തിരുവനന്തപുരം: ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന രാജസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കെ ടി ജലീല്‍. മുസഌം ചെറുപ്പക്കാര്‍ പ്രതിയായ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ഹിന്ദുത്വ കുഴലൂത്താണെന്നാണ് ജലീല്‍ പറയുന്നത്. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കി സംഘപരിവാറിന് പണി പ്രയാസരഹിതമാക്കികൊടുക്കുന്ന കോണ്‍ഗ്രസിനെ ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കുള്ള തുറന്ന കത്തില്‍ ജലീല്‍ ആവശ്യപ്പെട്ടു.
71 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് ഗുരുതരമായ പരിക്കു പറ്റുകയും ചെയ്ത സ്‌ഫോടനക്കേസില്‍ ശ്ിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാന്‍, മുഹമ്മദ് സര്‍വര്‍ അസ്മി, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി അസാധുവാക്കിയിരുന്നു. അതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതാണ് ജലീലിനെ ചൊടിപ്പിച്ചത്.
‘നാലു പേര്‍ക്ക് രാജസ്ഥാന്‍ ഹൈകോടതി വിധി മറികടന്ന് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ശ്രമിക്കുന്നത് സംഘപരിവാറല്ല, സാക്ഷാല്‍ കോണ്‍ഗ്രസാണ്. ഇതാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയും അവരും തമ്മിലുള്ള വ്യത്യാസമെന്താണ്? മുസ്ലിം സമുദായത്തോട് മുസ്ലിംലീഗിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയ നിരപരാധികളായ നാല് മനുഷ്യര്‍ക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അങ്ങ് മുന്‍കയ്യെടുത്ത് പിന്തിരിപ്പിക്കണം. ഈ റംസാനില്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളോട് മുസ്ലിംലീഗിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും അത്. അങ്ങേക്ക് രാഹുല്‍ ഗാന്ധിയിലുള്ള എല്ലാ സ്വാധീനവും ഇതിനായി ഉപയോഗിക്കണം. അല്ലെങ്കില്‍ പടച്ച തമ്പുരാന്‍ പൊറുക്കില്ല’ എന്നാണ് തങ്ങളോട് ജലീല്‍ ഉപദേശിക്കുന്നത്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന മുസ്‌ളീം വേട്ട ജലീല്‍ ഫേസ് ബുക്കില്‍ അക്കമിട്ട് നിരത്തുന്നുമുണ്ട്. രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് എം എല്‍ എ മാരുണ്ട്. അവര്‍ നിരുപാധികം കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്‍തുണയ്‌ക്കുമ്പോളാണ് കേരളത്തില്‍നിന്നുള്ള സിപിഎം എംഎല്‍എ മുസ്‌ളീം ലീഗിനോട് സഹായം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: