ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യുന്ന അരവിന്ദ് കെജ്രിവാളിന്റെയും കോണ്‍ഗ്രസിന്റെയും നീക്കങ്ങളെ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ഇതോടെ കോണ്‍ഗ്രസും ആം ആദ്മിയും പ്രതിരോധത്തിലായി.
തൊഴിലില്ലായ്മ, പണപ്പെരുപ്പം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നേരിടുമ്പോൾ വിദ്യാഭ്യാസ ബിരുദം രാജ്യത്തെ രാഷ്ട്രീയ വിഷയമാകുന്നതെങ്ങനെയെന്നും പവാര്‍ ചോദിച്ചു.
നേരത്തെ അദാനി ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെയും പവാര്‍ ചോദ്യം ചെയ്തിരുന്നു. ഇത്രയധികം തൊഴിലവസരങ്ങള്‍ നല്കുന്ന അദാനിയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ നീങ്ങരുതെന്നായിരുന്നു ശരത് പവാറിന്റെ പ്രസ്താവന. അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും ആവശ്യത്തെ ശരത് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. പകരം സുപ്രീം കോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നും ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതോടെ ബിജെപിയ്ക്കും മോദിയ്ക്കും എതിരെ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
അതുപോലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിനെ ശരത് പവാറിന്റെ മരുമകനും എന്‍സിപി നേതാവുമായ അജിത് പവാര്‍ ചോദ്യം ചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തെറ്റാണെങ്കില്‍ എങ്ങിനെയാണ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും എല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വന്നതെന്നായിരുന്നു അജിത് പവാറിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: