അബുദാബി: യു.എ.ഇ. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലേക്ക് എത്തുന്നത് എന്നത് വെറും തള്ള്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലേക്ക് ക്ഷണം ലഭിച്ചതിനാലാണ് നാലുദിവസത്തെ യാത്രയ്ക്കായി പോകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെ ക്ഷണമൊന്നും യു എ ഇ നല്‍കിയിട്ടില്ല. ഇന്ത്യന്‍ എംബസിയോ യുഎഇ കോണ്‍സിലേറ്റോ അറിഞ്ഞുമാത്രമേ ഔദ്യോഗിക ക്ഷണം ഉണ്ടാകൂ. കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ആവശ്യമാണ്. മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതി പതിവില്ല.
ഇന്‍വെസ്റ്റിമെന്റ് മീറ്റില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണമൊന്നും ആവശ്യമില്ല. കഴിഞ്ഞ ഒക്ടോബറില്‍ പിണറായി വിജയന് അബുദാബിയില്‍ സ്വകാര്യസന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്ന മകന് വിവേക് കിരണിനെ സന്ദര്‍ശിക്കുക മാത്രമായിരുന്നു പരിപാടി. യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ എത്തിയത്. യുഎഇയില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു പ്രതിനിധി എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെ ഹോട്ടലില്‍ എത്തിക്കാന്‍ മലയാളി സ്ഥാപനത്തിന്റെ വാഹനമാണ് എത്തിയത്.
മേയ് എട്ടു മുതല്‍ പത്തുവരെ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററിലാണ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ്. യു എ ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് എന്നാണ് പറയുന്നത്.
തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാള്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മന്ത്രി ഡോ. താനി അഹമ്മദ്, ദുബായ് എക്സ്പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും 2022 ഫെബ്രുവരിയില്‍ എക്സ്പോയില്‍ പങ്കെുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ പേരിലുള്ള ക്ഷണം എന്നല്ലാതെ ഔദ്യോഗിക പരിവേഷമൊന്നും അന്നു പറഞ്ഞിരുന്നില്ല. അവിടെ കേരള പവലിയന് ഉദ്ഘാടനവും ചെയ്തു.
ലൈഫ് പദ്ധതിയില്‍ ദുബായ് റെഡ് ക്രസന്റുമായി ചേര്‍ന്നുള്ള ഭവന സമുച്ചയ നിര്‍മാണത്തിന്റെ കാര്യവും ചര്‍ച്ച ചെയ്തുവെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കിയതായും അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. കേരളത്തില്‍ ബൃഹത്തായ ഫുഡ് പാര്‍ക്ക് തുടങ്ങാമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി അറിയിച്ചതും വലിയ വാര്‍ത്തയായി. റെഡ് ക്രസന്റ് ഇടപാട് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഫുഡ് പാര്‍ക്കിനെക്കുറിച്ച് പിന്നീട് കേട്ടില്ല.
കോവിഡ് കാലത്ത് യുഎഇ കേരളത്തിന് 700 കോടി നല്‍കുമെന്ന് പിണറായി വിജയന് പ്രഖ്യാപിച്ചതും വെറും തള്ളായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കേന്ദ്ര സര്‍ക്കാര്‍മുഖേനയല്ലാതെ മറ്റൊരു രാജ്യത്തുനിന്ന് പണം സ്വീകരിക്കാന്‍ പാടില്ല. വിദേശ ദുരിതാശ്വാസ സംഭാവനകള്‍ സ്വീകരിക്കേണ്ട എന്ന കേന്ദ്ര നിലപാട് നിലനില്‍ക്കുമ്പോളായിരുന്നു മുഖ്യമന്ത്രിയുടെ 700 കോടി പ്രസ്താവന.
രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി സംവദിക്കുമെന്നും പറയുന്നു.വിവിധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത്. മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: