മഞ്ചേരി: സൂപ്പര്‍ കപ്പിന്റെ ആരവങ്ങള്‍ക്ക് നാളെ തുടക്കമാവും. യോഗ്യത മത്സരങ്ങള്‍ക്കാണ് പയ്യനാട്ട് ഇന്ന് പന്തുരുളുന്നത്. കാല്പന്തുകളിയുടെ ഹൃദയഭൂമിയിലേക്ക് മറ്റൊരു സൂപ്പര്‍ പോരാട്ടം കൂടി. കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സൂപ്പര്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും.
യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ 18 മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങള്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലും നടക്കും. ഈ മാസം എട്ടിനാണ് കോഴിക്കോട് മത്സരങ്ങള്‍ തുടങ്ങുക. നാളെ രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാന് യുണൈറ്റഡും നെറോക്ക എഫ്സിയും തമ്മിലുള്ള യോഗ്യതാ പോരാട്ടത്തോടെ സോക്കര്പൂരത്തിന് കൊടിയേറും. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ് നടക്കുക.
ടീമുകള്‍ എത്തിയത് ആവേശത്തിന് നടുവിലേക്ക്
യോഗ്യതാമത്സരത്തിനുള്ള രാജസ്ഥാന് എഫ്സി, നെറോക്ക എഫ്സി, ജംഷേദ്പുര്‍ എഫ്സിയും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത് ആവേശത്തിന് നടുവിലേക്കായിരുന്നു. ഇന്ന് മുഹമ്മദന്‍സ് സോക്കര്‍ ക്ലബ്ബും ശ്രീനിധി ഡെക്കാന്‍ എഫ്സിയും എത്തും. നാളെ ഐസ്വാള്‍ എഫ്സിയും ചര്‍ച്ചില്‍ ബ്രദേഴ്സും വരും. തുടര്‍ദിവസങ്ങളില്‍ ഹൈദരാബാദ് എഫ്സി, ചെന്നൈയിന് എഫ്സി, എഫ്സി ഗോവ ടീമുകളും സൂപ്പര്‍ പോരാട്ടത്തിനായി എത്തും.
യോഗ്യതാ റൗണ്ടിലെ ഏക കേരള ടീം ഗോകുലം എഫ്സി
നാളെ മുതല്‍ ആറ് വരെയാണ് യോഗ്യതാ മത്സരങ്ങള്‍. യോഗ്യതാ റൗണ്ടിലെ ഏക കേരള ടീം ഗോകുലം എഫ്സിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ഇതിലെ ചാമ്പ്യന്മാര് സെമിഫൈനല്‍ യോഗ്യത നേടും. ഒരു സെമി ഫൈനല്‍ മഞ്ചേരിയിലും മറ്റൊന്ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലുമാണ്.
വരുന്നു ഐഎസ്എല്ലിലെ കരുത്തര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വമ്പന്മാരാണ് സൂപ്പര്‍ ലീഗില്‍ മാറ്റുരക്കുന്നത്. മുന്‍ ചാമ്പ്യന്‍ന്മാരായ ഹൈദരാബാദ് എഫ്സിയും മുംബൈ സിറ്റി എഫ്സിയുമാണ് ഗ്ലാമര്‍ ടീമുകള്‍. ഒഗ്ബച്ചെയാണ് ഹൈദരാബാദിന്റെ കുന്തമുന. ഗ്രെഗ് സ്റ്റുവര്‍ട്ട് നയിക്കുന്ന മുംബൈ സിറ്റിയും മിന്നും പ്രകടനങ്ങള്‍ നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് പുറമെ ചെന്നൈയിന് എഫ്സി ഈസ്റ്റ് ബംഗാള്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്സി തുടങ്ങിയ ടീമുകളും കളിക്കാനിറങ്ങും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങള്‍ ജയിച്ചെത്തുന്ന അഞ്ച് ടീമുകളും അടക്കം 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
16ന് നെഞ്ചിടിപ്പ് കൂടും
16ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടുമ്പോള്‍ ഫുട്ബാള്‍ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടും. സ്വന്തം തട്ടകത്തില്‍ ഐഎസ്എല്‍ സെമിഫൈനലിലെ കണക്ക് കേരള ബ്ലാസ്റ്റേഴ്സ് തീര്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.
ഫൈനലും മഞ്ചേരിയിലേക്ക്?
സൂപ്പര്‍ കപ്പ് ഫൈനല്‍ മത്സരങ്ങള്‍ മഞ്ചേരിയിലേക്ക് മാറ്റാനുള്ള സാധ്യത ചര്‍ച്ചയിലുണ്ട്. കാണികളുടെ പിന്തുണ കൂടുതല്‍ മഞ്ചേരിയില്‍ ഉണ്ടാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിറകില്‍. എന്നാല്‍ സ്റ്റേഡിയത്തിലെ ശേഷി കോഴിക്കോടിനെ അപേക്ഷിച്ച് കുറവായത് സംഘാടകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സന്തോഷ് ട്രോഫിയിലെ കാണികളുടെ പങ്കാളിത്തമാണ് മലപ്പുറം ജില്ലയിലേക്ക് രാജ്യത്തെ പ്രധാന ടൂര്‍ണമെന്റും കൂടി എത്തുന്നതിനു കാരണം. നിലവില്‍ യോഗ്യത മത്സരങ്ങള്‍ അടക്കം 18 മത്സരങ്ങളാണ് പയ്യനാട് നടക്കുന്നത്. ഇതില്‍ ഒരു സെമി ഫൈനലും ഉള്‍പ്പെടും. നിലവില്‍ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 25,000 ആണ്, എന്നാല്‍, പ്രഫഷണല്‍ മത്സരമായതിനാല്‍ 15,000 ടിക്കറ്റുകള്‍ മാത്രമാണ് വില്പന നടത്തുക.
ആരവത്തിനായി സ്റ്റേഡിയങ്ങള്‍ ഒരുങ്ങി
മത്സരം നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തില്‍ യോഗ്യതാമത്സരങ്ങള്‍ക്കുള്ള മാര്‍ക്കിങ് ജോലികള്‍ പൂര്‍ത്തിയായി. ഫെഡറേഷന് കപ്പും സന്തോഷ് ട്രോഫിയും ഇരുകൈയും നീട്ടി സ്വീകരിച്ച് വിജയിപ്പിച്ചെടുത്ത പയ്യനാട് മറ്റൊരു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ എട്ടിനാണ് ഗ്രൂപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതെങ്കിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് പ്രമുഖ ചാമ്പ്യന്‍ഷിപ്പ് വേദിയാവുന്നത്. ടീമുകള്‍ക്കുള്ള താമസസൗകര്യങ്ങളെല്ലാം ഇതിനകം ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: