മുംബൈ: സവര്‍ക്കറെ വിമര്‍ശിച്ചാല്‍ മഹാരാഷ്ട്രയില്‍ രക്ഷയില്ലെന്ന് അറിയുന്ന ശരദ് പവാര്‍ ഒടുവില്‍ പരസ്യമായി തന്നെ സവര്‍ക്കര്‍ക്ക് സ്തുതി പാടി. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരിഹാസം തീര്‍ത്ത ജനരോഷം തണുപ്പിക്കാനായിരുന്നു ശരദ് പവാറിന്റെ ഈ മലക്കം മറിച്ചില്‍.
“സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നടത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നു”- ശരദ് പവാര്‍ പറഞ്ഞു.
രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമാകുന്നത് മറ്റ് ഗുരുതര വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണെന്ന് പറഞ്ഞ് രാഹുല്‍ഗാന്ധിയെ രക്ഷിക്കാനും പവാര്‍ തന്റെ പ്രസ്താവനയില്‍ ശ്രമിച്ചു. “മുൻപ് താനും സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നു.” -ശരദ് പവാര്‍ പറഞ്ഞു.
രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം വ്യക്തമാക്കിയതിരുന്നു. ഇതോടെയാണ് രംഗം ശാന്തമാക്കാനും സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ സ്വീകാര്യമാക്കാനും ശരദ് പവാറിന്റെ ഈ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: