അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ചതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് 25000 രൂപ പിഴ ഈടാക്കി ഗുജറാത്ത് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയ്‌ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ദല്‍ഹി സര്‍വ്വകലാശാലയ്‌ക്കും നല്‍കിയ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്‍റേതാണ് ഈ ഉത്തരവ്.
പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകല്‍ മാധ്യമത്തിലും സമൂഹമാധ്യമത്തിലും സര്‍വ്വകലാശാല വെബ് സൈറ്റുകളിലും ലഭ്യമാണെന്നിരിക്കെ അരവിന്ദ് കെജ്രിവാള്‍ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ബിരുദം സംബന്ധിച്ച വിശദശാംശങ്ങള്‍ ആവശ്യപ്പെടാന്‍ വിവരാവകാശ കമ്മീഷന് അധികാരമില്ലെന്നറിഞ്ഞിട്ടും അരവിന്ദ് കെജ്രിവാള്‍ അതിന് തുനിഞ്ഞതിനെയും കോടതി വിമര്‍ശിച്ചു.
പരാതിക്കാരന്‍ അപ്പീല്‍ വാദിയോ അപേക്ഷനോ അല്ല. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെയും ഉദ്ദേശ്യത്തെയും അപഹാസ്യമാക്കുകയായിരുന്നു പരാതിക്കാരന്‍ എന്നും കോടതി കെജ്രിവാളിനെ വിമര്‍ശിച്ചു. “ഡിഗ്രികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഒരു പൗരന്റെ സ്വകാര്യ വിവരമാണ്. അത് വിവരാവകാശ നിയമത്തിലെ 8(1) വകുപ്പ് പ്രകാരം വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതുമാണ്”. -ജഡ്ജി വിശദമാക്കി.
കേന്ദ്ര വിവരവാകാശകമ്മീഷന്‍ ഉത്തരവിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത് .ഗുജറാത്ത് സര്‍വ്വകലാശാലയ്‌ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. 1978ല്‍ ഗുജറാത്ത് സര്‍വ്വകലാശലയില്‍ നിന്നും ബിരുദവും, 1983 ല്‍ ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാന്തര ബിരുദവും നേടിയെന്നാണ് മോദിയുടെ അവകാശവാദം.
വിശദാംശങ്ങള്‍ കൈമാറുന്നത് മോദിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം കോടതി അംഗീകരിച്ചു. ബിരുദം സംബന്ധിച്ച വിശദശാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് കഴിയില്ലെന്നും സര്‍വ്വകലാശാലയ്‌ക്ക് വേണ്ടി വാദിച്ച തുഷാര്‍ മേത്ത പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ ഹൃദയവും ആത്മാവും നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് തുഷാര്‍ മേത്ത കെജ്രിവാളിനെ വിമര്‍ശിച്ചു. നിരുത്തരവാദപരമായ അപേക്ഷയാണ് കെജ്രിവാള്‍ നടത്തിയതെന്നും തുഷാര്‍ മേത്ത കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക