ന്യൂദല്‍ഹി : ബാഹ്യവും ആന്തരികവുമായ ഭീഷണികളില്‍ നിന്ന് സുരക്ഷിതമായിരിക്കുമ്പോള്‍ മാത്രമേ സമൂഹ വികസനത്തിന്റെ മുഴുവന്‍ സാധ്യതകളും സാക്ഷാത്കരിക്കാനാകൂവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഏതൊരു സമൂഹത്തിന്റെയും പുരോഗതി കല, സംസ്കാരം, തുടങ്ങിയവ അഭിവൃദ്ധി പ്രാപിക്കുന്നതിന് സുരക്ഷ പ്രധാന ഘടകമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ന്യൂദല്‍ഹിയില്‍ പ്രതിരോധ ധനകാര്യവും സാമ്പത്തികവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു പ്രതിരോധ മന്ത്രി. വിദേശ ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് രാജ്യത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യമാണെന്ന് രാജ നാഥ് സിംഗ് പറഞ്ഞു.
സുരക്ഷയെ വിശാലാടിസ്ഥാനത്തില്‍ ആഭ്യന്തര സുരക്ഷ, ബാഹ്യ സുരക്ഷ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെന്നും ബാഹ്യ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമായും രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.ഗവേഷണ വികസന സംഘടനകള്‍, പ്രതിരോധ ഉല്‍പ്പാദന വ്യവസായങ്ങള്‍, സൈനികരുടെ ക്ഷേമ സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനത്തിന്റെ ഘടന പ്രതിരോധ സേനയ്ക്ക് ആവശ്യമാണ്.
നിലവിലെ സുരക്ഷാ വെല്ലുവിളികളില്‍ പ്രതിരോധ ധന, സാമ്പത്തിക കാര്യങ്ങളിലെ നയരൂപകര്‍ത്താക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അക്കാദമിക് വിദഗദ്ധര്‍ക്കും അവരുടെ വീക്ഷണങ്ങളും അനുഭവങ്ങളും പങ്കിടുന്നതിന് മൂന്ന്് ദിവസത്തെ സമ്മേളനം വേദിയാകും.യുഎസ്എ, യുകെ, ജപ്പാന്, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വൈദഗ്ധ്യവും പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.പ്രതിരോധ മേഖലയില്‍ വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ , അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള ഭീമന്മാര് എന്നിവരുമായി സഹകരിക്കാനും കേന്ദ്രത്തിന്റെ സ്വയംപര്യാപ്തതയെന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനും വേദി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: