കോഴിക്കോട്: ശ്രീനിധി ഡെക്കാന്റെ ഇരട്ടപ്രഹരത്തില്‍ ബ്ലാസ്റ്റേഴ്സ് വീണു. സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. പതിനേഴാം മിനിറ്റില്‍ നൈജീരിയന്‍ താരം റില്‍വാന്‍ ഹസ്സനും 44-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റനേഡയുമാണ് ശ്രീനിധിക്കായി ഗോള്‍ നേടിയത്.
റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ച ടീമില്‍ അടിമുടി അഴിച്ചുപണിതാണ് കോച്ച് ബ്ലാസ്റ്റേഴ്സ് ടീമിനെ മൈതാനത്തിറക്കിയത്. ഡാനിഷ് ഫറൂഖ്, സഹല്‍, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ടല്‍, വിബിന് മോഹന്‍, അപ്പോസ്തലസ് ജിയാനു എന്നിവര്‍ പുറത്തിരുന്നപ്പോള്‍ ഹോമിപാം, കെ.പി. രാഹുല്‍, ജീക്സണ് സിങ്, ബിദ്യാസാഗര്‍, ലെസ്കോവിച്ച്, കലിയൂഷ്നി, ബ്രെയ്സ് മിരാന്‍ഡ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
കളിയുടെ തുടക്കം മുതല്‍ ശ്രീനിധി താരങ്ങള്‍ക്കായിരുന്നു പന്തിന്മേല് ആധിപത്യം. നല്ല മുന്നേറ്റങ്ങളുമായി അവര്‍ കളം നിറഞ്ഞപ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പലപ്പോഴും കാഴ്ചക്കാരായി. ഏഴാം മിനിറ്റില്‍ ശ്രീനിധിക്ക് ലഭിച്ച ഫ്രീ കിക്ക് എടുത്തത് ഫയ്സല്‍ ഷെയ്സ്സ്തെ. താരത്തിന്റെ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയെങ്കിലും സഹതാരങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത്രണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മുന്നേറ്റം. ഇടതു പാര്‍ശ്വത്തില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം ബ്രെയ്സ് മിറാന്‍ഡ പോസ്റ്റിന് മുന്നിലേക്ക് നല്കിയ പാസ് രാഹുലിന് കണക്ട് ചെയ്യാനായില്ല.
പതിനേഴാം മിനിറ്റില്‍ ശ്രീനിധി ലീഡ് നേടി. കൊന്‍സാം നല്കിയ പാസ് പിടിച്ചെടുത്ത് ബോക്സില്‍ പ്രവേശിച്ച റില്‍വാന്‍ ഹസന് പായിച്ച ഷോട്ടാണ് ഗോളി സച്ചിനെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്. ഇതിനു മുന്‍പായി ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസിന്റെ മുന്നേറ്റം ശ്രീനിധി പ്രതിരോധം വിഫലമാക്കി. ഗോള്‍ വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് നല്ല മുന്നേറ്റങ്ങള്‍ മെനയാന്‍ തയ്യാറായത്. എന്നാല്‍ അവയ്ക്കൊന്നും ശ്രീനിധി ഉയര്‍ത്തിയ പ്രതിരോധം തകര്‍ക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.
മാത്രമല്ല പരസ്പര ധാരണയും ഒത്തിണക്കമില്ലായ്മയും നിഴലിച്ചു നിന്നു. 44-ാം മിനിറ്റില്‍ ശ്രീനിധി രണ്ടാം ഗോള്‍ നേടി. റില്‍വാന്‍ ഹസന് നല്കിയ പാസ് ദിനേഷ് സിങ്ങിന്. പന്തു കിട്ടിയ ദിനേഷ് സിങ് ഒന്ന് മുന്നേറിയ ശേഷം പോസ്റ്റിന് മുന്നിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് അവരുടെ കൊളംബിയന്‍ താരം ഉയര്‍ന്നു ചാടി കാലുകൊണ്ട് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ശ്രീനിധി ഡെക്കാന്‍ 2-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് ശ്രീനിധിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി രക്ഷപ്പെടുത്തി. പന്തുമായി മുന്നേറിയ ശേഷം ഗബ്രിയേല്‍ തൊടുത്ത ഷോട്ട് സച്ചിന് സുരേഷ് വീണ് കിടന്ന് കൈയിലൊതുക്കി. 62-ാം മിനിറ്റില്‍ വീണ്ടും സച്ചിന് ബ്ലാസ്റ്റേഴ്സിന്റ രക്ഷകനായി. ബോക്സിനുള്ളില്‍ നിന്ന് ഡേവിഡ് കാസ്റ്റനേഡ തൊടുത്ത നല്ലൊരു ഷോട്ട് സച്ചിന് ഉജ്ജ്വലമായി രക്ഷപ്പെടുത്തുകയായിരുന്നു.
അധികം കഴിയും മുന്‍പേ ബ്ലാസ്റ്റേഴിന് സുവര്‍ണാവസരം. എന്നാല്‍ ജിയാനുവിന്റെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ കലിയൂഷ്നി തൊടുത്ത ഷോട്ട് ശ്രീനിധി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നും രണ്ട് ടീമുകളും ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്സ് തോല്‍വി ഏറ്റുവാങ്ങി. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയുമായും ശ്രീനിധി റൗണ്ട് ഗ്ലാസ് പഞ്ചാബുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: