കോഴിക്കോട്: വിശ്വജ്ഞാനമന്ദിരം സാര്‍വത്രിക സ്നേഹവും സമാധാനവും സൗഹാര്‍ദ്ദവും നിറയുന്ന ലോക ആത്മീയതയുടെ ഇടമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കക്കോടി ആനാവുകുന്നില്‍ സ്ഥാപിതമായ ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായ ആത്മീയദര്‍ശനമായിരുന്നു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ നാട് ഏറ്റെടുത്തതിന്റെ തെളിവാണ് ഈ മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള അറിവിന്റെയും കേന്ദ്രമാണിതെന്ന് ദര്‍ശനമാത്രയില്‍ത്തന്നെ അനുഭവവേദ്യമാകും. ഗുരുവിന്റെ ദര്‍ശനങ്ങളും ശിഷ്യപൂജിതയുടെ പ്രാര്‍ത്ഥനയും എന്നെപ്പോലുളള സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ നടക്കുന്നത് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ കാണാനും ഈ മഹദ്കര്‍മ്മത്തില്‍ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ അപൂര്‍വ്വ അനുഭവമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ 10.30ന് വിശ്വജ്ഞാനമന്ദിരത്തിലെത്തിയ ഗവര്‍ണര്‍ ഗുരുവിന്റെ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുമായി കൂടിക്കാഴ്ച നടത്തി.
എം.കെ. രാഘവന് എംപി അധ്യക്ഷനായി. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷീബ, ഗ്രാമപഞ്ചായത്തംഗം എന്‍. അജിത, സ്വാഗതസംഘം പ്രതിനിധി ലത്തീഫ് പറമ്പില്‍, ആരോഗ്യകാര്യ ഉപദേശക സമിതി പേട്രണ്‍ ഡോ.കെ.എന്‍. ശ്യാമപ്രസാദ് സംസാരിച്ചു. ശാന്തിഗിരി ആശ്രമത്തിന്റെ സ്നേഹോപഹാരം രാജീവ് അഞ്ചല്‍, ഡോ.കെ.എന്‍. വിശ്വംഭരന്, ജോസഫ് റോക്കി പാലക്കല്‍, രഗ്ബീര്‍ സിങ് സിദ്ധു, സബീര്‍ തിരുമല, മുരളി കോഴിക്കോട് എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: