സംവിധായകന്‍ ആഷിക് അബു തന്റെ നീലവെളിച്ചം എന്ന സിനിമയ്‌ക്ക് വേണ്ടി ബാബുരാജ് സംഗീതം അനശ്വരമാക്കിയ പഴയ ഗാനങ്ങള്‍ നശിപ്പിച്ചുവെന്ന പരാതിയുമായി ബാബുരാജിന്റെ കുടുംബം. പഴയ ഭാര്‍ഗ്ഗവീ നിലയം എന്ന സിനിമയില്‍ ബാബുരാജ് അനശ്വരമാക്കിയ ഗാനങ്ങളുടെ ആത്മാവ് നശിപ്പിച്ചുകൊണ്ടാണ് ആഷിക് അബു പുതിയ സിനിമയായ നീലവെളിച്ചത്തില്‍ ആ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചത് എന്നും കുടുംബം പരാതിപ്പെടുന്നു.
ഇതിന്റെ പേരില്‍ ആഷിക് അബുവിനെതിരെ എം.എസ്.ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസയച്ചു.. ബാബുരാജിന്റെ സംഗീതത്തിന്റെ തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്സ് ഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും പിൻവലിക്കണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു. ഭാർഗവീനിലയത്തിലെ പാട്ടുകൾ ‘നീലവെളിച്ച’ത്തിനു വേണ്ടി സംഗീതസംവിധായകന്‍ ബിജിബാലാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഗാനങ്ങള്‍ ഇറങ്ങിയ ഉടനെ ബാബുരാജിന്റെ പാട്ടുകളെ വികൃതമാക്കി എന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇതില്‍ അനുരാഗ മധുചഷകം എന്ന ഗാനം നീലവെളിച്ചത്തില്‍ അവതരിപ്പിക്കുന്നത് ആഷിക് അബുവിന്റെ ഭാര്യ കൂടിയായ നടി റിമ കല്ലിങ്കലാണ്. താമസമെന്തേ വരുവാന്‍ ആലപിച്ചിരിക്കുന്നത് ഷാബാസ് അമനാണ്.മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ മകൻ എം.എസ്.ജബ്ബാർ പരാതി നൽകിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി 1964-ൽ എ.വിൻസന്‍റ്സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് ഭാർഗവീനിലയം. ബഷീർ തന്നെയാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ കഥയെ അടിസ്ഥാനമാക്കി അതേപേരിൽ ടോവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: