പാലക്കാട്: അഞ്ചുതിരിയിട്ടു കത്തിച്ച നിലവിളക്കിന് മുന്നിലെ അടുപ്പില്‍ ശുഭലക്ഷണങ്ങളോടെ മണ്‍കലത്തിലെ പാല് തിളച്ചുതൂകിയപ്പോള് യാഥാര്‍ഥ്യമായത് സോണിയയുടെയും കുടുംബത്തിന്റെയും സ്വന്തം വീടെന്ന സ്വപ്നമാണ്. പാലക്കാട് തയ്യാലംപറമ്പ് റെയില്‍വെ പുറമ്പോക്കിലെ വീട്ടില്‍ നിന്നു കുടിയിറക്കല്‍ ഭയക്കാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. കമ്മല്‍ പണയംവച്ച് സംസ്ഥാന സ്കൂള്‍ കായികമേളയിലെത്തി വെങ്കല മെഡല്‍ നേടിയ സോണിയയുടെ ജീവിതം ജന്മഭൂമിയാണ് പുറത്ത് കൊണ്ടുവന്നത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൊടുവായൂര്‍ ആയില്യം ഹൗസില്‍ എ.കെ.നാരായണന് സോണിയയ്ക്ക് വീടുവച്ചു കൊടുക്കുകയായിരുന്നു. വിഷുവിന് സോണിയ സ്വന്തം വീട്ടിലാകും അന്തിയുറങ്ങുകയെന്ന് എ.കെ. നാരായണന് സോണിയയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കുപാലിക്കല്‍ കൂടിയാണ് യാഥാര്‍ത്ഥ്യമായത്. ഇന്നലെ രാവിലെ 6.22നും 6.32 നും ഇടയിലായിരുന്നു പാലുകാച്ചല്‍ ചടങ്ങ്. ഞായറാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന സമ്മേളനത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് വീടിന്റെ താക്കോല്‍ കൈമാറി. എസ്സി കോര്‍പ്പറേഷന്റെ സഹായത്താല്‍ ലഭിച്ച നാലര സെന്റ് ഭൂമിയില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് മാധവരാജ ക്ലബിന്റെ പ്രസിഡന്റ് കൂടിയായ നാരായണന് വീട് നിര്‍മ്മിച്ച് നല്‍കിയത്.
550 അടി വിസ്തീര്‍ണത്തില്‍ രണ്ടു മുറി, രണ്ടു ശുചിമുറി, അടുക്കള, ഹാള്‍, സിറ്റ് ഔട്ട്, കുഴല്‍ക്കിണര്‍, മതില് എന്നിവയടങ്ങുന്നതാണ് വീട്. വീട് നിര്‍മ്മിച്ച് നല്കിയ എ.കെ. നാരായണന്, എ. പ്രഭാകരന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. ബിന്ദു തുടങ്ങിയവര്‍ താക്കോല്‍കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു. ജന്മഭൂമിയുടെ ഉപഹാരം മന്ത്രി സോണിയയ്ക്ക് സമ്മാനിച്ചു. വീട് നിര്‍മ്മിച്ച് നല്കിയ എ.കെ. നാരായണനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു സോണിയയും അനുജന് സോഹനും അമ്മ പ്രിയയും അപ്പൂപ്പന് ശശിക്കും അമ്മൂമ്മ സത്യഭാമയ്ക്കും ഒപ്പമാണ് പുറമ്പോക്കില്‍ താമസിക്കുന്നത്.
സോണിയയ്ക്ക് അഞ്ചു വയസ്സുള്ളപ്പോഴേ അച്ഛന് സോമു മരിച്ചു. അപ്പൂപ്പന് ശശിക്ക് ഹോട്ടല്‍ പണിയില്‍ നിന്നുള്ള വരുമാനം മാത്രം. കായികമേളയില്‍ പങ്കെടുക്കാന്‍ സോണിയയുടെ കമ്മല്‍ 4500 രൂപയ്ക്ക് പണയംവയ്ക്കുകയായിരുന്നു. എസ്സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടില്കെട്ടാന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ജന്മഭൂമി വാര്‍ത്ത നല്‍കുന്നത്. പണയംവച്ച കമ്മല്‍ സോവാഭാരതി പ്രവര്‍ത്തകര്‍ അന്നുതന്നെ തിരിച്ചെടുത്തു കൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: