ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ ഉയരുന്നു. സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 3,095 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 3,016 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ആറുമാസത്തിനിടയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്. ഈ സമയപരിധിക്കുള്ളില്‍ അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തിലും ഓരോ മരണം വീതം ഗോവയിലും ഗുജറാത്തിലുമാണ്. 1,18,694 പരിശോധനകള്‍ നടത്തി. 1,390 പേര് രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 4,41,69,711 ആയി വര്‍ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61%വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91%വുമാണ്. സജീവ കേസുകള്‍ 0.03%ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.78% ആണ്.
കേരളം, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുന്നത്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൃത്യമായ ശാരീരിക അകലം പാലിക്കുക, ആശുപത്രികള്‍ ഉള്‍പ്പെടെ രോഗികളുമായി ഇടപഴകാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളില്‍ മാസ്ക് ധരിക്കുക. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഉയര്‍ന്ന പനി, കഠിനമായ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണമെന്നും നിര്‍ദേശത്തിലുണ്ട്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാനും തയാറെടുപ്പ് ഉറപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 10,11 തീയതികളില്‍ എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: