പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രില്‍ നാലിന് അട്ടപ്പാടി മധു വധക്കേസില്‍ കോടതി വിധി പറയാനിരിക്കെ കേസിലെ പ്രതികള്‍ രക്ഷപ്പെടണമെന്ന് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീന് താല്‍പര്യമുണ്ടായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ.
ജനപ്രതിനിധി എന്ന നിലയിൽ ഷംസുദ്ദീൻ അട്ടപ്പാടി മധു വധക്കേസില്‍ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർക്കോ മധുവിന്റെ കുടുംബത്തിനോ യാതൊരുവിധ പിന്തുണയും നല്‍കിയില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍ അഭിപ്രായപ്പെട്ടു. കേസില്‍ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾ ആ കുടുംബത്തിന് ഒരു ആശ്വാസവാക്ക് പോലും എംഎല്‍ എ പറഞ്ഞില്ല. നിയമസഭയിൽ മധുവിഷയം വന്നപ്പോഴൊന്നും ഷംസുദ്ദീൻ ഒരക്ഷരം മിണ്ടിയില്ലെന്നും രാജേഷ് മേനോൻ ആരോപിച്ചു.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത കടയില്‍ നിന്നും അരി മോഷ്ടിച്ചു എന്നാരോപിച്ചാണ് മധുവിനെ കാട്ടിൽ നിന്നു പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിയിലെത്തിച്ചു. ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ പ്രചരിച്ചിരുന്നു.
പ്രതികളുടെ ആക്രമണത്തിലുണ്ടായ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്. 16 പ്രതികളാണ് കേസിൽ ഉള്ളത്. 127 സാക്ഷികളിൽ 24 പേർ വിചാരണയ്‌ക്കിടെ കൂറുമാറിയിരുന്നു.
അഞ്ചു വര്‍ഷത്തിന് ശേഷമാണ് കേസില്‍ മണ്ണാർക്കാട് പട്ടികജാതിവർഗ പ്രത്യേക കോടതി ഏപ്രിൽ നാലിനാണ് വിധി പറയുന്നത്. കേസിന്റെ അന്തിമവാദം മാർച്ച് 10-ന് പൂർത്തിയായി. മാര്‍ച്ച് 30ന് വിധി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, വിപുലമായ കേസാണെന്നതിനാൽ ദീർഘമായി വിധി തയാറാക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ജഡ്ജി കെ.എം. രതീഷ്‌കുമാർ വിധി ഏപ്രില്‍ നാലിലേക്ക് നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: