന്ദ്രമോദിയും. 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ. അംബേദ്കര്‍ അന്താരാഷ്‌ട്ര ഫൗണ്ടേഷന് തറക്കല്ലിട്ടു. 2017 ഡിസംബറില്‍ മോദി തന്നെ ഉദ്ഘാടനവും ചെയ്തു. ദല്‍ഹിയിലെ 15 ജനപഥില്‍ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നിരവധി സേവനപ്രവര്‍ത്തനങ്ങളും നടത്തുന്നു. അംബേദ്കറെന്ന മഹത് വ്യക്തിയുടെ ആശയങ്ങള്‍ വരുംതലമുറയിലേക്കും പകര്‍ന്നു നല്‍കുന്നതിനായി അംബേദ്കറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളെ ‘പഞ്ചതീര്‍ത്ഥ്’ എന്ന പേരില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി നാമകരണം ചെയ്തു. അംബേദ്കറുടെ മെഹോവിലെ ജന്മസ്ഥലം, അദ്ദേഹത്തിന്റെ പഠനസ്ഥലമായ ലണ്ടനിലെ ശിക്ഷാഭൂമി, നാഗ്പൂരിലെ ദീക്ഷാഭൂമി, മുംബെയിലെ ചൈത്യഭൂമി, ദല്‍ഹിയിലെ മഹാപരിനിര്‍വ്വാണ്‍ ഭൂമി എന്നിവയെ പഞ്ചതീര്‍ത്ഥങ്ങളായി പ്രഖ്യാപിച്ച് ആദരിച്ചതും മോദി സര്‍ക്കാരാണ്.
2015 മുതലാണ് നവംബര്‍ 26 ഭരണഘടനാദിനമായി പ്രഖ്യാപിക്കപ്പെട്ടത്. അംബേദ്കറുടെ 125-ാം ജന്മദിനത്തിലായിരുന്നു ഇത്. അന്നുതന്നെ അംബേദ്കറോടുള്ള ആദരസൂചകമായി 10ന്റെയും 125ന്റെയും രൂപയുടെ നാണയങ്ങളും പുറത്തിറക്കി. അദ്ദേഹത്തിന്റെ 125-ാം ജന്മദിനമായ 2016 ഏപ്രില്‍ 14ന് മോദി ജന്മസ്ഥലമായ മെഹോ സന്ദര്‍ശിച്ചു. ആ സന്ദര്‍ശനവും ചരിത്രപരമായിരുന്നു. 1921-22 ല്‍ അദ്ദേഹം താമസിച്ചിരുന്ന ലണ്ടനിലെ ദി 10 കിംഗ് ഹെന്റീസ് റോഡ് കാംഡനിലെ വീട് 2015ല്‍ മഹാരാഷ്‌ട്രയിലെ ബിജെപി. സര്‍ക്കാര്‍ വാങ്ങി സ്മാരകമാക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി 2015 നവംബറില്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 800 കോടി മുടക്കിയാണ് സ്മാരകമാക്കയത്. അംബേദ്കറുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ മുംബെയിലെ ചൈത്യഭൂമിയും സ്മാരകമാക്കി. 2015 ഒക്ടോബര്‍ 11 ന് നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ വച്ചാണ് അംബേദ്കര്‍ 1956 ഒക്ടോബര്‍ 14 ന് ബുദ്ധമതം സ്വീകരിച്ചത്. ഈ ഓര്‍മ നിലനിര്‍ത്തുന്നതിനായി ബുദ്ധ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മിച്ച സ്മാരകമിന്ന് എ ക്ലാസ് വിനോദ സഞ്ചാരകേന്ദ്രമാണ്. 1956 ഡിസംബര്‍ 6ന് സിറോഹി മഹാരാജയുടെ ഉടമസ്ഥതയിലുള്ള ദല്‍ഹിയിലെ 26 ആലിപൂര്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു അംബേദ്കര്‍ അന്തരിച്ചത്. ആ ഭവനം ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയല്‍ സ്മാരകമായാണ് ഇന്ന് പരിപാലിക്കുന്നത്. അംബേദ്കറുടെ സ്മരണ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ദര്‍ശനങ്ങളും സാക്ഷാത്കരിക്കുകയാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: