ന്യൂദല്‍ഹി : ദല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ ബോംബ് വെച്ചതായി ഭീഷണി. സൗത്ത് ദല്‍ഹി സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക് സ്കൂളിലാണ് ഇ- മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ സ്കൂളില്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്.
ബുധനാഴ്ച രാവിലെ 10.49നാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്. സ്കൂള്‍ വളപ്പിനുള്ളില്‍ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് രണ്ടുതവണ പോലീസും ബോംബ് സ്ക്വാഡും സ്കൂള്‍ വളപ്പിലും കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഭീഷണിസന്ദേശം വ്യാജമാണെന്നാണ് കരുതുന്നതെന്ന് സൗത്ത് ഡിസിപി ചന്ദന്‍ ചൗധരി അറിയിച്ചു.
അതേസമയം വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുപോകാനുള്ള സന്ദേശം ലഭിച്ചതോടെ ആശങ്കാകുലരായ രക്ഷിതാക്കള്‍ സ്കൂളിലേക്കെത്തി. രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിന് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 2022 നവംബറിലും ഇന്ത്യന്‍ പബ്ലിക് സ്കൂളിന് നേരേ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ജര്‍മ്മനിയില്‍നിന്നാണ് അന്ന് ഇ- മെയില്‍ സന്ദേശം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: