തിരുവനന്തപുരം: കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയും മില്‍മ മലബാര്‍ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരള്‍ കൃഷി ബീമാ എന്ന പദ്ധതിക്ക് തുടക്കമായി. ഈ മാസം 10 മുതല്‍ മെയ് ഒമ്പതുവരെ ഒരു മാസത്തേക്കാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലാണ് (പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്) ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളിലെ കഠിനമായ വേനല്‍ച്ചൂട് കാരണം പാലുല്പാദനത്തിലുണ്ടാകുന്ന കുറവിന് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
കേന്ദ്ര കാലാവസ്ഥ വകുപിന്റെ ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തി അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി കേരളത്തിലെ ക്ഷീര മേഖലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്സിഡി ഇനത്തില്‍ മലബാര്‍ സൊസൈറ്റി തങ്ങളുടെ ക്ഷീര കര്‍ഷകര്‍ക്കായി നല്‍കും.
പരമാവധി ഇന്‍ഷുറന്‍സ് തുക 2000 രൂപയാണ്. പ്രീമിയം തുക കണക്കാക്കുന്നത് ഇന്‍ഷുര്‍ തുകയുടെ 4%5% ആണ്. ഏകദേശം 15000 ത്തോളം ക്ഷീര കര്‍ഷകര്‍ ഇതിനോടകം ഈ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. ഒരു ക്ഷീര കര്ഷകന് ഈ പദ്ധതിയില്‍ ചേര്‍ക്കാവുന്ന പരമാവധി പശു/ എരുമകളുടെ എണ്ണം 10 ആണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഈ പദ്ധതി മറ്റു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്കും ഉടന്‍ തന്നെ എത്തിക്കും.
ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മേഖലാ യൂണിയന്റെ അംഗസംഘങ്ങളില്‍ പാല് നല്കുന്ന ക്ഷീര കര്ഷകരെയായിരിക്കും പരിഗണിക്കുക. ഇപ്പോള്‍ കറവയിലുള്ള പശു/ എരുമകളെ മാത്രമേ കര്ഷകന് പദ്ധതിയില്‍ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. നിശ്ചയിച്ച അന്തരീക്ഷ താപനില, പരിധിക്കു പുറത്തു തുടര്‍ച്ചയായി 6 ദിവസമോ അതില്‍ കൂടുതലോ വരികയാണെങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കറവ പശു/ എരുമകള്‍ക്ക് ദിവസത്തിനനുസരിച്ചു ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
കര്‍ഷകര്‍ പ്രത്യേകം ക്ലെയിം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. പകരം അതാതു പ്രദേശത്തെ അന്തരീക്ഷ താപനില സാറ്റലൈറ്റ് വിവരശേഖരണ പ്രകാരം എടുത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട് എങ്കില്‍ അത് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നതാണ്. പ്രസ്തുത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുവാന്‍ താത്പര്യമുള്ള ക്ഷീര കര്‍ഷകരുടെയും, കറവ പശു/ എരുമകളുടെ വിശദാംശങ്ങള്‍ ക്ഷീരസംഘങ്ങള്‍ മുഖേന ശേഖരിക്കുന്നതാണ്.
മില്‍മ ചെയര്മാന് കെ.എസ്. മണി, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐ എ എസ്, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി മേഖലാ മാനേജര്‍ വരുണ്‍, ബിസ്സിനെസ് ഡെവലപ്പ്മെന്റ്റ് മേധാവി ഡോ.പി ആര്. പ്രസീദ തുടങ്ങിയവര്‍ ഇന്ന് തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: