ന്യൂദല്‍ഹി: ഇന്ന് കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഗജ് ഉത്സവ്-2023 ഉദ്ഘാടനം ചെയ്തു. പ്രകൃതിയും മനുഷ്യത്വവും തമ്മില്‍ വളരെ പവിത്രമായ ബന്ധമാണുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്‌ട്രപതി പറഞ്ഞു. പ്രകൃതിയെ ബഹുമാനിക്കുന്ന സംസ്‌കാരമാണ് നമ്മുടെ നാടിന്റെ സ്വത്വമെന്നും മുര്‍മു പറഞ്ഞു.
ഇന്ത്യയില്‍, പ്രകൃതിയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പരസ്പരപൂരകമായി പോഷണം സ്വീകരിച്ചുവരുന്നു. ആനകളെ ഏറ്റവും ബഹുമാനിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. അത് സമൃദ്ധിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം കൂടിയാണ് ആന. അതിനാല്‍, ആനകളെ സംരക്ഷിക്കുക എന്നത് നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കുക എന്ന നമ്മുടെ ദേശീയ ഉത്തരവാദിത്തത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രകൃതിക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാനവരാശിയുടെയും ഭൂമിമാതാവിന്റെയും താല്‍പര്യം കൂടിയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ആന സംരക്ഷണ കേന്ദ്രങ്ങളിലെ വനങ്ങളും ഹരിത പ്രദേശങ്ങളും വളരെ ഫലപ്രദമായ കാര്‍ബണ്‍ സിങ്കുകളാണ്. അതുകൊണ്ട് തന്നെ ആനകളുടെ സംരക്ഷണം നമുക്കെല്ലാവര്‍ക്കും ഗുണകരമാകുമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ഇത് സഹായിക്കുമെന്ന് പറയാം. ഇത്തരം ശ്രമങ്ങളില്‍ സര്‍ക്കാരിനൊപ്പം സമൂഹത്തിന്റെ പങ്കാളിത്തവും ആവശ്യമാണ്.
ആനകളെ വളരെ ബുദ്ധിയും സെന്‍സിറ്റീവായ മൃഗങ്ങളായാണ് കണക്കാക്കുന്നത്. അവയും മനുഷ്യരെപ്പോലെ സാമൂഹിക മൃഗങ്ങളാണ്. ആനകളോടും മറ്റ് ജീവജാലങ്ങളോടും മനുഷ്യനോടുള്ള അതേ അനുകമ്പയും ബഹുമാനവും നമുക്കുണ്ടാകണം. മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ വികാരം നമുക്ക് പഠിക്കാന്‍ കഴിയുമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
‘ആന-മനുഷ്യസംഘര്‍ഷം’ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്നമാണ്. ഈ സംഘര്‍ഷം വിശകലനം ചെയ്യുമ്പോള്‍, ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലോ ചലനത്തിലോ സൃഷ്ടിക്കപ്പെട്ട ഒരു തടസ്സമാണ് മൂലകാരണം എന്ന് കണ്ടെത്താനാകും. അതിനാല്‍ ഈ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം മനുഷ്യ സമൂഹത്തിനാണ്. ആനകളെ സംരക്ഷിക്കുക, അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുക, ആന ഇടനാഴികള്‍ തടസ്സങ്ങളില്ലാതെ സൂക്ഷിക്കുക എന്നിവയാണ് പ്രോജക്ട് എലിഫന്റിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. ആന-മനുഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
അസമിലെ കാസിരംഗ, മാനസ് ദേശീയ ഉദ്യാനങ്ങള്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ അമൂല്യമായ പൈതൃകമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. അതുകൊണ്ടാണ് ഇവയ്‌ക്ക് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കിയത്. രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് അസമെന്നും മുര്‍മു ചൂണ്ടിക്കാട്ടി. അതിനാല്‍ ഗജ്-ഉത്സവ് സംഘടിപ്പിക്കുന്നതിന് വളരെ അനുയോജ്യമായ സ്ഥലമാണ് കാസിരംഗ. പ്രോജക്ട് എലിഫന്റ്, ഗജ്-ഉത്സവ് എന്നിവയുടെ വിജയത്തിനായി എല്ലാ പങ്കാളികളും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: