ന്യൂദല്‍ഹി: രാം നവമി ദിവസം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സമാധാനചര്‍ച്ചകള്‍ക്കായി എത്തിയ മുസ്ലിം നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് പറയാന്‍ അഭിനന്ദനങ്ങള്‍ മാത്രം. ഇക്കുറി ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള മറ്റൊരു അമിത് ഷായെ ആണ് കണ്ടതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനി, സെക്രട്ടറി നിയാസ് ഫറൂഖ്, ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗങ്ങളായ കമാല്‍ ഫറൂഖി, പ്രൊഫ. അഖ്തറുള്‍ വാസി എന്നിവരാണ് അമിത് ഷായെ സമാധാനചര്‍ച്ചകള്‍ക്കായി കണ്ടത്.
“ബീഹാര്‍, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമിക്ക് നടന്ന വര്‍ഗ്ഗീയ സംഘട്ടനങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. രാഷ്ട്രീയ പ്രസംഗം നടത്തുന്ന അമിത് ഷായെ അല്ല, പകരം വിശദാംശങ്ങള്‍ ക്ഷമയോടെ കേട്ട് നല്ല രീതിയില്‍ പ്രതികരിക്കുന്ന അമിത് ഷായെ ആണ് ഞങ്ങള്‍ കണ്ടത്. “- നിയാസ് ഫറൂഖി പറഞ്ഞു.
രാം നവമി പ്രകടനങ്ങള്‍ക്കെതിരെ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളായ ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അക്രമം അരങ്ങേറിയത്. രാം നവമി പ്രകടനങ്ങളെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. പശുസംരക്ഷകര്‍ തട്ടിക്കൊണ്ടുപോയ ശേഷം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജസ്ഥാനിലെ യുവാക്കളായ നസീര്‍, ജുനൈദ് എന്നിവരുടെ മരണത്തെക്കുറിച്ചും മുസ്ലിം നേതാക്കള്‍ അമിത് ഷായോട് ചര്‍ച്ച ചെയ്തു.
ഏക സിവില്‍ നിയമം, ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വിവാഹം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ച പ്രശ്നത്തിന് ഒരല്പം അയവുവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: