കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് കരുതുന്ന ബാഗില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമെഴുതിയ കുറിപ്പുകള്‍ കണ്ടെത്തി. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ നിന്നാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളുടെ പേരുകളടങ്ങിയ കുറിപ്പും ബാഗില്‍നിന്ന് കണ്ടെത്തി.
പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയടക്കം പന്ത്രണ്ട് വസ്തുക്കളാണ് ബാഗിലുണ്ടായിരുന്നത്.
ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബാഗില്‍നിന്ന് കണ്ടെത്തിയ നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ദല്‍ഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലീഷില്‍ എസ് എന്നും എഴുതിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ കമ്പനിയായ ഹല്‍ദി റാമിന്റെ ഭക്ഷ്യ വസ്തുവാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം ബാഗില്‍നിന്ന് വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചു.
ഉത്തര്‍ പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: