തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്ത് ലോകായുക്തയും ഉപലോകായുക്തയും. ദുരിതാശ്വാസ നിധി ഫണ്ട് കേസ് ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കേയാണ് ഇരുവരേയും മുഖ്യമന്ത്രി വിരുന്നിനായി ക്ഷണിച്ചത്. ഇഫ്താര്‍ വിരുന്ന് സംബന്ധിച്ച വാര്‍ത്താ കുറിപ്പിലും ലോകായുക്തയുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവരും പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ലോകായുക്ത പങ്കെടുത്തുന്നത് മനപ്പൂര്‍വ്വം സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നതാണ് വിവാദം.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചൊവ്വാഴ്ച സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്നില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് പങ്കെടുത്തത്. ചാനലുകള്‍ക്ക് പിആര്‍ഡി നല്കിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയാണ് നല്‍കിയത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ ഇരുവരും അടങ്ങിയ ഡിവിഷന് ബെഞ്ച് ഭിന്നവിധി പുറപ്പെടുവിക്കുകയും കേസ് ഫുള്‍ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് ആശ്വാസം ഏകുന്നതായിരുന്നു ഈ നടപടി. കേസ് ഈമാസം 12നാണ് ലോകായുക്തയുടെ ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ വിരുന്നിനെ കുറിച്ചുള്ള പിആര്‍ഡി വാര്‍ത്താകുറിപ്പില്‍ ലോകായുക്തയുടെ പേര് വെച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസ് പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന് ആര്.എസ്. ശശികുമാര്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടേയും ഗവര്‍ണറുടേയും സത്കാരങ്ങളില്‍ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യ വിവാദമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പക്ഷേ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വിവാദത്തെ ശക്തമാകുന്നു. പരിപാടിയെ കുറിച്ചുള്ള പിആര്‍ഡി വാര്‍ത്താകുറിപ്പില്‍ പങ്കെടുത്തുവരുടെ പട്ടികയില്‍ ലോകായുക്തയുടെ പേര് ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: