കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തില്‍ ഇയാള്‍ ആരുമായൊക്കെ ബന്ധപ്പെട്ടിരുന്നെന്നാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ താന്‍ തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഷാരുഖ് ആവര്‍ത്തിക്കുന്ന്.
ആക്രമണം നടന്ന ഞായറാഴ്ച രാവിലെ ഷാരുഖ് ഷൊര്‍ണൂര്‍ ജങ്ഷനില്‍ രാവിലെ 4.49ന് എത്തിയതാണ്. പിന്നീട് രാത്രി 7.19നാണ് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ കയറുന്നത്. ഇതിനിടയിലെ ഒരു പകല്‍ നടന്ന കാര്യങ്ങളാണ് കണ്ടെത്തേണ്ടത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു നടന്ന് കനറാ ബാങ്കിനു മുന്‍വശത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പമ്പിലെത്തിയത്. അതിന് മുമ്പ് 4 ലീറ്റര്‍ ശുദ്ധജലം വാങ്ങി കുപ്പികളില്‍ നിന്ന് ഒഴിച്ചുകളഞ്ഞതായാണു കരുതുന്നത്.
കൂടാതെ ഇയാള്‍ക്ക് ഭക്ഷണമെത്തിച്ചത് ആരെന്നും കണ്ടെത്തണം. കൂട്ടാളികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ധരിച്ചിരുന്നത്. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് നേരത്തേ ട്രാക്കില്‍ വീണു നഷ്ടമായിരുന്നു. കണ്ണൂരില്‍ ഇയാള്‍ ചെന്ന് ഇറങ്ങിയത് അര്‍ധരാത്രിയാണ്. പുലര്‍ച്ചെയോടെ മരുസാഗര്‍ എക്സ്പ്രസില്‍ കയറിപ്പോവുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഇയാള്‍ക്ക് മാറാനുള്ള വസ്ത്രം എവിടെനിന്നു കിട്ടി എന്നതും അറിയാനുണ്ട്.
ഷാരൂഖ് സൈഫിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒറ്റക്കാണ് ചെയ്തത് എന്ന മൊഴി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്. ഡി1 കോച്ചില്‍ തീയിട്ടശേഷം ഡി2 കൂടി കത്തിക്കാന്‍ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് നിഗമനം. എന്നാല്‍ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ഇയാളുടെ ബാഗ് പുറത്തേയ്ക്ക് വീഴുകയായിരുന്നു
അതേസമയം ഷാരൂഖിനെ ഇന്ന് രാവിലെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കല്‍ കോളേജിലെ ഗ്യാസ്ട്രോ എന്‍ഡ്രോളജി, സര്‍ജറി വിഭാഗങ്ങളാണ് ഇന്ന് പരിശോധിക്കുക. തുടര്‍ന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: