കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി. വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുക എന്നത് ഗുരുതരമായ തെറ്റാണെന്ന് കോടതി വ്യക്തമാക്കി. സാധാരണ വാഹനാപകടം എന്ന നിലയില്‍ സംഭവത്തെ കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാമിനും വഫക്കുമെതിരെ 304ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു നേരത്തെ സെഷൻസ് കോടതിയുടെ വിധി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ചായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തനിക്കെതിരായ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇതു സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: