വിഷുവിന് പുതുവര്‍ഷത്തിന്റെ തുടക്കം എന്ന ആശയവും ഉണ്ടായിരുന്നു. ഒരാണ്ടുകാലത്തെ ഗ്രഹങ്ങളുടെ രാശിസഞ്ചാരത്തെ മുന്‍നിര്‍ത്തി പന്ത്രണ്ട് രാശികളില്‍ വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 1198 വിഷുവില്‍ തുടങ്ങി 1199 ലെ വിഷുവരെ ഉള്ള വാര്‍ഷിക ഫലം അവതരിപ്പിക്കുകയാണ് ഇവിടെ.
വിഷുഫലം 2023 മേടക്കൂറുകാര്‍ക്ക് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറുകാരുടെ വിഷുഫലത്തിലെ ഏറ്റവും ഗുണപ്രദനായ ഗ്രഹം ശനി തന്നെയാണ്. പതിനൊന്നിലെ ശനി സാമ്പത്തിക സ്ഥിതിയെ ഉയര്‍ത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യും. കടക്കെണിയില്‍ നിന്നും മോചനം ഭവിക്കുന്നതാണ്.
വ്യാഴം, മേയ് മാസം മുതല്‍ ഗുണാനുഭവങ്ങള്‍ നല്‍കിത്തുടങ്ങും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഭവിക്കുന്നതാണ്. സന്താനമില്ലാതെ വിഷമിക്കുന്നുവര്‍ക്ക് സന്താനലബ്ധി പ്രതീക്ഷിക്കാം. ഭാഗ്യപുഷ്ടിയും എടുത്ത് പറയേണ്ടതുണ്ട്. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ വന്നെത്തും.
മേയ്, ജൂണ്‍ മാസങ്ങളില്‍ രാശിനാഥനായ ചൊവ്വയ്‌ക്ക് നീചം വരുന്നത് മൂലം ഭൂമിയുടെ ക്രയവിക്രയം നഷ്ടത്തില്‍ കലാശിക്കാം. ഒക്ടോബറിനുശേഷം രാഹുകേതുക്കള്‍ക്കുണ്ടാകുന്ന മാറ്റം ആരോഗ്യപരമായി ഗുണകരമാണ്. വിദേശ യാത്ര, വിദേശ പഠനം, വിദേശ തൊഴില്‍ എന്നിവ ഒക്ടോബറിനു ശേഷം സാധ്യമാകും. സ്വയം തൊഴില്‍ തുടങ്ങാനും നിലവിലെ വ്യാപാരം പുഷ്ടിപ്പെടുത്താനും ഈ വര്‍ഷം നല്ലതാണ്. മിഥുനം, കന്നി, മകരം, കുംഭം മാസങ്ങള്‍ക്ക് മേന്മയേറും. ചിങ്ങത്തിലും ധനുവിലും സമ്മിശ്രാനുഭവങ്ങള്‍ വരാം.
മേടം, വൃശ്ചികം, മീനം എന്നീ മാസങ്ങളില്‍ സകല കാര്യങ്ങളിലും ജാഗ്രത വേണം. വര്‍ഷാന്ത്യത്തില്‍ ചെലവുകള്‍ അധികരിച്ചേക്കാം. ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ കൃത്യമായ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.
പരിഹാരം: വിഷ്ണു സഹസ്രനാമം, നവഗ്രഹ സ്‌തോത്രങ്ങള്‍ എന്നിവ ദിവസവും പാരായണം ചെയ്യണം. ആയില്യവ്രതം ഉത്തമം. ഇടവം, കര്‍ക്കിടകം മാസങ്ങളില്‍ ദുര്‍ഗയെ ആരാധിക്കണം.
വിഷുഫലം 2023 ഇടവക്കൂറിന് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ശനിയും വ്യാഴവും അനുകൂലരല്ല, ഈ വര്‍ഷം. രാഹു ഒക്ടോബറിനുശേഷം വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കും. വിദേശജോലികള്‍ക്ക് അര്‍ഹത നേടും. കര്‍മ്മരംഗത്തെ ക്ഷീണാവസ്ഥയെ തുടര്‍ച്ചയായ പരിശ്രമത്താല്‍ മാറ്റിയെടുക്കാനാവും. ന്യായമായ ആവശ്യങ്ങളെല്ലാം നടന്നുകിട്ടും.
മക്കളുടെ പഠനം, വിവാഹം എന്നിവയ്‌ക്ക് വായ്പാസൗകര്യം പ്രയോജനപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഭാഗത്തില്‍ ഉപരിവിദ്യാഭ്യാസം സിദ്ധിക്കുന്നതാണ്. കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ വിജയകരമാകും.
സ്വയം തൊഴില്‍ ആദായകരമായേക്കും.ശനിയും വ്യാഴവും ചതുര്‍ത്ഥ ഭാവത്തിലേക്ക് നോക്കുകയാല്‍ ഗൃഹനവീകരണം, വാഹനസിദ്ധി എന്നിവ സാധ്യതകളാണ്. മാതാവിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണ്ടതുണ്ട്.
പരിഹാരം: ശനിക്ക് നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പ്രഭാതത്തില്‍ അരയാല്‍ പ്രദക്ഷിണം ഉത്തമം. വ്യാഴാഴ്ച വിഷ്ണു ക്ഷേത്രദര്‍ശനം നടത്തണം.
വിഷുഫലം 2023 മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍)
2023 ലെ വിഷുഫലം കൊണ്ട് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു കൂറ് മിഥുനക്കൂറാണ് എന്ന് പറയാം.ശനി സ്വക്ഷേത്ര ബലവാനായി ഭാഗ്യഭാവമായ കുംഭത്തിലുണ്ട്. രാഹു പതിനൊന്നില്‍ ആറുമാസം കൂടി തുടരും. ഏപ്രില്‍ ഒടുവില്‍ വ്യാഴം പതിനൊന്നിലേക്കും പ്രവേശിക്കുന്നതോടെ വികാസത്തിന്റെ, നേട്ടങ്ങളുടെ, ഉത്കര്‍ഷത്തിന്റെ പാതയിലേക്ക് മിഥുനക്കൂറുകാര്‍ വന്നെത്തുകയായി. മാര്‍ച്ച് 12 മുതല്‍ മേയ് 10 വരെ ജന്മരാശിയില്‍ തുടരുന്ന ചൊവ്വ ഉയര്‍ത്തുന്ന മാനസിക സംഘര്‍ഷങ്ങളും ആരോഗ്യപ്രശ്‌നങ്ങളും കൂടി മാറുന്നതോടെ ചിരകാല പ്രാര്‍ത്ഥിതങ്ങള്‍ മിക്കതും സഫലപഥത്തില്‍ വരുന്നു.
സാമ്പത്തിക നേട്ടങ്ങള്‍ക്കാവും മുന്‍തൂക്കം. വരുമാനം പലവഴികളിലൂടെ വന്നുചേരും. തൊഴില്‍ ലബ്ധി, കച്ചവടത്തില്‍ പുരോഗതി, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, രാഷ്‌ട്രീയമായ അധികാരം എന്നിവ അനുഭവത്തില്‍ വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതായിരിക്കും. ആശിച്ച വിഷയങ്ങളില്‍ ഉപരിപഠനം സാധ്യമാകുന്നതാണ്. വ്യാഴം, ധനുവിലേക്ക് (ഏഴാം ഭാവത്തിലേക്ക് ) നോക്കുകയാല്‍ വിവാഹ സിദ്ധി, ദാമ്പത്യസൗഖ്യം എന്നിവ സ്വാഭാവികഫലങ്ങളായി കണക്കാക്കാം.
സഹായസ്ഥാനമായ ചിങ്ങത്തിലേക്ക് വ്യാഴം, ശനി എന്നിവര്‍ നോക്കുകയാല്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും സഹായസഹകരണം അനുഭവസിദ്ധമാകും. ഗോചരത്തിലെ ഈ ആനുകൂല്യങ്ങള്‍ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ സ്വന്തം ജാതകപ്രകാരം കൂടി ഗുണമുള്ള കാലമാവണം. ദൈവജ്ഞനെക്കൊണ്ട് ജാതകപരിശോധന നടത്തി, ദോഷപരിഹാരങ്ങള്‍ വിധിയാംവണ്ണം അനുഷ്ഠിക്കുന്നപക്ഷം, 2023- 2024 കാലഘട്ടം മിഥുനരാശിക്കാരുടെ ജീവിതത്തിലെ സുവര്‍ണവര്‍ഷം തന്നെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
പരിഹാരം: കേതുപ്രീതിക്കായി ഗണപതി ഹോമം, ചൊവ്വാപ്രീതിക്കായി സുബ്രഹ്‌മണ്യസ്വാമിക്ക് പാലഭിഷേകം, സൂര്യപ്രീതിക്കായി ആദിത്യഹൃദയ പാരായണം എന്നിവ പക്കനാള്‍ തോറും നടത്തുന്നത് ഉചിതമായിരിക്കും.
വിഷുഫലം 2023 കര്‍ക്കടകക്കൂറിന് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം)
അഷ്ടമശനിയും പത്തിലെ ഗുരുസര്‍പ്പന്മാരും ചിലപ്പോള്‍ ജീവിതത്തിലെ പ്രതീക്ഷകള്‍ക്ക് വിളംബതാളമേകാം. മിതവ്യയത്തിലൂടെയും സാഹസങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും ഈശ്വരോന്മുഖമായ ദിനചര്യകളിലൂടെയും ജീവിതത്തിന്റെ ഒഴുക്ക് ഒരു പരിധി വരെ അനുകൂലമാക്കാന്‍ സാധിക്കുന്നതാണ്. മേടം,ഇടവം, കന്നി, ധനു മാസങ്ങളില്‍ തൊഴില്‍ ലബ്ധി, ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തിക മെച്ചം, ശത്രുവിജയം എന്നിവ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി സിദ്ധിക്കും.
വ്യാഴം കൂറിന്റെ 2,4,6 ഭാവങ്ങളില്‍ ദൃഷ്ടി ചെയ്യുകയാല്‍ ഒട്ടൊക്കെ കുടുംബസൗഖ്യം, നവീനഗൃഹ, വാഹനസിദ്ധി, രോഗ- ഋണ നിവൃത്തി എന്നിവയും സാധ്യതകളാണ്. മേടമാസം അവസാന ആഴ്ച മുതല്‍ മിഥുനം പകുതി വരെ കുജന്‍ ജന്മരാശിയില്‍ സഞ്ചരിക്കുന്നു. അക്കാലത്ത് ആരോഗ്യപരമായി ശ്രദ്ധ വേണം. വാഗ്വാദങ്ങള്‍ക്ക് തുനിയരുത്.
ഒക്ടോബര്‍ മുതലുള്ള രാഹു-കേതു മാറ്റം ഉയര്‍ച്ചയിലേക്കും കര്‍മ്മവിജയത്തിലേക്കും നയിക്കാം. ജാതകപരിശോധനയിലൂടെ ദശാപഹാര ഛിദ്രാദികളുടെ ഗുരുലഘുത്വങ്ങള്‍ കൂടി മനസ്സിലാക്കി ദോഷനിവൃത്തി വരുത്തുന്നത് നന്മയിലേക്ക് നയിക്കും.
പരിഹാരം: ജന്മനക്ഷത്രം തോറും ഗണപതി ഹോമം ഉചിതം. വിഷ്ണുസഹസ്രനാമം വ്യാഴാഴ്ചതോറും ഭക്തിപൂര്‍വ്വം പാരായണം ചെയ്യണം. ശനിയാഴ്ച ശനിപ്രീതിക്കായി ശാസ്താഭജനം, നീരാജനം, അരയാല്‍ പ്രദക്ഷിണം, എന്നിവ ഉത്തമം.
വിഷുഫലം 2023 ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
വ്യാഴം, രാഹു എന്നീ ഗ്രഹങ്ങള്‍ ഒമ്പതിലും ശനി ഏഴിലും (കണ്ടക ശനി) ചൊവ്വ പതിനൊന്നിലും നില്‍ക്കുന്ന ഈ വിഷുക്കാലം മുതലാരംഭിക്കുന്ന ഒരു വര്‍ഷം ചിങ്ങക്കൂറുകാര്‍ക്ക് പ്രായേണ നേട്ടങ്ങളുടെ കാലമാകും. ഭാഗ്യഹാനിമൂലം നഷ്ടപ്പെട്ടുപോയവ പലതും, ജീവിതത്തിലേക്ക് വീണ്ടും മടങ്ങിവരും. പുതിയ ബിസിനസ്സ് തുടങ്ങാനാവും. തൊഴില്‍ തേടുന്നവര്‍ക്ക് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നതാണ്.
പഠനം- തൊഴില്‍ എന്നിവയ്‌ക്കായി വിദേശത്ത് പോകാനൊരുങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തി ഉണ്ടാവും. വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ നിന്നും പുറത്ത് കടക്കാനാവും. ഗൃഹനിര്‍മ്മാണം തുടങ്ങാന്‍ /പൂര്‍ത്തീകരിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹജീവിതത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. ദാമ്പത്യക്ലേശങ്ങള്‍ അനുരഞ്ജനത്തിലാകുന്നതാണ്. വ്യാഴം സന്താനഭാവത്തിലേക്ക് നോക്കുന്നതിനാല്‍ സന്താനജന്മത്താല്‍ ഗൃഹം ഐശ്വര്യപൂര്‍ണമാകും.
ഇടവം, മിഥുനം, തുലാം, മകരം എന്നീ മാസങ്ങളില്‍ ആദായം വര്‍ദ്ധിക്കുന്നതാണ്. രാഷ്‌ട്രീയമായ സ്ഥാനമാനങ്ങള്‍, കലാപ്രവര്‍ത്തനം കൊണ്ട് നേട്ടങ്ങള്‍ എന്നിവയും ഈ വര്‍ഷം പ്രതീക്ഷിക്കാം. കര്‍ക്കടകം, ചിങ്ങം, മീനം എന്നീ മാസങ്ങളില്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. തുലാം മാസം മുതല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
പരിഹാരം: ശാസ്തൃഭജനം മൂലം കണ്ടകശനി ദോഷം ലഘൂകൃതമാവും. സര്‍പ്പക്കാവില്‍ വിളക്ക് തെളിക്കുന്നത് രാഹുപ്രീതിക്ക് കാരണമാകും. കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര ഉരുവിടുന്നത് ഗ്രഹപ്പിഴകളകറ്റും.
വിഷുഫലം 2023 തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍)
ഏപ്രില്‍ 21 ന് വ്യാഴം മീനത്തില്‍ നിന്നും മേടത്തിലേക്ക് സംക്രമിക്കുന്നു. ഗുണപരമായ വലിയ പരിവര്‍ത്തനങ്ങള്‍ക്കിടവരുത്തന്നതാണ് വ്യാഴമാറ്റം.
തുലാക്കൂറുകാരുടെ ലാഭഭാവത്തെയും ജന്മസഹായ ഭാവങ്ങളെയും വ്യാഴം ദൃഷ്ടി ചെയ്യുന്നത് ഭാഗ്യകടാക്ഷം, ധനോന്നതി, പ്രധാന കാര്യങ്ങളുടെ നിര്‍വഹണം എന്നിവയ്‌ക്ക് വഴിതുറക്കും. കടബാധ്യത കൊണ്ട് വലഞ്ഞവര്‍ക്ക് ആശ്വസിക്കാനാവും. തടഞ്ഞുകിടക്കുന്ന നിക്ഷേപങ്ങള്‍ ഫലപ്രദമാകും.
വലിയ യാത്രകള്‍, അവ കൊണ്ട് പലതരം നേട്ടങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. അഞ്ചിലെ ശനി ബലവാനാകയാല്‍ പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നും വസ്തുക്കളില്‍ നിന്നും വരുമാനത്തിന് കാരണമാകും. സന്താനക്ഷേമവും ഭവിക്കുന്നതാണ്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞേക്കാം. ഉപരിപഠനം, വിദേശതൊഴില്‍, വ്യാപാരാഭിവൃദ്ധി, കൃഷിനേട്ടം, വിവാഹ സിദ്ധി, ഗൃഹനിര്‍മ്മാണം എന്നിവയും ഗുണാനുഭവങ്ങളില്‍ ചേര്‍ത്ത് പറയണം. തുലാം മാസം മുതല്‍ ദാമ്പത്യവും കുടുംബ ജീവിതവും കൂടുതല്‍ ശോഭനമാകും.
ഇടവം, കന്നി, തുലാം, മീനം എന്നീ മാസങ്ങളില്‍ ധനകാര്യത്തിലും ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. പരിഹാരം: ശനിപ്രീതിക്കായി ശാസ്തൃഭജനം, രാഹുപ്രീതിക്കായി ദുര്‍ഗാഭജനം, പഞ്ചാക്ഷരീ ജപം എന്നിവ ഉത്തമം.
വിഷുഫലം 2023 വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
നാലാം ഭാവത്തിലെ ശനി സ്ഥിതി പ്രതിസന്ധികളെ അതിജീവിക്കാന്‍ ശക്തിപകരും. ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളും. തൊഴിലില്‍ പ്രത്യക്ഷ- പരോക്ഷവരുമാനം വന്നുചേരുന്നതാണ്. ഭൂമിയിടപാടുകള്‍ വലിയ ലാഭത്തിലേക്ക് നയിക്കാം.
വിദേശയാത്രക്ക് ആദ്യം തടസ്സം നേരിടുമെങ്കിലും പിന്നീട് കാര്യസാധ്യം ഭവിച്ചേക്കും. ഉപരി വിദ്യാഭ്യാസകാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഏര്‍പ്പെട്ടേക്കാം. മേടം, ചിങ്ങം, കന്നി, മകരം മാസങ്ങളില്‍ നവീന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നതാണ്. പുതുസാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യാപാരനവീകരണം ഭാവിയിലും ഗുണപ്രദമാകും.
വിവാഹത്തിന് ചിലപ്പോള്‍ കാലവിളംബം വന്നേക്കാം. മിഥുനം, തുലാം, വൃശ്ചികം മാസങ്ങളില്‍ സകലകാര്യങ്ങളും ശ്രദ്ധയോടെ ചെയ്യണം. മിതവ്യയം, ആരോഗ്യപരിപാലനം എന്നിവ അനിവാര്യം. പരിഹാരം: വിഷ്ണുഭജനം മുടക്കരുത്. കുടുംബക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നടത്തണം. അരയാല്‍പ്രദക്ഷിണം ശ്രേയസ്സേകും.
വിഷുഫലം 2023 ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
വലിയ നേട്ടങ്ങള്‍ അനുഭവത്തില്‍ എത്തിച്ചേരുന്ന വര്‍ഷമാണ്. ധനസ്ഥിതി ഉയരും. കുടുംബത്തില്‍ സമാധാനം വന്നുചേരും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. മത്സരം, പരീക്ഷ എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കും. സഹോദരര്‍, സഹപ്രവര്‍ത്തകര്‍, ശിഷ്യര്‍ എന്നിങ്ങനെ ഒരുപാട് പേര്‍ പിന്തുണയ്‌ക്കും പിന്‍ബലത്തിനും ഒപ്പമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മികച്ച സൗകര്യങ്ങള്‍ ലബ്ധമാകും.
തൊഴില്‍തേടുന്നവര്‍ നിരാശപ്പെടില്ല. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പുരോഗതിയുടെ കാലമാണ്. അവിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സിദ്ധിക്കുന്നതാണ്.
മേടം, ഇടവം, കന്നി, തുലാം കുംഭം എന്നീ മാസങ്ങളില്‍ വളര്‍ച്ചയും നേട്ടങ്ങളും ഏറും. കര്‍ക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളില്‍ കഷ്ടനഷ്ടങ്ങളും മനക്ലേശങ്ങളും ഉണ്ടായേക്കാം. പരിഹാരം:- രാഹുപ്രീതിക്ക് നാഗാരാധന ഉത്തമം. ദേവീമാഹാത്മ്യം യഥാവിധി പാരായണം ചെയ്യുന്നതും നന്ന്. ചൊവ്വാപ്രീതിക്ക് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം.
വിഷുഫലം 2023 മകരക്കൂറിന് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
സമൂഹത്തില്‍ സ്വാധീനം വര്‍ദ്ധിക്കും. രാഷ്‌ട്രീയ മല്‍സരങ്ങളില്‍ വിജയിക്കും. നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ആദായം ലഭിക്കും. നൂതനസാങ്കേതിക വിഷയങ്ങളില്‍ ഉപരിപഠനം സാധ്യമാകും. പാരമ്പര്യ തൊഴിലുകള്‍ നവീകരിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നുള്ളവായ്പാ സഹായം പ്രയോജനപ്പെടുത്തും. ഗാര്‍ഹികജീവിതം ആസ്വാദ്യമാകും. ചെറുതും വലുതുമായ യാത്രകള്‍ നേട്ടങ്ങള്‍ക്ക് വഴിതുറക്കും. ഗൃഹ-വാഹന ലബ്ധിയും സാധ്യതയാണ്.
അവിവാഹിതര്‍ക്ക് കുടുംബജീവിതത്തില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുങ്ങും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. മിഥുനം, തുലാം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളില്‍ നേട്ടങ്ങള്‍ കൂടും. ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളില്‍ ചില പ്രതികൂലതകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പരിഹാരം: ശനിപ്രീതിക്കായി ശാസ്തൃഭജനവും രാഹുപ്രീതിക്കായി ദുര്‍ഗാ ഭജനവും അനിവാര്യമാണ്.
വിഷുഫലം 2023 കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാല്‍)
നിലപാടുകളില്‍ ഉറച്ച് നില്‍ക്കും. സാമൂഹ്യ- പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേരം കണ്ടെത്തും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍ മന്ദീഭവിക്കാം. ശമ്പളക്കുടിശ്ശിക ലഭിക്കാന്‍ വൈകിയേക്കും. സഹായസ്ഥാനത്ത് രാഹുവും വ്യാഴവും ഉള്ളതിനാല്‍ പിന്തുണ ചിലപ്പോള്‍ ഗുണത്തിനും ചിലപ്പോള്‍ ദോഷത്തിനും ആവാനിടയുണ്ട്.
പുതുസൗഹൃദങ്ങള്‍ ഉണ്ടാവാം. നൂതനസംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് കരുതലോടെ വേണം. മക്കളുടെ ഉന്നമനം ലക്ഷ്യമാക്കി ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. സാമ്പത്തികനില ശരാശരിയായി തുടരും. ഗൃഹനിര്‍മ്മാണം ഇടക്ക് തടസ്സപ്പെടാം. വിവാഹാലോചനകള്‍ പതുക്കെയാവും. വിദേശ യാത്രകള്‍ക്ക് അവസരമുണ്ടാവും. ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങള്‍ കൂടിയുംകുറഞ്ഞുമിരിക്കും.
രോഗികള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. സാഹസങ്ങള്‍ക്ക് മുതിരരുത്. മേടം, കര്‍ക്കടകം, തുലാം, വൃശ്ചികം മാസങ്ങള്‍ കൂടുതല്‍ ഗുണകരമാവും. പരിഹാരം: ശനിദോഷ നിവൃത്തിക്ക് നീരാജനം, അരയാല്‍ പ്രദക്ഷിണം ഉത്തമം. വ്യാഴപ്രീതിക്ക് വിഷ്ണുഭജനം മുടക്കരുത്.
വിഷുഫലം 2023 മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
വിദേശത്ത് പഠനം, വിദേശത്ത് ജോലി എന്നിവയ്‌ക്കായി കാത്തിരിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും. സാമ്പത്തികക്ലേശം നീങ്ങുന്നതാണ്. കലാപ്രവര്‍ത്തനത്തില്‍ വിജയം വരിക്കും. ഗവേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സഭകള്‍ / സംഘടനകള്‍/ ക്ഷേത്രാദിസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃനിരയിലേക്കെത്തും. കടബാധ്യത കുറയ്‌ക്കാന്‍ കഴിയുന്നതാണ്.
വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. കുടുംബ ജീവിതം സുഖകരമാകും. മക്കള്‍ പഠനത്തില്‍ മികവുകാട്ടും. ഗൃഹനവീകരണ ശ്രമങ്ങള്‍ക്ക് വായ്പകള്‍ പ്രയോജനപ്പെടുത്തും. ഇടവം, ചിങ്ങം, ധനു, മകരം മാസങ്ങള്‍ സദ്ഫലപ്രദങ്ങളാവും. മിഥുനം, കന്നി, തുലാം, കുംഭം എന്നിവയില്‍ ജാഗ്രത കൂട്ടണം.
ഈ മാസങ്ങളില്‍ സാഹസങ്ങള്‍ക്കും വലിയ ക്രയവിക്രയങ്ങള്‍ക്കും മുതിരരുത്. പരിഹാരം: ശനിപ്രീതിക്കായി ശാസ്താവിനെയും രാഹുദോഷ നിവൃത്തിക്കായി ദുര്‍ഗയേയും ഭജിക്കണം.
തയാറാക്കിയത്
ശ്രീനിവാസ അയ്യര്‍
(9846023343)
പ്രതികരിക്കാൻ ഇവിടെ എഴുതുക: