ക്ഷേത്ര നഗരികളായ അയോധ്യയും ഉജ്ജയിനിയും തമ്മില്‍ ശിവരാത്രി നാളില്‍ ഒരു അപ്രഖ്യാപിത മത്സരം നടന്നു. ജയിച്ചത് ഉജ്ജയിനി. ദീപാവലി ദിനത്തില്‍ അയോധ്യ നേടിയ ലോക റെക്കോര്‍ഡ് ശിവരാത്രി ദിനത്തില്‍ ഉജ്ജയിനി മറികടന്നു. കൈവിട്ടുപോയ ലോകറെക്കോര്‍ഡ് തിരിച്ചുപിടിച്ചു എന്നും പറയാം. മഹാശിവരാത്രി ദിനത്തില്‍ 18.82 ലക്ഷം ദീപങ്ങള്‍ തെളിയിച്ചാണ് ഉജ്ജയിനി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. ദീപാവലി ദിനത്തില്‍ 15.76 ലക്ഷം വിളക്കുകള്‍ കത്തിച്ച ഉത്തര്‍പ്രദേശിലെ അയോദ്ധ്യയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2020 ല്‍ ഉജ്ജയിനി 11 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. അതാണ് അയോധ്യ തകര്‍ത്തത്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ വരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ദീപം തെളിയിച്ചു. ദീപം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉജ്ജയിനിലെത്തി.
ഇത്തവണത്തെ ദീപം തെളിക്കലിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ടായിരുന്നു. വിക്രമാദിത്യനെ മധ്യപ്രദേശിന്റെ കേന്ദ്രബിന്ദുവാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആഘോഷിക്കുന്ന വിക്രമോത്സവിന്റെ തുടക്കം കൂടിയായിരുന്നു അന്ന്. ഉജ്ജയിനിയെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കി ആഘോഷത്തിന് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിയ ആഹ്വാനം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ശിവരാത്രി നാളില്‍ തുടങ്ങി വര്‍ഷപ്രതിപദ ദിനം വരെ ഒരു മാസം നീളുന്ന ആഘോഷമാണ് വിക്രമോത്സവം എന്ന പേരില്‍ കൊണ്ടാടിയത്. ഭക്തിഗാനം, പ്രദര്‍ശനം, കരകൗശല വ്യാപാര മേള, നാടകാവതരണം, പുസ്തകമേള, ഭജന സംഘങ്ങളുടെ മത്സരം, ചലച്ചിത്രോത്സവം, ദേശീയ വേദസമാഗമം, ദേശീയ യുവ ശാസ്ത്ര സമ്മേളനം, കവി സമ്മേളനം, പുസ്തക പ്രകാശനം, രാമായണ അവതരണം, ‘അഖണ്ഡഭാരതത്തിന്റെ സംസ്‌കാരം, സാഹിത്യം, പുരാവസ്തുശാസ്ത്രം’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍. ഇങ്ങനെ വിത്യസ്തവും വിവിധങ്ങളുമായ പരിപാടികളാണ് നടന്നത്.
വിക്രമാദിത്യന്‍ മടങ്ങിവരുന്നു
ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യന്‍. ശ്രീഭദ്രകാളിയുടെ ഉപാസകനായിരുന്ന ധൈര്യശാലി. ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച് അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. വിക്രമാദിത്യ സദസ്സില്‍ നിരവധി കവികളും പണ്ഢിതന്മാരുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു കാളിദാസന്‍.
വിക്രമാദിത്യന്റെ മഹത്വം അര്‍ഹിക്കുംവിധം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിക്രമോത്സവിന്റെ സമാപന സമ്മേളനം ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപം ക്ഷിപ്ര നദീ തീരത്ത് രാമഘട്ടിലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിയും എംഎല്‍എയും മേയറും ഒക്കെയുള്ള വേദി. മുന്നില്‍ ക്ഷിപ്രാ നന്ദിയും ദീപാലകൃതമായ തീരവും. ഇരുകരകളിലായി തടിച്ചു കൂടിയ ജനാവലി. അരലക്ഷത്തിലധികം ആളുകള്‍. ഈ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി മധ്യപ്രദേശില്‍ ഇനിമുതല്‍ പിന്തുടരുന്നത് വിക്രമാദിത്യ കലണ്ടര്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ചൗഹാന്‍ പുതിയ കലണ്ടറും പ്രകാശനം ചെയ്തു. വിക്രമാദിത്യന്റെ കാലം മുതല്‍ പ്രിഥ്വിരാജ് ചൗഹാന്റെ കാലം വരെ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന കലണ്ടര്‍ ഇതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉജ്ജയിനി സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തില്‍ വിക്രമാദിത്യന്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് നിരവധി തെളിവുകള്‍ ശേഖരിക്കാനായിട്ടുണ്ടെന്ന് അറിയിച്ച ചൗഹാന്‍ വിക്രമാദിത്യ വേദിക് ക്ലോക്കും പുറത്തിറക്കി.
അത്യുജ്വല പരിപാടി മറ്റൊരു മഹനീയ ചടങ്ങിനുകൂടി സാക്ഷ്യംവഹിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡായ ചന്ദ്രശേഖര്‍ ആസാദ് പുരസ്‌കാരം സമ്മാനിച്ച് ബാലഗോകുലത്തെ ആദരിക്കുന്ന ചടങ്ങായിരുന്നു അത്. സ്വാതന്ത്ര്യസമരം, ദേശസ്നേഹം, സാമൂഹിക പ്രവര്‍ത്തനം എന്നീ ആശയങ്ങളെ അഭിനന്ദിക്കാനും, സൃഷ്ടിപരമായ സംഭാവനകളും പ്രത്യേക നേട്ടങ്ങളും തിരിച്ചറിയാനും ഉദ്ദേശിച്ച് 2006 മുതല്‍ നല്‍കി വരുന്നതാണ് സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലുള്ള പുരസ്‌കാരം.
കുട്ടികളുടെ മാനസിക വളര്‍ച്ചയ്‌ക്കായി നല്‍കുന്ന സമാനതകളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌കാരവും ധാര്‍മ്മിക-സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ബാലഗോകുലത്തിനുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായാണ് മുന്‍ അധ്യക്ഷന്‍ കെ. പി. ബാബുരാജനൊപ്പം ഈ ലേഖകന്‍ വീണ്ടും ഉജ്ജയിനിയില്‍ എത്തിയത്.
അനില്‍ ദവെയെ കണ്ടപ്പോള്‍
പത്ത് വര്‍ഷം മുന്‍പ് ‘ജന്മഭൂമി’ ക്കുവേണ്ടി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഉജ്ജയിനിയില്‍ ആദ്യം പോകുന്നത്. ബിജെപിയെ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന്റെ പിന്നിലെ ‘വിജയതന്ത്രജ്ഞന്‍’ എന്ന് വിശേഷിക്കപ്പെട്ട ആര്‍എസ്എസ് പ്രചാരകന്‍ അനില്‍ ദവെയാണ് ഉജ്ജയിനി കാണാന്‍ കാരണക്കാരന്‍. ‘നര്‍മ്മദ സമഗ്ര’ എന്ന സന്നദ്ധസംഘടനയുടെ ആസ്ഥാനവും അനില്‍ ദവെയുടെ വാസസ്ഥലവുമായ ഭോപ്പാല്‍ ശിവജിനഗറിലെ നദി ഭവനിലെ (നദീ കാ ഖര്‍) കൂടിക്കാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: മധ്യപ്രദേശില്‍ വന്നിട്ട് എവിടെ ഒക്കെ പോയി? ഞാന്‍ പോയ സ്ഥലങ്ങളുടെ പേരു പറഞ്ഞു. ”ഉജ്ജയിനിയില്‍ പോയില്ലേ, അവിടെയല്ലേ പോകേണ്ടത്” എന്ന് പ്രതികരിക്കുക മാത്രമല്ല, താല്‍പര്യം ഉണ്ടെങ്കില്‍ പോകാനുള്ള വ്യവസ്ഥ ചെയ്യാമെന്നും പറഞ്ഞു. (ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായ അനില്‍ ദവെയാണ് ആറന്മുള വിമാനത്താവളം വരില്ലെന്ന് ഉറപ്പാക്കിയത്. കേന്ദമന്ത്രി പദവിയിലിരിക്കെ അദ്ദേഹം അന്തരിച്ചു)
ഉജ്ജയിനിയിലെ ആര്‍എസ്എസ് മുന്‍ വിഭാഗ് പ്രചാരകനായിരുന്ന അനില്‍ ദവെ വേണ്ടതായ വ്യവസ്ഥ എല്ലാം ചെയ്തു. കവിയും വൈയാകരണനുമായിരുന്ന ഭര്‍തൃഹരിയുടെ നാട്ടില്‍, വിക്രമാദിത്യ മഹാരാജാവും അദ്ദേഹത്തിന്റെ വിദ്യുത്‌സദസ്സും അലങ്കരിച്ച മണ്ണില്‍, വേതാള കഥകള്‍ പിറന്ന ഭൂമിയില്‍, കാളിദാസന്റെ കര്‍മ്മക്ഷേത്രത്തില്‍ കാലുകുത്താനായി. ക്ഷിപ്രാ നദീതീരത്തെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗം ക്ഷേത്രം, മദ്യാഭിഷേകം ഇഷ്ടപ്പെടുന്ന കാലഭൈരവന്റെ ക്ഷേത്രം, അകത്താര് എന്ന കാളിദാസന്റെ ചോദ്യത്തിന് പുറത്താര് എന്ന മറുചോദ്യം ചോദിച്ച കാളിദേവിയുടെ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ വിഐപി പരിഗണനയില്‍ ദര്‍ശനം നടത്താനായി. ശ്രീകൃഷ്ണനും കുചേലനും ഒപ്പമിരുന്ന് പഠിച്ച സാന്ദീപനി ആശ്രമത്തിലും പോയി.
മാന്ത്രിക നഗരമെന്നും ജ്യോതിശാസ്ത്ര നഗരമെന്നും വിശേഷണമുള്ള, ജ്യോതിഷത്തിലും മറ്റു പഠനങ്ങളിലും മുന്‍പന്തിയില്‍ നിന്നിരുന്ന ഉജ്ജയിനി ഒരുകാലത്ത് നളന്ദയോടും തക്ഷശിലയോടും ഒപ്പം വളര്‍ന്നിരുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു. ഇന്ന് സ്മാരകങ്ങളായി നല്‍ക്കുന്ന അന്നത്തെ ഇടങ്ങളൊക്കെ പോയി കണ്ടു.
മഹാകാലേശ്വര്‍ അന്നും ഇന്നും
പത്തു വര്‍ഷത്തിനുശേഷം ഉജ്ജയിനിലെത്തിയപ്പോള്‍ വന്നിട്ടുള്ള മാറ്റം കണ്ട് അത്ഭുതപ്പെട്ടുപോയി. മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗം ക്ഷേത്രത്തില്‍ തന്നെയാണ് വലിയ മാറ്റം. മൂന്നു നിലകളായിട്ടാണ് മഹാകാലേശ്വര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഓരോ നിലയിലും ഓരോ ശിവലിംഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. മഹാകാലേശ്വരന്‍, ഓംകാരേശ്വരന്‍, നാഗചന്ദ്രേശ്വരന്‍ എന്നിവയാണ് ആ ലിംഗങ്ങള്‍. നാഗചന്ദ്രേശ്വര ശിവലിംഗം നാഗപഞ്ചമി നാളില്‍ മാത്രമേ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഭസ്മ ആരതിയാണ് മഹാകാലേശ്വര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എല്ലാ ദിവസവും പു
ലര്‍ച്ചെ ശിവലിംഗത്തില്‍ ആരതി നടത്തും. അഭിഷേകത്തിനു ശേഷം ശിവലിംഗം ശ്മശാനങ്ങളില്‍ നിന്നെടുക്കുന്ന ചിതാഭസ്മം കൊണ്ട് പൊതിയും.
ഇടുങ്ങിയ വഴികളും വ്യത്തിയില്ലാത്ത പരസരവും പറന്നുപൊങ്ങുന്ന പൊടിയും. അഴുക്കുവെള്ളം നിറഞ്ഞ സമീപത്തെ രുദ്രസാഗര്‍ തടാകം. പലയിടത്തും മാലിന്യ കൂമ്പാരം. ഇതൊക്കെയായിരുന്നു അന്ന് മഹാകാലേശ്വര്‍ പരിസരം.
ഇന്ന് നഗരം അതിമനോഹരം. ക്ഷേത്രത്തിന് ചുറ്റുമുള്ള രുദ്രസാഗര്‍ തടാകത്തിന്റെ അരികിലൂടെ 900 മീറ്ററിലധികം നിളത്തില്‍ നിര്‍മ്മിച്ച ഇടനാഴി തിക്കും തിരക്കുമുള്ള ക്ഷേത്രങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. നിരവധി പ്രത്യേകതകളോടെയാണ് ഇടനാഴി നിര്‍മ്മിച്ചിരിക്കുന്നത്. ശിവപുരാണത്തില്‍ നിന്നുള്ള കഥകള്‍ ചിത്രീകരിക്കുന്ന അമ്പതിലധികം ചുവര്‍ചിത്രങ്ങള്‍, ത്രിശൂലത്തിന്റെ മാതൃകയിലുള്ള 108 തൂണുകള്‍, തൂണുകളില്‍ ഉജ്ജയിനിയുടെ പൈതൃകം വ്യക്തമാക്കുന്ന ചുവര്‍ചിത്രങ്ങള്‍, കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള പൂന്തോട്ടം… എല്ലാം ഇടനാഴിയില്‍ ഒരുക്കിയിട്ടുണ്ട്.
രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍ പ്രദേശത്തെ മണല്‍ക്കല്ലുകള്‍ ഉപയോഗിച്ച് രാജസ്ഥാന്‍, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരുമാണ് 856 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ നിര്‍മ്മാണത്തിന് പിന്നില്‍.
പദ്ധതിയുടെ ഭാഗമായി പുരാതന തടാകമായ രുദ്രസാഗര്‍ തടാകത്തിന് പുതുജീവന്‍ നല്‍കിയിരിക്കുന്നു. തടാകത്തിലേക്ക് മലിനജലം ഒഴുകിയെത്തിയിരുന്ന തുറന്ന മലിനജല ലൈനുകള്‍ മൂടി. അവ മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധിപ്പിച്ചു. കായലിനോട് ചേര്‍ന്ന് ഖരമാലിന്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും സ്ഥാപിച്ചു. മിഡ്വേ സോണ്‍, പാര്‍ക്ക്, കാറുകള്‍ക്കും ബസുകള്‍ക്കുമായി ബഹുനില പാര്‍ക്കിങ് സ്ഥലം, കടകള്‍, സോളാര്‍ ലൈറ്റിങ്, തീര്‍ഥാടകര്‍ക്കുള്ള സൗകര്യ കേന്ദ്രം, വാട്ടര്‍ പൈപ്പ് ലൈന്‍, മലിനജല ലൈന്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വിക്രമോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം മുഖ്യമന്ത്രി ചൗഹാന്‍ അവസാനിപ്പിച്ചത് ഉജ്ജയിനിയെ ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമാക്കും എന്ന പ്രതിജ്ഞ എടുപ്പിച്ചുകൊണ്ടാണ്. ക്ഷിപ്ര നദിയുടെ ഇരുകരകളിലുമായി തടിച്ചുകുടിയ അരലക്ഷത്തിലധികം പേര്‍ ‘ഹര ഹര മഹാകാളീശ്വര്‍’ ആരവം മുഴക്കി പ്രതിജ്ഞ ഏറ്റുപറഞ്ഞു.
ഉജ്ജയിനി നഗരം അതിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിച്ച അമാനുഷികവും അതിശയകരവുമായ നഗരമാണ്. ഇവിടെ വരുന്നത് എപ്പോഴും അത്ഭുതകരവും ദൈവികവുമായ അനുഭവമാണ്. ഉജ്ജയിനിലെ ശുദ്ധവും പുണ്യപൂര്‍ണവുമായ അന്തരീക്ഷം എല്ലാവരേയും ആകര്‍ഷിക്കുന്നു.
ഉജ്ജയിനിയുടെ പ്രൗഢികള്‍ എല്ലാവരും അഭിമാനം കൊള്ളുന്നു. ഉജ്ജയിനിക്ക് അതിന്റേതായ മതപരവും സാംസ്‌കാരികവുമായ തനിമയുണ്ട്. സൃഷ്ടിയുടെ ആരംഭം മുതല്‍ ഉജ്ജയിനി നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. യുഗങ്ങള്‍ മാറിക്കൊണ്ടേയിരുന്നു. അവന്തിക, കനക്ശൃംഗ തുടങ്ങിയ പേരുകളില്‍ ഉജ്ജയിനി അറിയപ്പെട്ടുപോന്നു. ഗരുഡപുരാണത്തില്‍ ഏറ്റവും മികച്ച നഗരമായാണ് ഉജ്ജയിനിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അഗ്നിപുരാണത്തില്‍ ഉജ്ജയിനിയെ മോക്ഷദ എന്ന് വിളിക്കുന്നു. പാര്‍വതിയുടെ നിര്‍ദ്ദേശപ്രകാരം ശിവന്‍ ഉജ്ജയിനി നഗരം സ്ഥാപിച്ചു. അതുകൊണ്ടാണ് ഉജ്ജയിനി നഗരത്തെ വിശാല എന്നും വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: