നാടിനെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസില്‍ കേരളാ പോലീസിന്റെ അന്വേഷണം കേരളം ഭരിക്കുന്നവരുടെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കുന്ന തിരക്കഥയനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന സംശയം ബലപ്പെടുകയാണ്. അക്രമവാസനയുള്ള ഒരാള്‍ സ്വന്തം നിലയ്ക്കാണ് ട്രെയിനിന്റെ ബോഗിയില്‍ പെട്രോളൊഴിച്ച് തീയിട്ടത്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. സംഭവം നടന്നതിനുശേഷം സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളൊന്നും വന്നിട്ടില്ല. ഇങ്ങനെയൊക്കെ സ്ഥാപിച്ചെടുക്കുംവിധമാണ് അന്വേഷണത്തിന്റെ ദിശ നീളുന്നത്. കൃത്യം ചെയ്തതിനുശേഷം അതേ ട്രെയിനില്‍ തന്നെയാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂരില്‍ തങ്ങിയശേഷം മറ്റൊരു ട്രെയിനില്‍ സംസ്ഥാനം വിടുകയായിരുന്നു. വളരെയധികം സമയം സംസ്ഥാനത്തുണ്ടായിട്ടും ദ്രുതഗതിയിലുള്ള അന്വേഷണം നടത്തി പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്. ഇത് മറച്ചുപിടിക്കുന്നതിനുവേണ്ടിയാണ് പ്രതി രത്നഗിരിയില്‍ മഹാരാഷ്ട്രാ പോലീസിന്റെ പിടിയിലായപ്പോള്‍ അത് കേരളാ പോലീസിന്റെ മിടുക്കാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. ബോഗിയില്‍ തീയിടുന്നതു കണ്ട് ജീവന് രക്ഷിക്കാന്‍ ട്രെയിനില്‍നിന്ന് ചാടിയ മൂന്നുപേര്‍ ദാരുണമായി മരിച്ച സംഭവം പോലീസിന് കണ്ടെത്താനായില്ല. മണിക്കൂറുകള്‍ കഴിഞ്ഞ് മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് നല്കിയ വിവരമനുസരിച്ചാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒട്ടും കാര്യക്ഷമതയില്ലാതെ അങ്ങേയറ്റം നിരുത്തരവാദപരമായാണ് ഇക്കാര്യത്തില്‍ കേരളാ പോലീസ് പെരുമാറിയതെന്ന് ഇതെല്ലാം തെളിയിക്കുന്നുണ്ട്. ട്രെയിനിനു തീയിടാന്‍ പ്രതി പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലെ പമ്പ് കണ്ടെത്തിയതും പോലീസല്ല. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ വിളിച്ചറിയിച്ച വിവരമാണിത്.
മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് അക്രമിയെ കൈമാറിയതിനുശേഷമുള്ള കേരളാ പോലീസിന്റെ ഓരോ നടപടിയിലും വീഴ്ചയുണ്ടായിരുന്നു. പ്രതിയെ എത്രയും വേഗം വിമാനമാര്‍ഗം കൊണ്ടുവരാതിരുന്നത്. റോഡ് മാര്‍ഗം എത്തിക്കാന്‍ പഴഞ്ചന്‍ വാഹനം ഉപയോഗിച്ചതും, അത് വഴിയില്‍ മണിക്കൂറുകളോളം കേടായി കിടന്നതുമൊക്കെ ഗുരുതരമായ വീഴ്ചകളായിരുന്നു. അക്രമിയെ കയ്യില്‍ കിട്ടിയശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എഡിജിപി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘പ്രതിയെന്നു സംശയിക്കപ്പെടുന്നയാള്‍’ എന്നു ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതി എന്നുതന്നെ പറഞ്ഞാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ലായിരുന്നു. എന്നിട്ടും അതിന് തയ്യാറാവാതിരുന്നത് അന്വേഷണത്തിനുമേലുള്ള രാഷ്ട്രീയ നിയന്ത്രണമാണ് കാണിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതി നിസ്സഹകരിക്കുന്നതുപോലെയാണ് ഈ പോലീസ് ഉദ്യോഗസ്ഥനും മാധ്യമങ്ങളോടു പ്രതികരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കാന്‍ മടിക്കുന്നതുപോലുള്ള പെരുമാറ്റമാണ് കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അക്രമി പെട്രോളൊഴിച്ചാണ് ട്രെയിനില്‍ തീയിട്ടത്. എന്നിട്ടും എക്സ്പ്ലോസീവ് ആക്ട് അനുസരിച്ച് കേസെടുക്കാന്‍ തയ്യാറാവാത്തത് ബോധപൂര്‍വമാണ്. ഇതുപോലെതന്നെയാണ് യുഎപിഎ പ്രകാരം കേസെടുക്കാത്തതും. ഇക്കാര്യത്തിലൊക്കെ സത്യസന്ധവും നിയമപ്രകാരവുമുള്ള നടപടികളെടുക്കുകയല്ല, സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ട്രെയിനില്‍ നടത്തിയ തീവയ്പ്പ് ഭീകരാക്രമണം തന്നെയാണെന്നും, അതിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടും കേസ് വഴിതിരിച്ച് വിടാനാണ് കേരളാ പോലീസ് ശ്രമിക്കുന്നത്. ഗോധ്ര മോഡല്‍ വന്‍ ഭീകരാക്രമണത്തിനാണ് പദ്ധതിയിട്ടതെന്നും, പ്രതിക്ക് വേണ്ടത്ര പരിശീലനം കിട്ടാത്തതിനാലാണ് ഇത് പാളിപ്പോയതെന്നുമാണ് എന്‍ഐഎയുടെ നിഗമനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനമായ ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നതിന്റെ ഫോണ്‍ രേഖകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചതായി അറിയുന്നു. ഇതിനൊക്കെ കടകവിരുദ്ധമായ ഒരു ചിത്രമാണ് കേരളാ പോലീസ് അവതരിപ്പിക്കുന്നത്. പോലീസിന്റെ കസ്റ്റഡിയിലായശേഷം ആരോ പറഞ്ഞുപഠിപ്പിച്ച രീതിയിലുള്ള മൊഴികളാണ് ഷാരൂഖ് നല്‍കുന്നത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഈ മൊഴികളാണ് പോലീസ് പുറത്തുവിടുന്നത്. ഇതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ജിഹാദി രാഷ്ട്രീയമാണെന്ന് സംശയിക്കാന്‍ പല കാരണങ്ങളുമുണ്ട്. മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടിയ പാക് ഭീകരന് അജ്മല്‍ കസബ് രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിച്ചതുപോലെ ഷാരൂഖിനെയും ‘ഇര’യാക്കാനുള്ള നീക്കം ചില മാധ്യമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മതതീവ്രവാദ വോട്ടുബാങ്കിന്റെ പിന്‍ബലം വര്‍ധിപ്പിക്കാന്‍ എന്ത് അപകടകരമായ കളിക്കും തയ്യാറായി നില്‍ക്കുകയാണ് സിപിഎം. എത്രയും വേഗം ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുകയാണ് വേണ്ടത്. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഈ കേസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: