കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ആരോഗ്യമേഖലയില്‍ രാജ്യം വന്‍ കുതിപ്പിലേക്ക്. ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതോടെയാണ് രാജ്യം മുന്നേറ്റം കൈവരിച്ചത്.
2014ന് ശേഷം രാജ്യത്ത് 157 ഗവ. മെഡിക്കല്‍ കോളജുകളാണ് ആരംഭിച്ചത്. ഇവിടങ്ങളില്‍ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. 2014ന് ശേഷം ഗവ. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 96 ശതമാനവും സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 42 ശതമാനവും വര്‍ധനയുണ്ടായി. ആയുഷ്മാന്‍ ഭാരതും ജന്‍ഔഷധിയും വഴി ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങള്‍ക്കുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. ആയുഷ്മാന്‍ ഭാരതിലൂടെ 80,000 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിച്ചത്. 50 കോടിയിലധികം ആളുകള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിച്ചു.
ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കിയത് വഴി 20,000 കോടി രൂപ രോഗികള്‍ക്ക് ലാഭിക്കാനായി. 2023 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 743 ജില്ലകളിലായി 9082 ജന്‍ ഔഷധി കേന്ദ്രങ്ങളാണുള്ളത്. 1759ല്‍പരം മരുന്നുകളും 280തരം ശസ്ത്രക്രിയാ ഉപകരണങ്ങളും പ്രോട്ടീന്‍ പൗഡര്‍, മാള്‍ട്ട്-ബെസ്റ്റ് ഫുഡ് സപ്ലിമെന്റുകള്‍, പ്രോട്ടീന്‍ ബാറുകള്‍, ഇമ്മ്യൂണിറ്റി ബാറുകള്‍, ഗ്ലൂക്കോ മീറ്ററുകള്‍, ഓക്‌സിമീറ്ററുകളും ജന്‍ഔഷധി വഴി ലഭ്യമാണ്.
ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി ജനുവരി 17 വരെയുള്ള കണക്കനുസരിച്ച് 9,26,45,630 ആളുകള്‍ക്ക് ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു. 2,20,195 ഡോക്ടര്‍മാരുടെ സേവനം ഇ-സഞ്ജീവനിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം 15, 465 ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാനായി. രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒപി സര്‍വീസാണിത്. മെഡിക്കല്‍ ഉപകരണ മേഖലയിലും വളര്‍ച്ച പ്രകടമായി. 12 മുതല്‍ 14 ശതമാനം വരെ വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിപണി നാല് ലക്ഷം കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: