ഷഹീന്‍ബാഗ് എന്ന വാക്കിന്റെ അര്‍ത്ഥം പരുന്തുകളുടെ പൂന്തോട്ടമെന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തെക്കന്‍ ദല്‍ഹിയിലെ ഷഹീന് ബാഗിന് ചുറ്റും പരുന്തുകളെപ്പോലെ റോന്തു ചുറ്റുന്നത് ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലുകാരും കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുമാണ്. ദല്‍ഹിയിലെ മറ്റേതെങ്കിലുമൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശം പോലെ മാത്രമായിരുന്ന ഷഹീന്‍ബാഗിന്റെ സ്വഭാവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വരുത്തിയ അപകടകരമായ മാറ്റത്തെപ്പറ്റി ആദ്യ സൂചനകള്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ഐബി ഉദ്യോഗസ്ഥനാണ്. അവിടം ചിലര്‍ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ പരാമര്‍ശം. ഷഹീന്‍ബാഗില്‍ ജീവിക്കുന്ന മരപ്പണിക്കാരനായ ഷാരൂഖ് സെയ്ഫി രണ്ടായിരത്തഞ്ഞൂറ് കിലോമീറ്റര്‍ ട്രെയിനില്‍ സഞ്ചരിച്ച് കോഴിക്കോടെത്തി ട്രെയിനിന് തീവെച്ചു മടങ്ങുന്നതു വരെ എത്തിയിരിക്കുന്നു അന്ന് ആ ഐബി ഉദ്യോഗസ്ഥന് പറഞ്ഞ അപകടകരമായ സ്ഥിതിവിശേഷം.
ദല്‍ഹി നഗര മധ്യത്തില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ മാത്രം അകലെ യമുനാ നദീതീരത്തെ ജനസാന്ദ്രത നിറഞ്ഞ ഒരു കോളനിയാണ് ഷഹീന്‍ബാഗ്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന്, തെക്കന്‍ ദല്‍ഹിയിലെ ഓഖ്ല, ജാമിയാ നഗര്‍ മേഖലയുടെ ഭാഗമാണ് ഷഹീന്‍ബാഗ്. 1980കളിലാണ് ഇവിടേക്ക് ഒരു വിഭാഗം ജനങ്ങളുടെ കുടിയേറ്റം ആരംഭിച്ചതെന്നാണ് രേഖകള്‍. 1.68 കോടിയാണ് ദല്‍ഹിയിലെ ജനസംഖ്യ. ഇതില്‍ 81.68 ശതമാനം ഹിന്ദുക്കളാണ്. 12.86 ശതമാനം മുസ്ലിംകളും(21.59 ലക്ഷം), 1.46 ലക്ഷം ക്രിസ്ത്യാനികളും(ഒരു ശതമാനത്തില്‍ താഴെ) ദല്‍ഹിയിലുണ്ട്. 3.40 ശതമാനമാണ് സിഖ് ജനസംഖ്യ. ഒരു ശതമാനം ജൈനന്മാരും ദല്‍ഹിയില്‍ അധിവസിക്കുന്നു. ഓള്‍ഡ് ദല്‍ഹി മേഖല അടങ്ങുന്ന സെന്‍ട്രല്‍ ദല്‍ഹിയിലും(34ശതമാനം) വടക്കുകിഴക്കന്‍ ദല്‍ഹിയിലും(30 ശതമാനം) ആണ് മുസ്ലിം ജനസംഖ്യ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങള്‍. എന്നാല്‍ എന്തുകൊണ്ട് കിഴക്കന്‍ ദല്‍ഹിയിലെ ഷഹീന്‍ബാഗ് എന്ന ചെറുമേഖല എല്ലായ്പ്പോഴും ചര്‍ച്ചകളില്‍ നിറയുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. നിസാമുദ്ദീനും ജാമിയാമിലിയയും ഷഹീന്‍ബാഗും അടങ്ങുന്ന കിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിം മേഖലകളില്‍ മതമൗലികവാദ സംഘടനകളുടെ സ്വാധീനം ശക്തമാണ് എന്നതാണ് പ്രധാന ഘടകം. അവരില്‍ പലതിനും കേരളവുമായി ചില ബന്ധങ്ങളുമുണ്ട്.
2019 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ് ഷഹീന്‍ബാഗ് ചര്‍ച്ചകളില്‍ നിറയുന്നത്. ഡിസംബര്‍ 11നാണ് പാര്‍ലമെന്റ് പൗരത്വ നിയമഭേദഗതി പാസാക്കുന്നത്. പീഡനം അനുഭവിക്കുന്ന അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബില്‍. എന്നാല്‍ ഇതിനെതിരെ നാലു ദിവസങ്ങള്‍ക്ക് ശേഷം ഷഹീന്‍ബാഗിലെ മുസ്ലിംകള് സമരം ആരംഭിച്ചു. ഇന്ത്യയില്‍ ഇനി മുസ്ലിംകള്ക്ക് പൗരത്വം നല്‍കില്ലെന്ന വ്യാജ പ്രചാരണം നടത്തിയാണ് ഷഹീന്‍ബാഗില്‍ ആളെക്കൂട്ടിയത്. വലിയൊരു വിഭാഗം മാധ്യമങ്ങളും ഈ വ്യാജ പ്രചാരണത്തിന് കൂട്ടുനിന്നു. വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരെ ദല്‍ഹിയിലെ പ്രശസ്ത സര്‍വ്വകലാശാലകളിലെ ഇടത്, മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളും തീവ്ര മുസ്ലിം സംഘടനകളും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തേക്കെത്തിച്ചു. പ്രധാന റോഡ് തടസ്സപ്പെടുത്തി പന്തല്‍ കെട്ടി ആരംഭിച്ച സമരം 2020 മാര്‍ച്ച് അവസാനം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതു വരെ നീണ്ടുനിന്നു. നൂറു ദിവസം നീണ്ടുനിന്ന ഷഹീന്‍ബാഗ് സമരത്തിന്റെ സ്വാധീന ഫലമായി വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടത് ഇരുമതങ്ങളിലുമുള്ള 53 പേരാണ്. വിദേശത്തുനിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനകളാണ് ദല്‍ഹിയെ മൂന്നുവര്‍ഷം മുമ്പ് കലാപത്തില്‍ മുക്കിയത്.
ഷഹീന്‍ബാഗ് സമരത്തിന് പിന്തുണയുമായി സമീപത്തെ ജാമിയാ മിലിയ ഇസ്ലാമിയയിലെ ഇടതു, മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളും ജെഎന്‍യുവിലെ തീവ്ര ഇടത്, മുസ്ലിം സംഘടനകളും സജീവമായി നിലകൊണ്ടിരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ ദേശീയ ആസ്ഥാനത്തുനിന്ന് സമരക്കാര്ക്കാവശ്യമായ ഭക്ഷണ സാധനങ്ങളടക്കം എത്തിക്കൊണ്ടിരുന്നു. പിഎഫ്ഐ, അവര്‍ നിയന്ത്രിക്കുന്ന ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, റിഹാബ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയുടെ ആസ്ഥാനങ്ങളാണ് ഷഹീന്ബാഗിലുണ്ടായിരുന്നത്. പിഎഫ്ഐ ആസ്ഥാനത്തിന് തൊട്ടു മുന്നിലെ പ്രധാന റോഡിലാണ് മുസ്ലിം വനിതകളെ അണിനിരത്തി പന്തല്‍ കെട്ടി ഗതാഗതം തടസ്സപ്പെടുത്തി സമര കേന്ദ്രമാക്കി മാറ്റിയത്. 2020 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി കലാപത്തിന് ഫണ്ട് നല്‍കിയത് പിഎഫ്ഐ ആണെന്ന് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളിലും കോടതികളില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലും വ്യക്തമാക്കുന്നുണ്ട്. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മതകലാപത്തിന് വഴിമരുന്നിട്ടതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
ഷഹീന്‍ബാഗിലെ താമസക്കാരായ ഭൂരിഭാഗം മുസ്ലിംകള്ക്കും പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആഴത്തിലുള്ള അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഒരു എന്‍ജിഒ ആയിട്ടാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ പലരും മനസ്സിലാക്കിയത്. പിഎഫ്ഐയെ നിരോധിച്ച ദിവസം ഈ ഓഫീസുകള്‍ പൂട്ടി ചുമതലക്കാര്‍ മുങ്ങിയിരുന്നു. ഇമാംസ് കൗണ്‍സില്‍ ഓഫീസ് നിലനിന്ന ഷഹീന്‍ബാഗ് എഫ് ബ്ലോക്കിലെ ആളുകളുടേയും അവസ്ഥ ഇതാണ്. പിഎഫ്ഐ എന്ന സംഘടനയെപ്പറ്റി അറിയാമെങ്കിലും ഇത്തരത്തില്‍ പല സഹോദര സംഘടനകളും ഉണ്ടെന്നും അതിലൊന്നാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും ചിലര്‍ക്ക് ധാരണയില്ല. പിഎഫ്ഐ നിരോധനത്തിന് പിന്നാലെ ഈ മേഖലയില്‍ നിന്ന് പത്തോളം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. വടക്കേയിന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ജോലി തേടി ദല്‍ഹിയിലേക്കെത്തിയ നൂറുകണക്കിന് യുവാക്കളെ ഈ മേഖലയില്‍ പിഎഫ്ഐയുടെ സ്വാധീനത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഇവര്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള പരിശീലനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ കോഴിക്കോട് ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി അറസ്റ്റിലായതോടെ കൂടുതല്‍ യുവാക്കള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടാവും എന്ന ആശങ്ക ശക്തമായിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദല്‍ഹി സന്ദര്‍ശനം 2020 ഫെബ്രുവരി 24,25 തീയതികളില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വടക്കു കിഴക്കന്‍ ദല്‍ഹി കേന്ദ്രീകരിച്ച് കലാപ നീക്കങ്ങള്‍ നടക്കുന്നത് എന്നാണ് ഏജന്‍സികളുടെ കണ്ടെത്തല്‍. ഫെബ്രുവരി 23ന് പൊടുന്നനെ വടക്കുകിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിം കേന്ദ്രമായ ജാഫ്രാബാദില്‍ പ്രധാന റോഡ് തടസ്സപ്പെടുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ആരംഭിച്ചു. ഷഹീന്‍ബാഗ് മാതൃകയില്‍ റോഡ് കയ്യേറിയുള്ള സമരത്തിനെതിരെ പ്രദേശവാസികളില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്തെ കലാപത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. റോഡ് തടസ്സപ്പെടുത്തി നടന്ന പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയവര്‍ക്ക് നേരേ വന്‍തോതില്‍ കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. പിറ്റേ ദിവസം യുഎസ് പ്രസിഡന്റ് ദല്‍ഹിയിലെത്തുമ്പോള്‍ രാജ്യതലസ്ഥാനത്ത് കലാപം അരങ്ങേറുക, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹാസ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഈ നീക്കം. കലാപം ആരംഭിച്ച സമയത്താണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ ശര്‍മ്മയെ അതിക്രൂരമായി കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞ സംഭവം പുറത്തുവന്നത്. ആംആദ്മി പാര്‍ട്ടിയുടെ നേതാവും കൗണ്‍സിലറുമായ താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. പോലീസ് കോണ്‍സ്റ്റബിളായ രത്തന്ലാലിനേയും അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. വലിയ തോതില്‍ ആയുധം സംഭരിച്ചുകൊണ്ട് മുന്‍കൂട്ടി തയ്യാറെടുപ്പോടെ ആരംഭിച്ച കലാപമായിരുന്നു വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വലിയ പങ്കും ഈ കലാപത്തിന് പിന്നിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഷഹീന്‍ബാഗ് കേന്ദ്രീകരിച്ചായിരുന്നു പണവും ആയുധങ്ങളും വടക്കുകിഴക്കന്‍ ദല്‍ഹിയിലേക്ക് സമാഹരിക്കപ്പെട്ടതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തലുകള്‍. കഴിഞ്ഞ സപ്തംബറില്‍ പിഎഫ്ഐയുടെ നിരോധത്തിലേക്ക് വഴിവെച്ച ഘടകങ്ങളിലൊന്ന് ദല്‍ഹി കലാപവും ഷഹീന്‍ബാഗിലെ പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വിദേശ ഇടപെടലുകളും തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: