Categories: Main Article

‘നാര്‍മടിപ്പുടവ’ ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി

നൂറ്റാണ്ടുകളായി തുടര്‍ന്ന അനാചാരങ്ങളുടെ ഇരുമ്പു ചട്ടക്കൂട്ടിനുള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ജീവിതം. അതു തകര്‍ത്തു പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍…? തെരുവിനു വെളിയിലേക്ക് നിര്‍ദ്ദയം പുറന്തള്ളപ്പെടും. ആ ക്രൂരസത്യത്തിന്റെ ഞെട്ടലില്‍ ഇരുട്ടു താവളമടിച്ച മുറികളില്‍ കരിന്തിരിയായി കത്തിയ ജന്‍മങ്ങള്‍. അവരുടെ പ്രതിനിധിയാണ് കനകം. കനകാംബാള്‍…!  

 തല മുണ്ഡനം ചെയ്ത്, നാര്‍മടിപ്പുടവ ചുറ്റി ഒരു ജീവിതം മുഴുവന്‍ സ്വപ്‌നങ്ങളെയും സന്തോഷത്തെയും പടികടത്തി ജീവിച്ച വിധവകളുടെ തലമുറയിലെ ഇങ്ങേയറ്റത്തെ കണ്ണി…! നാര്‍മടിപ്പുടവ എന്ന നോവലിലൂടെ അഗ്രഹാരങ്ങളിലെ വിങ്ങുന്ന ജീവിതങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയ എഴുത്തുകാരി. നാട്യമില്ലാത്ത എഴുത്തുകാരി സാറാ തോമസ് ഇനിയില്ല. എന്നും അധകൃതരുടെ നൊമ്പരങ്ങളും ജീവിതാനുഭവങ്ങളുമായിരുന്നു സാറാ തോമസിന്റെ കഥകളില്‍ നിറഞ്ഞിരുന്നത്.

ജീവിതത്തിന്റെ നേരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ കഥകളും നോവലുകളും അഞ്ച് പതിറ്റാണ്ട് പിന്നിട്ട എഴുത്തിലൂടെ സമ്മാനിച്ചിട്ടാണ് സാറ ഇന്നലെ തിരുവനന്തപുരം നന്താവനത്തെ മകളുടെ വസതിയില്‍ വച്ച് മരണമെന്ന നിത്യതയിലേക്ക് മറഞ്ഞത്. അനുഭവങ്ങളുടെ മണമുള്ളതാണ് അവരുടെ കഥകള്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ ചികിത്സതേടി വീട്ടില്‍ എത്തുന്ന രോഗികളില്‍ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച ‘നാര്‍മടിപ്പുടവ’യാണ് സാറാ തോമസിനെ മലയാളസാഹിത്യത്തിന്റെ  മുന്‍നിരയിലെത്തിച്ചത്. ദളിതരുടെ കഥ ‘ദൈവമക്കളി’ലൂടെ ആവിഷ്‌കരിച്ച അവര്‍ മുക്കുവരുടെ ജീവിതം ‘വലക്കാരി’ലൂടെയും, നമ്പൂതിരി സമുദായത്തിലെ വിധവകളായ കന്യകമാരെ ‘ഉണ്ണിമായയുടെ കഥ’യിലൂടെയും ആവിഷ്‌കരിച്ച് ജനപ്രീതി നേടി.

 17 നോവലുകളും ‘തെളിയാത്ത കൈരേഖകള്‍’, ‘ഗുണിതം തെറ്റിയ കണക്കുകള്‍’, ‘പെണ്‍മനസ്സുകള്‍’, ‘സാറാ തോമസിന്റെ കഥകള്‍’ തുടങ്ങി നിരവധി കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറാതോമസിന്റെതായുണ്ട്. സാറയുടെ വര്‍ത്തമാനം കടമെടുത്താല്‍ ‘എഴുത്തിന്റെ പൂന്തോട്ടത്തില്‍ രാജകുമാരന്മാര്‍ ശ്രദ്ധിച്ചിരുന്ന ഒരു പൂവായിരുന്നില്ല ഞാന്‍. വേലിപ്പടര്‍പ്പില്‍ വളര്‍ന്ന പാഴ്‌ച്ചെടി. എന്നിട്ടും വാടാതെ നിന്നത് വഴിപോക്കരായ വായനക്കാരുടെ സൗഹൃദം കൊണ്ടുമാത്രം… ‘

 ജില്ലാ രജിസ്ട്രാറായിരുന്ന വര്‍ക്കി മാത്യുവിന്റെയും സാറാ വര്‍ക്കിയുടെയും മകളായി 1934 സെപ്റ്റംബര്‍ 14ന് ജനിച്ച സാറാ തോമസ് വിവാഹശേഷമാണ് സാഹിത്യരചനയില്‍ മുഴുകുന്നത്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ക്കുള്ളിലായിരുന്നു സാറാ തോമസിന്റെയും ചെറുപ്പം. പന്ത്രണ്ടാം വയസ്സില്‍ പ്രേമത്തെക്കുറിച്ചൊരു കഥയാണ് ആദ്യമെഴുതിയത്. നല്ല കുടുംബത്തിലെ കുട്ടികള്‍ക്ക് ചേര്‍ന്നതല്ല ഈ പണിയെന്ന് അച്ഛന്‍ വിലക്കിവിട്ടു. ഇതേ മട്ടില്‍ വെളിച്ചം കാണാതെ ചിതലരിച്ചുപോയ നാലഞ്ചു കഥകള്‍കൂടി അവരെഴുതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്‌കൂളിലും, വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക