ഒരിക്കല്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒട്ടൊക്കെ പ്രാകൃതമെന്നു പറയാവുന്ന രീതിയില്‍ വേഷം ധരിച്ച ഒരു ചെറുപ്പക്കാരന്‍ മയാളികളുടെ പ്രിയ കാഥികനായ എം.മുകുന്ദനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ചെന്നു. മുകുന്ദനെ കണ്ടപാടെ ചെറുപ്പക്കാരന്‍ പൊട്ടിത്തെറിച്ചു. വായില്‍ തോന്നിയ അസഭ്യങ്ങളൊക്കെ മുകുന്ദനെ വിളിച്ചു. കാരണമെന്താണെന്നു കേട്ടാല്‍ ആരും അതിശയിച്ചുപോകും. എഴുപതുകളിലും എണ്‍പതുകളിലും മുകുന്ദനെഴുതിയ ആഖ്യായികകള്‍ വായിച്ച് അവയിലെ കഥാപാത്രങ്ങളായി സ്വയം മാറിപ്പോയ ആളായിരുന്നു ചെറുപ്പക്കാരന്‍. മയ്യഴിയിലെ ദാസനും ഡല്‍ഹിയിലെ അരവിന്ദനും ഈ ലോകം അതിലൊരു മനുഷ്യനിലെ അപ്പുവുമെല്ലാം ചെറുപ്പക്കാരനില്‍ ആവേശിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു താടിയും പ്രാകൃത രൂപവുമൊക്കെ.
നോവലിസ്റ്റിലും ചെറുപ്പക്കാരന്‍ പ്രതീക്ഷിച്ചത് താടി നീട്ടി വളര്‍ത്തിയ ലഹരിക്കടിമപ്പെട്ട ഒരു പ്രാകൃതവേഷത്തെ ആയിരുന്നു. എന്നാല്‍ ക്ലീന്‍ഷേവ് ചെയ്ത് നല്ല വേഷം ധരിക്കുന്ന, നല്ല കുടുംബജീവിതം നയിക്കുന്ന, മുകുന്ദനെ യുവാവിനു താങ്ങാനായില്ല. ”എന്നെ ഈ കോലത്തിലാക്കിയിട്ട് താനിവിടെ സുഖിക്കുന്നോ?” എന്നായിരുന്നു അയാളുടെ ചോദ്യം. ഈ സംഭവത്തെക്കുറിച്ച് കഥാകൃത്ത് പില്‍ക്കാലത്തു പറഞ്ഞത് തനിക്കു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് എന്നായിരുന്നു.
ഇത് ഏതെങ്കിലുമൊരു യുവാവിന്റെ മാത്രം അവസ്ഥയായിരുന്നില്ല. കാക്കനാടനും മുകുന്ദനും ആനന്ദും ഒ.വി.വിജയനും തുടങ്ങി ഒരു ഡസന്‍ ആധുനിക എഴുത്തുകാര്‍ മലയാളത്തില്‍ ഇളക്കിവിട്ട നവസംവേദനം സ്‌ഫോടനാത്മകമായിരുന്നു. അതില്‍ പടിഞ്ഞാറന്‍ ആധുനികതയെ പൂര്‍ണമായും ഉള്‍ക്കൊണ്ട എഴുത്തുകാരന്‍ മുകുന്ദനായിരുന്നു എന്നതാണ് സത്യം. വായനയുടെ വസന്തം സൃഷ്ടിച്ചതും മുകുന്ദന്റെ നോവലുകള്‍ തന്നെ. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ വായിക്കാത്ത യുവവായനക്കാരാരും അന്നു കേരളത്തിലുണ്ടായിരുന്നിരിക്കില്ല. ഈ ലേഖകന്റെ തലമുറയില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍പോലും മയ്യഴിയും ഡല്‍ഹിയും ഈ ലോകം അതിലൊരു മനുഷ്യനും ആവിലായിലെ സൂര്യോദയവും വേശ്യകളെ നിങ്ങള്‍ക്കൊരമ്പലവും ഒക്കെ വായിച്ച് അസ്വസ്ഥരായിട്ടുണ്ട്.
അക്കാലത്ത് ഫ്രഞ്ച് അംബാസഡറായിരുന്ന ക്ലോഡ് ബ്ലാന്‍ചമൈഷന്‍ (ഇഹമൗറല ആഹമിരവലാമശെീി) കേരളം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ കൂട്ടിനു കൂട്ടിയത് എംബസിയിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായിരുന്ന മുകുന്ദനെ ആയിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. മുകുന്ദന്‍ എംബസിക്കാര്‍ക്കു കൂടി പ്രിയപ്പെട്ട എഴുത്തുകാരനായിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി നായനാരെ സന്ദര്‍ശിക്കാന്‍ ചെന്ന അംബാസഡറെ തഴഞ്ഞ് അദ്ദേഹം മുകുന്ദനെ ആലിംഗനം ചെയ്ത് ”ഓ ഇറ്റ് ഈസ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍” എന്നു പറയുന്നതു കണ്ട് ആ ഉദ്യോഗസ്ഥന്‍ അത്ഭുതപ്പെട്ടു. ”കി ഗലൃമഹമ ങൗസൗിറമി ശ ൊീൃല ളമാീൗ െവേമി ാല. ക ളലഹ േവേമ േമിറ ംമ െലരെീൃശേിഴ വശാ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തീരെ ചെറുപ്പത്തില്‍ത്തന്നെ മുകുന്ദന്‍ കേരളത്തില്‍ അതിപ്രശസ്തനായിക്കഴിഞ്ഞിരുന്നു.
മാഹിയിലെ ഒരു ചെറുകിട കച്ചവടക്കാരന്റെ എട്ട് മക്കളിലൊരാളായി 1942 ല്‍ ജനിച്ച മണിയമ്പത്ത് മുകുന്ദന്‍ 1961 ല്‍ 19-20 വയസ്സില്‍ത്തന്നെ തന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചു. 1974 ല്‍ പ്രസിദ്ധീകരിച്ച ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ മുതല്‍ അദ്ദേഹം മലയാളത്തിന്റെ ഒന്നാംനിര എഴുത്തുകാരനായി. അതിനുശേഷം വിരാമമില്ലാതെ ആ എഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ കൃതിയിലും വ്യത്യസ്തത പുലര്‍ത്താന്‍ കഴിയുന്നു എന്നതുകൊണ്ട് വായനക്കാര്‍ക്കു പ്രിയങ്കരനായി തുടരാന്‍ അദ്ദേഹത്തിനു കഴിയുന്നു. തുടര്‍ച്ചയായി മെച്ചപ്പെട്ട രചനകള്‍ നടത്തുക എന്നത് പ്രതിഭയുടെ ഒരു സവിശേഷവശമാണ്. ഒന്നോ രണ്ടോ മെച്ചപ്പെട്ട രചനകള്‍ നടത്തി അതിന്റെ പിന്‍ബലത്തോടെ എഴുത്തിന്റെ ലോകത്ത് പിടിച്ചുനില്‍ക്കുന്നവരാണ് അധികംപേരും. എന്നാല്‍ മുകുന്ദന്‍ അങ്ങനെയല്ല. ഓരോ കൃതി പുറത്തിറങ്ങുമ്പോഴും ആസ്വാദകലോകത്തിന് ചര്‍ച്ച ചെയ്യാന്‍ എന്തെങ്കിലുമുണ്ടാവും എന്നതാണ് ഈ മഹാകാഥികനെ വ്യത്യസ്തനാക്കുന്നത്.
‘ഡെല്‍ഹി 1981’ എന്ന ചെറുകഥ പുറത്തുവന്നപ്പോള്‍ ആസ്വാദക ലോകത്തിനുണ്ടായ ഞെട്ടല്‍ മലയാളത്തിലെ മറ്റുകഥകള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്ത നവ്യാനുഭവമായിരുന്നു. നിരന്തരം സ്വയംനവീകരിക്കുന്ന മുകുന്ദന്‍ ആധുനികതയുടെ ചുറ്റുവട്ടത്തില്‍ മാത്രം ഒതുങ്ങിയില്ല. ഫ്രഞ്ചു ഭാഷയിലുള്ള പരിജ്ഞാനവും ആ ഭാഷയിലെ സാഹിത്യകൃതികളിലുള്ള പരിചയവും ആധുനികതയെ അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. മഹാനഗരങ്ങളില്‍ മനുഷ്യര്‍ അനുഭവിച്ച തീവ്രമായ ഒറ്റപ്പെടലില്‍നിന്നാണ് ആധുനികത യൂറോപ്പില്‍ പിറവിയെടുത്തത്. ഡല്‍ഹിയിലെ വാസം അതിന്റെ അനുഭവസാക്ഷ്യം അദ്ദേഹത്തിനുണ്ടാക്കി. കേരളത്തില്‍ ജീവിച്ച മറ്റു പല ആധുനികരുടെയും കൃതികള്‍ ആധുനികതയുടെ കേരളീയ പരിപ്രേക്ഷ്യമായിത്തീര്‍ന്നപ്പോള്‍ മുകുന്ദന്റെ കൃതികള്‍ പാശ്ചാത്യ ആധുനികതയോടു കിടനില്‍ക്കുന്നവയായിത്തീര്‍ന്നു.
യൂറോപ്യന്‍ ആധുനികതയുടെ മുഖമുദ്രയായ സ്വത്വപ്രതിസന്ധി മുകുന്ദന്റെ കൃതികളില്‍ ഉള്ളതുപോലെ മറ്റു പലരുടെയും രചനകളിലില്ല. ഭാരതീയമായ സ്വത്വാന്വേഷണവും പാപബോധവും മറ്റുമാണുണ്ടായിരുന്നത്. ഒ.വി.വിജയന്‍ ഖസാക്കില്‍ മുന്നോട്ടുവച്ച അഗമ്യഗമനം, അതിനെത്തുടര്‍ന്നുള്ള പാപബോധം, സ്വത്വാന്വേഷണം, ഗ്രാമ്യമായ ഭാഷാ രീതി ഇവയൊക്കെ കേരളീയമായ ആധുനികതയുടെ രൂപങ്ങളാണെങ്കില്‍ മുകുന്ദന്റെ കഥാപാത്രങ്ങളെല്ലാം സ്വത്വപ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്നവരാണ്. പാശ്ചാത്യ ആധുനികതയുടെ പ്രധാന അന്വേഷണവിഷയങ്ങളായ ആലശിഴ (ഉണ്മ) ശൂന്യതാബോധം (ഇീിരെശീൗ െീള ിീവേശിഴില)ൈ ഇവയൊക്കെ പേറുന്നവരായിരുന്നു മുകുന്ദന്റെ നായകന്മാര്‍. സാര്‍ത്ര്, കാമു, കാഫ്‌കെ, ഹൈഡഗര്‍, കീര്‍ക്കുഗോര്‍, കാള്‍ ജാസ്‌പേഴ്‌സ് തുടങ്ങിയവരുടെയെല്ലാം കൃതികളുമായും ആധുനികതാ തത്വചിന്തയുമായും അദ്ദേഹം ആഴത്തില്‍ പരിചയിച്ചിരുന്നത് രചനയെ വളരെയേറെ സഹായിച്ചു.
ഇടതുപക്ഷമായും കൂടുതല്‍ സമയവും അവരോടു പിണങ്ങിയും സഞ്ചരിച്ച അദ്ദേഹത്തിന്റെ രചനാതത്വചിന്ത വ്യക്തിയുടെ സ്വാതന്ത്ര്യത്തിലൂന്നുതാണെന്നു പറയാം. ‘കേശവന്റെ വിലാപങ്ങള്‍’ എഴുതിയപ്പോള്‍ ആ കൃതിയെ ഉപരിപ്ലവമായി വായിച്ച ചിലര്‍, അതൊരു ഇടതുപക്ഷ കൃതിയാണെന്നു തെറ്റിദ്ധരിച്ചു. എന്നാല്‍ സൂക്ഷ്മപാരായണം നടത്തിയ ഇടതുപക്ഷക്കാര്‍ അത് ഇടതുപക്ഷത്തെ കണക്കറ്റ് കളിയാക്കുന്ന ഒരു ഉപഹാസകൃതിയാണെന്ന് കണ്ടെത്തി. നായകനായ അപ്പുക്കുട്ടന്‍ അന്ധനായ കക്ഷിരാഷ്‌ട്രീയ ബോധത്തിന്റെ ഇരയായും, അയാളുടെ ഉപദേഷ്ടാവായ ആമേന്‍ മാസ്റ്റര്‍ സ്റ്റാലിനിസ്റ്റ് വീക്ഷണ ഗതിയുടെ വക്താവായും കൃതിയില്‍ പ്രത്യക്ഷപ്പെടുന്നു. പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിവച്ച ആ കൃതിയുടെ നവീനത ഇന്നും അവസാനിച്ചിട്ടില്ലെന്നു പറയാം. വൈകാതെ പുനര്‍ചര്‍ച്ചകള്‍ക്കു ആ നോവല്‍ വഴിവയ്‌ക്കാനുള്ള രാഷ്‌ട്രീയ സാഹചര്യമാണ് കേരളത്തിലിപ്പോഴുള്ളത്.
ആധുനികത അപ്രസക്തമായി തുടങ്ങിയപ്പോള്‍ അതില്‍ത്തന്നെ പിടിച്ചുതൂങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. മാജിക്കല്‍ റിയലിസം, ഉത്തരാധുനികത എന്നിവയുടെയൊക്കെ രചനാരീതികള്‍ പരീക്ഷിച്ചു നോക്കാന്‍ മുകുന്ദന്‍ തയ്യാറായി. അതൊക്കെ പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറക്കുകയും ചെയ്തു. ‘ആദിത്യനും
രാധയും മറ്റു ചിലരും’ മാജിക്കല്‍ റിയലിസത്തിന്റെ പരീക്ഷണമായി ചിലര്‍ വിലയിരുത്തി. ചിലര്‍ ആധുനികതയുടെ ആവിഷ്‌കാര രീതികളിലൊന്നായ സര്‍റിയലിസം മാത്രമെന്നും അഭിപ്രായപ്പെട്ടു. ആധുനികതയുടെ കാലത്ത് നമ്മള്‍ അനുഭവിച്ച വായനാശേഷിപ്പുകളല്ല എന്തായാലും ആദിത്യനും രാധയും മറ്റു ചിലരും നമുക്കുനല്‍കുന്നതെന്ന് തീര്‍ച്ചയായും പറയാം. അവിടെ വായനക്കാരന്‍ ഒരുതരം മാജിക്കില്‍പ്പെട്ടു പോകുന്ന അവസ്ഥയാണുള്ളത്. ലാറ്റിനമേരിക്കക്കാരന്റെ മാജിക്കല്‍ റിയലിസം അല്ലെങ്കിലും അതൊരു പുതിയ പരീക്ഷണം തന്നെ.
മലയാളിയായ ഒരെഴുത്തുകാരനു കിട്ടാവുന്ന പുരസ്‌കാരങ്ങളില്‍ മിക്കവാറും എല്ലാം മുകുന്ദനു ലഭിച്ചു കഴിഞ്ഞു. എഴുത്തച്ഛന്‍ പുരസ്‌കാരവും കേന്ദ്ര സംസ്ഥാന അക്കാദമികളുടെ അംഗീകാരവും അങ്ങനെയെല്ലാം. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പട്ടവും ഈ മഹാപ്രതിഭയെ തേടിയെത്തി. മുകുന്ദന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ എഴുത്തു മാത്രമാണ് അദ്ദേഹത്തിന് സുഹൃത്തായുള്ളത്. മിക്കവാറും ഏകാകിയായ ഈ എഴുത്തുകാരന്‍ അസംഖ്യം നോവലുകളും ചെറുകഥകളും മലയാളിക്ക് സമ്മാനിച്ചിരിക്കുന്നു. എണ്‍പതുകളിലേക്കു കടന്നിരിക്കുന്ന എം. മുകുന്ദന്‍ തന്റെ എഴുത്തുമൂലം ഇപ്പോഴും യുവാവായി തുടരുന്നു. നമ്മളെ ആനന്ദിപ്പിക്കാനായി ആ ധന്യജീവിതം ഇനിയും വളരെക്കാലം തുടരട്ടേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക