ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച അരുണാചല്‍ പ്രദേശിലെത്തും. സന്ദര്‍ശനത്തിന്റെ ആദ്യ ദിനം അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയില്‍ അതിര്‍ത്തി ഗ്രാമമായ കിബിത്തൂവില്‍ അദ്ദേഹം ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്യും.
കിബിത്തൂവില്‍ ‘സുവര്‍ണ്ണ ജൂബിലി അതിര്‍ത്തി പ്രകാശപൂരിതമാക്കല്‍ പദ്ധതിക്ക് ‘ കീഴില്‍ നിര്‍മ്മിച്ച അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഒമ്പത് സൂക്ഷ്മ ജലവൈദ്യുത പദ്ധതികളും കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും.അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതിയാണിത്.
വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് കീഴില്‍ അരുണാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും ലഡാക്കിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 19 ജില്ലകളിലെ 46 ബ്ലോക്കുകളിലായി 2967 ഗ്രാമങ്ങള്‍ സമഗ്ര വികസനത്തിനായി കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ അരുണാചല്‍ പ്രദേശിലെ 455 ഗ്രാമങ്ങള്‍ ഉള്‍പ്പെടെ 662 ഗ്രാമങ്ങളാണ് മുന്‍ഗണനാക്രമത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കിബിത്തൂവിലെ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: