മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് മികച്ച ജയം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ തകര്‍ത്തു.
വിജയികള്‍ക്കായി 21-ാം മിനിറ്റില്‍ സൂപ്പര്‍താരം കരിം ബെന്‍സേമയും, 74-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ ചെല്‍സിയുടെ ബെന്‍ ചില്‍വെല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും റയലിനായിരുന്നു മുന്‍തൂക്കം. കളിയില്‍ അവര്‍ പായിച്ച 18 ഷോട്ടുകളില്‍ പത്തെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നുവെങ്കിലും രണ്ടെണ്ണമാണ് വലയില്‍ കയറിയത്.
ഗോളിയുടെ മികച്ച പ്രകടനമാണ് ചെല്‍സിയെ വന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. അതേസമയം മൂന്ന് ഷോട്ടുകള്‍ ചെല്‍സി താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് പായിച്ചെങ്കിലും റയല്‍ ഗോളി തിബോട്ട് കുര്‍ട്ടോയിസിനെ കീഴടക്കാനായില്ല. ജാവോ ഫെലിക്്‌സിന്റെയും റഹിം സ്റ്റെര്‍ലിങ്ങിന്റെയും ഗോളുന്നുറച്ച ഷോട്ടുകള്‍ കുര്‍ട്ടോയിസ് തട്ടിയകറ്റി.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ എന്‍ഗൊളെ കാന്റെയുടെ പാസ് സ്വീകരിച്ച് ചെല്‍സിയുടെ ജാവോ ഫെലിക്‌സ് പായിച്ച ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. 12-ാം മിനിറ്റില്‍ റയലിന്റെ കരിം ബെന്‍സേമയുടെ ഷോട്ട് ചെല്‍സി ഗോളിയും രക്ഷപ്പെടുത്തി. 21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് ചെല്‍സി ഗോളി തട്ടിയിട്ടെങ്കിലും പന്ത് കിട്ടിയത് ബെന്‍സേമയ്‌ക്ക്. ബെന്‍സേമ അനായാസം പന്ത് വലയിലെത്തിച്ചു.
തൊട്ടുപിന്നാലെ സമനില ഗോള്‍ നേടാന്‍ ചെല്‍സിക്ക് അവസരം ലഭിച്ചെങ്കിലും സെറ്റര്‍ലിങ്ങിനെ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. 34-ാം മിനിറ്റില്‍ റോഡ്രിഗോയും രണ്ട് മിനിറ്റിനുശേഷം ബെന്‍സേമയും 40-ാം മിനിറ്റില്‍ ഡേവിഡ് അലാബയും പിന്നീട് ഫെഡറികോ വാല്‍വെര്‍ഡെയും പായിച്ച ഷോട്ടുകള്‍ ചെല്‍സി ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതിയില്‍ റയല്‍ 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോള്‍ നേടാന്‍ ചെല്‍സിക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും ജാവോ ഫെലിക്‌സിന്റെ വലംകാല്‍ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 74-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. വിനീഷ്യസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് മാര്‍കോ അസെന്‍സിയോ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ പതിച്ചത്.
അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനായി ചെല്‍സി മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം റയല്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നതോടെ വിജയം റയലിനൊപ്പമായി. രണ്ടാം പാദ മത്സരം ചൊവ്വാഴ്ച രാത്രി നടക്കും. ഈ കളിയില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ചെല്‍സിക്ക് സെമിയിലേക്ക് മുന്നേറാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: