കൊച്ചി : ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ. 48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ.
ഏപ്രിൽ 25നാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി. ഓൺലൈനായി ടെൻഡറിന് അപേക്ഷ നൽകാം. സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയിൽ പറയുന്നു. പ്രതിവർഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തും പരിചയം വേണമെന്നും വ്യവസ്ഥ വ്യക്തമാക്കുന്നു. പുതിയ ടെൻഡർ ക്ഷണിക്കാൻ സർക്കാർ രണ്ട് മാസം മുമ്പ് കോർപ്പറേഷന് അനുമതി നൽകിയിരുന്നു.
ജൈവ മാലിന്യം മാത്രം സംസ്കരിക്കാനുള്ള പ്ലാൻ്റിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നഗരസഭ നേരത്തേ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം മൂന്ന് ഏജൻസികൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: