കൊല്ലം: പരിസ്ഥിതിയെ സ്നേഹിക്കുകയെന്ന സന്ദേശത്തോടെ മാതാ അമൃതാനന്ദമയി ദേവി തുടക്കമിട്ട വിഷു തൈനീട്ടം പദ്ധതി ഇക്കുറി ലോകമെമ്പാടുമുള്ള മലയാളികളിലേക്കെത്തും. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ഇക്കുറി വിഷുദിനത്തില്‍ ആഗോളതലത്തില്‍ വൃക്ഷത്തൈ വിതരണം സംഘടിപ്പിക്കുന്നത്.
15ന് വൈകിട്ട് ആറിന് അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയി ദേവി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് വൃക്ഷത്തൈകള്‍ നല്കി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ രാജ്യങ്ങളിലുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ കൂട്ടായ്മകള്‍ വഴിയാണ് വൃക്ഷത്തൈകള്‍ മലയാളികളിലേക്കെത്തിക്കുക. ‘പൊന്നുവിളയും മണ്ണ് തേനൂറും കൂട്’ എന്നതാണ് ഇത്തവണത്തെ സന്ദേശം.
ജി20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സി 20യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ ഒരു ലക്ഷം സീഡ് ബോളുകളും ഈ വര്‍ഷം വിതരണം ചെയ്യുന്നുണ്ട്. എല്ലാവരിലും പ്രകൃതിയോടുള്ള സ്‌നേഹവും ആദരവും വളര്‍ത്തിയെടുക്കുകയാണ് വിഷുത്തൈനീട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
യുവതലമുറയില്‍ പ്രകൃതി സ്നേഹം വളര്‍ത്തിയെടുക്കാനും പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്നതിനുമായി 2015ലാണ് വിഷുത്തൈനീട്ടം പദ്ധതിക്ക് മാതാ അമൃതാനന്ദമയി ദേവി തുടക്കംകുറിച്ചത്.
തുടര്‍ന്നിങ്ങോട്ട് എല്ലാ വര്‍ഷവും പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും കരുതലൊരുക്കുകയെന്ന വേറിട്ട സന്ദേശവുമായി വിഷുത്തൈനീട്ടം മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനപ്രസ്ഥാനമായ അയുദ്ധിന്റെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസുകളിലും വിപുലമായി ആഘോഷിച്ചു വരുന്നുണ്ട്. ഈ വര്‍ഷം ഇത് ആഗോളതലത്തിലേക്കും എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: