ന്യൂദല്‍ഹി : അതിര്‍ത്തിയിലെ തങ്ങളുടെ ചുമതലകള്‍ക്ക് പുറമെ ഏത് സാഹചര്യത്തയും നേരിടാന്‍ രാജ്യത്തെ സായുധ സേനയ്ക്ക് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.പ്രതിബദ്ധതയ്ക്കും അച്ചടക്കത്തിനും ലോകത്തിലെ ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യന്‍ സായുധ സേനയെന്നും അദ്ദേഹം പറഞ്ഞു.ന്യൂദല്‍ഹിയില്‍ കേന്ദ്രീയ സൈനിക് ബോര്‍ഡ് യോഗത്തില്‍ വിമുക്ത ഭടന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമമന്ത്രി.
കൊവിഡ് മഹാമാരി കാലത്ത് വിമുക്തഭടന്മാര് നടത്തിയ നിസ്വാര്‍ത്ഥ സേവനത്തെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് ഉണ്ടാകുന്ന ഏത് ദുരന്തവും നേരിടാന്‍ ഈ മുന്‍ സൈനികര്‍ എപ്പോഴും സന്നദ്ധരാണെന്നും രാജനാഥ് സിംഗ് ചൂണ്ടിക്കാട്ടി. മുന്‍ സൈനികര്‍ ദേശീയ സ്വത്താണെന്നും രാജ്യം അവരില്‍ അഭിമാനിക്കുന്നുവെന്നും സിംഗ് പറഞ്ഞു. വിമുക്തഭടന്മാര്ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചില സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.
നിലവിലുള്ള 34 ലക്ഷം വിമുക്തഭടന്മാരില് പ്രതിവര്‍ഷം 60,000 സൈനികര്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. അതിനാല്‍ ഈ വിമുക്ത ഭടന്മാരെയും അവരുടെ കുടുംബങ്ങളെയും പരിപാലിക്കാന്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. സംസ്ഥാന, ജില്ലാ തലത്തിലുള്ള സൈനിക ക്ഷേമ ബോര്‍ഡുകളാണ് സൈനിക ക്ഷേമ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 34 രാജ്യ സൈനിക് ഓഫീസുകളും 409 ജില്ലാ സൈനിക ഓഫീസുകളും രാജ്യത്തുണ്ട്. വിമുക്തഭടന്മാരുടെ ക്ഷേമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: