ന്യൂദല്‍ഹി: ഇന്ത്യയിലെ ജനാധിപത്യം സംബന്ധിച്ച് വിദേശത്ത് ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപിയും അദാനിയുമായുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധം സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളം തുടര്‍ന്നതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ മാസം 13ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതില്‍ പിന്നെ ലോക് സഭയും രാജ്യസഭയും തുടര്‍ച്ചയായി ബഹളത്തിലമരുകയായിരുന്നു.
ബഹളം മൂലം കേന്ദ്ര ബജറ്റിലും മറ്റ് നിയമനിര്‍മ്മാണങ്ങളിലും ചര്‍ച്ച നടത്താനായില്ല. ബഹളത്തിനിടെയാണ് ഇവ പാസാക്കിയത്. രാവിലെ ലോക് സഭ സമ്മേളിച്ചപ്പോള്‍, സമ്മേളനത്തില്‍ എട്ട് ബില്ലുകള്‍ അവതരിപ്പിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഇതില്‍ ആറെണ്ണം പാസായി. അതേസമയം സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നതില്‍ സ്പീക്കര്‍ അതൃപ്തി രേഖപ്പെടുത്തി. സ്പീക്കര്‍ സംസാരിക്കുമ്പോഴും കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു,ടിഎംസി കക്ഷികള്‍ അദാനി വിഷയം ഉയര്‍ത്തി ബഹളം വയ്ക്കുകയായിരുന്നു.
രാജ്യസഭ രാവിലെ സമ്മേളിച്ചപ്പോഴും ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. സഭാ നടപടികളുടെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കോണ്‍ഗ്രസ് എം പി രജനി അശോക്റാവു പട്ടേലിന്റെ സസ്പന്ഷന് തുടരുമെന്ന് സ്പീക്കര്‍ അറിയിച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തുന്നതില്‍ സഭാധ്യക്ഷന് ജഗ്ദീപ് ധന്‍കര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ബഹളം തുടര്‍ന്നതോടെ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: