ക്രമസമാധാനനില വഷളാകാതെ സൂക്ഷിക്കുന്നതില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ കൃതജ്ഞതാഭരിതരായിരിക്കേണ്ടത് കേന്ദ്ര ഏജന്‍സികളോടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് എലത്തൂര്‍ ട്രെയിന്‍ സംഭവം.
കോഴിക്കോട് ഏലത്തൂരില്‍ ട്രെയിന്‍ തീവച്ച ഭീകരനെ കുപ്രസിദ്ധ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ജന്മനാടായ രത്നഗിരിയില്‍നിന്ന് പിടികൂടാനായത് കേന്ദ്ര ഏജന്‍സികളുടെ നിതാന്ത ജാഗ്രതയും ദ്രുതപ്രവര്‍ത്തനവും കൊണ്ടാണെന്നു സംസ്ഥാന ഡിജിപിക്കുപോലും സമ്മതിക്കേണ്ടി വന്നു. എന്നിട്ടും ഇതില്‍ കേരള പോലീസിനെ മുക്തകണ്ഠം പ്രശംസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയെ മണിച്ചിത്രത്താഴ് സിനിമയില്‍ പറയുന്നതുപോലെ ‘സൈക്കോസിസിന്റെ ഭയാനകമായ വേര്‍ഷന്‍’ എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.
പ്രതി പോലീസ് തന്നെ
സംഭവം നടന്ന് മൂന്നു മണിക്കൂര്‍ ട്രെയിനിനകത്തും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുമായി പ്രതി ഉണ്ടായിരുന്നിട്ടും ഒരു സൂചന പോലും കേരള പോലീസിനു കിട്ടിയില്ല. നാമമാത്രമായ തിരച്ചില്‍പോലും നടത്തിയില്ലെന്നത് അദ്ഭുതത്തോടെ മാത്രമേ നിരീക്ഷിക്കാനാവൂ. പ്രതി കേരളത്തില്‍നിന്ന് രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എത്താന്‍ തന്നെ കാരണം കേരള പോലീസാണ്. അപകടം നടന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഏലത്തൂരില്‍ പിടിച്ചുനിര്‍ത്തിയിട്ടും പോലീസ് പരിശോധന നടത്തിയില്ല.
ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസില്‍ ഞായറാഴ്ച രാത്രി 9.27നാണ് ആക്രമണമുണ്ടാകുന്നത്. അതിനു ശേഷം പ്രതി കണ്ണൂര്‍ വരെ സഞ്ചരിച്ച് അവിടെനിന്ന് ട്രെയിന്‍ കയറി കാസര്‍കോട് അതിര്‍ത്തി കടന്നെങ്കിലും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. തീയിട്ട ട്രെയിനില്‍ തന്നെയാണ് ഭീകരന് കണ്ണൂര്‍ വരെ പോയതെന്നത് ശ്രദ്ധേയമാണ്. മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ടായിട്ടും സുരക്ഷിതമായി കേരളം കടക്കാന്‍ പ്രതിക്കു കഴിഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ഇയാള്‍ മണിക്കൂറുകളോളം തങ്ങിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നത് എത്രയോ വലിയ നാണക്കേടാണ്. റെയില്‍വേ പോലീസ് ഇയാളെ കാണുകയും ‘എന്താണിവിടെ കിടക്കുന്നത്’ എന്നു ചോദിക്കുകയും ചെയ്തിട്ടും അതു പ്രതിയാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
പ്രതിഫലിക്കുന്നതു മൃദു സമീപനം
ഒടുവില്‍ മഹാരാഷ്ട്ര എടിഎസ് കൈമാറിയ പ്രതി ഷാറുഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചതിലും വന്‍ സുരക്ഷാ വീഴ്ച ഉണ്ടായി. ഷാറുഖ് സെയ്ഫിയെ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയാണ്. പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നത് ഒന്നര മണിക്കൂറോളമാണ്. കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പ്പാടാക്കിയ വാഹനം ബ്രേക്ഡൗണായി. മാത്രമല്ല, പ്രതിക്കൊപ്പം മൂന്നു പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവില്‍ കോഴിക്കോട്ടെ പോലീസ് ക്യാമ്പിലേക്ക് പ്രതിയെ കൊണ്ടുവന്നത് സ്വകാര്യവാഹനത്തില്‍. ഇതെല്ലാം സൂചിപ്പിക്കുന്നത് തീവ്രവാദത്തോടുള്ള കേരള സര്‍ക്കാരിന്റെ മൃദുസമീപനമാണ്.
മുവാറ്റുപുഴയില്‍ പ്രഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി മതമൗലിക വാദികള്‍ വെട്ടി മാറ്റിയപ്പോഴും കോഴിക്കോടും കൊച്ചിയിലും കൊല്ലത്തുമെല്ലാം ബോംബ് പൊട്ടിയപ്പോഴും തീവ്രവാദിയായ മദനിയെ ജയിലില്‍നിന്ന് പുറത്തിറക്കാനുള്ള കൂട്ടായ പ്രവര്‍ത്തനത്തിലായിരുന്നു സംസ്ഥാന ഭരണകൂടം. കേരള പോലീസിന്റെ സമീപനം ഈ കേസുകളിലെല്ലാം കേരളം കണ്ടു. അന്വേഷണമെന്ന പേരില്‍ നടന്ന തെളിവു നശിപ്പിക്കലിനൊടുവില്‍ പ്രതികളെ പിടിക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനുമെല്ലാം കേന്ദ്ര ഏജന്‍സികള്‍തന്നെ എത്തേണ്ടി വന്നു. പ്രഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പോലീസിന്റെ മൂക്കിന്‍തുമ്പില്‍നിന്നു രക്ഷപ്പെട്ടുപോയ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുത്തിക്കൊന്ന കേസിലെയും ഒന്നാം പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കേരള പോലീസിനു കഴിഞ്ഞിട്ടിലെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
അറിഞ്ഞാലും അറിയുന്നില്ല
കേരളത്തില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ ഐഎസില്‍ (ഇസ്ളാമിക് സ്റ്റേറ്റ്) ചേര്‍ന്നതും ഇതിനായി യുവതികളെ മതം മാറ്റി വിവാഹം കഴിച്ചതും കനകമലയിലും പാനായിക്കുളത്തും വാഗമണ്ണിലും തീവ്രവാദികളുടെ ക്യാമ്പുകള്‍ നടന്നതും കേരള പോലീസ് അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും പിന്തുണച്ചു. കേരള പോലീസിലെതന്നെ തീവ്രവാദ സാന്നിധ്യം അറിഞ്ഞിട്ടും നടപടിയെടുത്തില്ല. ഒടുവില്‍, ഹര്‍ത്താലിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരനെ സഹായിക്കുകയും വിവരങ്ങള്‍ ചോര്ത്തിനല്കുകയും ചെയ്ത കാലടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സിയാദിനെ സസ്പെന്‍ഡ് ചെയ്യുന്നിടം വരെയെത്തി ഫോഴ്സിനുള്ളിലെ അഴിഞ്ഞാട്ടം.
ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ പി.കെ. അനസിന്റെ ധൈര്യം കണ്ടു കേരളം ഞെട്ടിയിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോലീസിന്റെതന്നെ ഡേറ്റാ ബാങ്കില്‍നിന്നാണ് അനസ് ചോര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇയാളെയും സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. കേരളത്തിലെ ഐഎസ് സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ വിവരങ്ങളുണ്ടായിരുന്നു അതില്‍. പ്രതിരോധ വകുപ്പും ആഭ്യന്തര വകുപ്പും വിവിധ ഏജന്‍സികളും ഇന്റലിജന്‍സ് ഏജന്‍സികളും കേരളത്തിന് കാലാകാലങ്ങളായി നല്കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായും അവഗണിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്.
തീവ്രവാദ കേസുകളില്‍ കേരള പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നില്ലെന്ന് പാനായിക്കുളം ഭീകരവാദ കേസ്, വാഗമണ്‍ സിമി ക്യാമ്പ്, നാറാത്ത് ഭീകരവാദ കേസ്, കനകമല ഐഎസ് ഭീകരവാദ പരിശീലന കേസ് തുടങ്ങി നിരവധി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അത്തരം സ്ഥലങ്ങളില്‍ യാതൊരു നിരീക്ഷണവും നടത്തിയില്ല. ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ച് ലഭിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാതെ ഈ കേസുകളിലെല്ലാം സംസ്ഥാന ഗവണ്മെന്റ് ഒളിച്ചുകളിക്കുകയായിരുന്നു.
മദനി, സാക്കീര്‍ നായിക്ക്, എം.എം.അക്ബര്‍, മുജാഹിദ് ബാലുശ്ശേരി, സൈനുദ്ദീന്‍ പാലക്കല്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി തീവ്രവാദ പ്രചാരകര്‍ കാമ്പസുകളില്‍ നുഴഞ്ഞു കയറിയപ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിന്നത് സിപിഎം ആണ്. അതിനവര്‍ ആവിഷ്കാര സ്വാതന്ത്ര്യമെന്നും മൗലികാവകാശമെന്നും ന്യൂനപക്ഷ സ്വാതന്ത്ര്യം എന്നും ഓമനപ്പേര് നല്കി. അതുകൊണ്ടുതന്നെ ഇതിലൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായില്ല. ഒടുവില്‍ കേന്ദ്ര ഏജന്‍സികള്‍തന്നെ എത്തേണ്ടി വന്നു, കേസുകള്‍ തെളിയിക്കാന്‍.
മുന്നറിയിപ്പുകളും അവഗണിച്ചു
അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസ് രൂപീകരണത്തോടെയാണ് കേരളത്തില്‍ തീവ്രവാദം ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. വിദ്വേഷ പ്രസംഗം അതിഭീകരമായി മുസ്ളീം യുവാക്കളില്‍ കുത്തിവയ്ക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പ് കേരള പോലീസ് അവഗണിച്ചു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അകത്തായ മദനിയെ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് കളമശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച സംഭവം ഉണ്ടായി. ഈ കേസിലും ഭാഗികമായ അന്വേഷണമേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂ. ഇതും പൂര്‍ണാര്‍ഥത്തില്‍ എടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണ്ടിവന്നു.
മദനി ദുര്‍ബലനായതോടെയാണ് എന്‍ഡിഎഫ് എന്ന ഭീകര സംഘടന രൂപം കൊള്ളുന്നത്. പിന്നീട് അത് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയായി. കേരളത്തെ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു പിഎഫ്ഐയുടെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ നിന്നാണ് ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ചേര്‍ന്നത്. എന്നാല്‍ സംസ്ഥാന പോലീസ് ഇക്കാര്യം ഗൗരവത്തില്‍ എടുത്തില്ല. കനകമല, വാഗമണ്‍, പാനായിക്കുളം തീവ്രവാദ കേസുകള്‍ അന്വേഷിച്ചു തെളിയിച്ചത് എന്‍ഐഎ ആയിരുന്നു. അന്വേഷിച്ചില്ല എന്നു മാത്രമല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംസ്ഥാന പോലീസ് സഹകരിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: