ഒരു ഇടവേളയ്ക്കുശേഷം രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ വീണ്ടും ഗുരുതരമായ പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുകയാണ്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സച്ചിന് പൈലറ്റ് ഒരിക്കല്‍ക്കൂടി രംഗത്തുവന്നതാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം തള്ളി സച്ചിന് നടത്തിയ ഉപവാസ സമരം സ്ഥിതിഗതികളെ വഷളാക്കിയിരിക്കുന്നു. ഗെഹ്ലോട്ടിനൊപ്പം നിലയുറപ്പിച്ച് സര്‍ക്കാരിനെ രക്ഷിക്കാനും, പൈലറ്റിനെ അനുനയിപ്പിക്കാനുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിക്കുന്നത്. ഏറെ ശ്രമകരമായ ഈ ദൗത്യം ഫലം കാണുമെന്ന് പറയാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരില്‍ ഒരു നേതൃമാറ്റമുണ്ടായില്ലെങ്കില്‍ തന്റെ രാഷ്ട്രീയഭാവിക്ക് മങ്ങലേല്‍ക്കുമെന്ന് തിരിച്ചറിഞ്ഞാണ് സച്ചിന് പൈലറ്റ് വീണ്ടും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസ്സിന് ഭരണസാധ്യതയില്ലാത്തതിനാല്‍ അങ്ങോട്ടു നോക്കിയിട്ട് കാര്യമില്ലെന്നും, സംസ്ഥാന രാഷ്ട്രീയത്തെ ആശ്രയിച്ചാണ് തന്റെ നിലനില്‍പ്പെന്നും സച്ചിന് നന്നായറിയാം. ഒന്നിലധികം തവണ മുഖ്യമന്ത്രിയായ ഗെഹ്ലോട്ടിനെ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലൂടെ മാറ്റിനിര്‍ത്താനുള്ള തന്ത്രമാണ് സച്ചിന് പ്രയോഗിക്കുന്നത്. ഹൈക്കമാന്റിനെ വരുതിയിലാക്കി കാര്യം കാണാനാണ് ഇരുവരും നോക്കുന്നതെങ്കിലും അത് വിജയിച്ചില്ലെങ്കില്‍ അനന്തരഫലം പ്രവചനാതീതമായിരിക്കും. ഈ ഭയം കോണ്‍ഗ്രസ്സ് നേതൃത്വത്തെ വേട്ടയാടുകയാണ്.
യഥാര്‍ത്ഥത്തില്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സോണിയ കുടുംബത്തിന്റെ സൃഷ്ടിയാണ്. കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാക്കുന്നതില്‍ സച്ചിന് വലിയ പങ്കുവഹിച്ചു. സച്ചിന് മുഖ്യമന്ത്രിയാകുമെന്നാണ് പൊതുവെ കരുതിയിരുന്നതെങ്കിലും ഗെഹ്ലോട്ട് ഈ സാധ്യത അട്ടിമറിക്കുകയായിരുന്നു. സച്ചിന് മുഖ്യമന്ത്രിയാവണമെന്ന പക്ഷക്കാരനായിരുന്നു രാഹുലെങ്കിലും പ്രിയങ്ക വാദ്ര വട്ടംകയറി നിന്നതാണത്രേ പ്രശ്നമായത്. സച്ചിന് മുഖ്യമന്ത്രിയായാല്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ രാജസ്ഥാനില്‍ നടന്നിട്ടുള്ള ഭൂമിയിടപാടു കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയില്ലെന്നും, അതിന് ‘പരിചയസമ്പന്നനായ’ ഗെഹ്ലോട്ട് തന്നെ വേണമെന്നും പ്രിയങ്ക നിലപാടെടുത്തു. സച്ചിന്റെ പിതാവായിരുന്ന രാജേഷ് പൈലറ്റ് പാര്‍ട്ടിയില്‍ സോണിയക്കെതിരെ കലാപക്കൊടി ഉയര്‍ത്തി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു എന്ന ഒരു പശ്ചാത്തലവുമുണ്ടല്ലോ. ഇതൊക്കെ പാര്‍ട്ടിയിലെ താപ്പാനയായി അറിയപ്പെടുന്ന ഗെഹ്ലോട്ടിന് അനുകൂലമാക്കി. തല്ക്കാലം സച്ചിന് പിന്മാറുകയായിരുന്നു. അനുകൂലമായ അവസരം വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നു പറഞ്ഞാണ് സോണിയാ കുടുംബം സച്ചിനെ അനുനയിപ്പിച്ചത്. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ഇത് സംഭവിക്കാതെ പോയതോടെ തനിക്കൊപ്പമുള്ള എംഎല്‍എമാരെ അണിനിരത്തി സര്‍ക്കാരില്‍ നേതൃമാറ്റം ആവശ്യപ്പെടുകയാണ് സച്ചിന് ചെയ്തത്. അധികാരത്തിന്റെ ബലത്തില്‍ ഈ കലാപത്തെയും ഗെഹ്ലോട്ട് അതിജീവിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് ‘തെരഞ്ഞെടുപ്പ്’ വന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ ഒരു അധികാര കൈമാറ്റത്തിന് ഹൈക്കമാന്റ് ശ്രമം നടത്തി. ഗെഹ്ലോട്ടിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കാനാണ് നോക്കിയത്. എന്നാല്‍ തന്ത്രശാലിയായ ഗെഹ്ലോട്ട് ഈ കെണിയില്‍ വീണില്ല. അധ്യക്ഷനാവാം, പക്ഷേ താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്ലോട്ട് നിര്‍ദ്ദേശിച്ചതോടെ തന്ത്രം പൊളിഞ്ഞു. അധ്യക്ഷപദവിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിഷ്ഠിക്കുകയും ചെയ്തു. തനിക്കൊപ്പം നില്ക്കുന്ന ബഹുഭൂരിപക്ഷം എംഎല്‍എമാരെയും അണിനിരത്തി ഗെഹ്ലോട്ട് ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ താഴെയിറക്കാമെന്ന മോഹം വേണ്ടെന്ന് ഇടക്കിടെ ഹൈക്കമാന്റിനെ അറിയിക്കാനും ഗെഹ്ലോട്ട് മറന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സച്ചിന് പൈലറ്റിന്റെ രംഗപ്രവേശം. കോണ്‍ഗ്രസ്സില്‍ ആരൊക്കെ എന്തൊക്കെ സ്ഥാനങ്ങള്‍ വഹിക്കണം എന്നു തീരുമാനിക്കുന്നത് സോണിയാ കുടുംബമാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരും ഇതിലുള്‍പ്പെടുന്നു. ഏതു വഴിയിലാണെങ്കിലും ആര് സോണിയാ കുടുംബത്തിന്റെ പ്രീതി നേടുന്നുവോ അവര്‍ക്ക് നറുക്കുവീഴും. ജനാധിപത്യം തൊട്ടുതെറിക്കാത്ത ഈ അധികാരരാഷ്ട്രീയത്തിന്റെ പരിമിതിയാണ് രാജസ്ഥാനില്‍ പ്രകടമാവുന്നത്. ഇന്നലെ അത് പഞ്ചാബായിരുന്നു. നാളെ കേരളത്തിലും ഇത് സംഭവിക്കാം. ഗെഹ്ലോട്ടുമാരും സച്ചിന് പൈലറ്റുമാരും എത്ര വേണമെങ്കിലും ഇവിടെയുണ്ട്. കേന്ദ്രഭരണം ഇല്ലാത്തതിനാല്‍ അധികാരമോഹികളെ കുടിയിരുത്താനും കഴിയുന്നില്ല. കോണ്‍ഗ്രസ്സ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: