ന്യൂദൽഹി: മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് തീവണ്ടിയിലെ ബോഗിയില്‍ പെട്രോള്‍ വീശിയെറിഞ്ഞ് തീവെപ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സൈഫിയെ പിടികൂടിയത് മഹാരാഷ്ട്ര പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്). പ്രതി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കേരള പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കേരളത്തിലേക്ക് കൊണ്ടുവരികയാണ്.
സുരക്ഷാപ്രശ്നം കാരണമാണ് കേരള പോലീസ് സംഘത്തിന് തീവണ്ടി മാര്‍ഗ്ഗം യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയില്ല. ഇതോടെയാണ് റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഡിവൈ എസ് പി റഹീം അടക്കമുള്ളവരാണ് കേരള പോലീസ് സംഘത്തില്‍.
പ്രതിയ്ക്ക് പിന്നില്‍ വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഇത്ര വേഗത്തില്‍ എങ്ങിനെ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടന്നു എന്നതാണ് അന്വേഷണോദ്യോഗസ്ഥരെ അതിശയിപ്പിക്കുന്നത്. ഇയാള്‍ വിമാനമാര്ഗ്ഗമാണോ മഹാരാഷ്ട്രയിലേക്ക് കടന്നതെന്നും സംശയിക്കുന്നവരുണ്ട്.
മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഇന്റലിജന്‍സ് ഏജൻസികളും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ചൊവ്വാഴ്ച പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് എടിഎസ് പറയുന്നു. നേരത്തെ എന്‍ഐഎയും മഹാരാഷ്ട്ര എടിഎസും പ്രതിയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. അതിന് ശേഷമാണ് ബുധനാഴ്ച കേരള പൊലീസിന് വിട്ടുകൊടുത്തത്.
പൊലീസ് പിടിയിലാകും മുമ്പ് ഇയാൾ രത്നഗിരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസിനെ പേടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് കേന്ദ്ര ഇന്റലിജൻസിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എടിഎസും രത്നഗിരി പൊലീസും ചേർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ ഫോൺ, എടിഎം കാർഡ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായത് ഷാറുഖ് തന്നെയെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചു. കുറ്റം ചെയ്തെങ്കില്‍ മകനാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് ഷാറൂഖിന്റെ പിതാവ് പറഞ്ഞു. കേരള എടിഎസും ഡൽഹി പൊലീസും പ്രതിയുടെ ഷഹീൻബാഗിലുള്ള വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. വീട്ടില്‍ നിന്നും പ്രതിയുടെ ബുക്ക്, ഡയറി, ഫോൺ എന്നിവ പിടിച്ചെടുത്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ദൽഹി പൊലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: