Categories: Kerala

ലോകായുക്തയെ നാണംകെടുത്തി സിറിയക്ക് ജോസഫും ഹാറൂണ്‍ ഉല്‍ റഷീദും

ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ച് ഞങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല എന്ന് ഇപ്പോള്‍ ഇരുവരും പറയുന്നതിനെ ശുദ്ധ ഭോഷ്‌ക്ക് എന്നുമാത്രമേ വിശേഷിപ്പിക്കാനാകും

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ വിധി പറയാതെ തടിതപ്പിയ ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും  യഥാര്‍ത്ഥത്തിന്റെ നാണം കെടുത്തിയത് ലോകായുക്ത  എന്ന സംവിധാനത്തെയാണ്.  അഴിമതിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടുക എന്ന പ്രതീക്ഷയോടെ സ്ഥാപിതമായ ലോകായുക്തയുടെ വിശ്യാസ്യതയാണ് ഈ മുന്‍ ന്യായാധിപന്മാര്‍ ചേര്‍ന്ന് നശിപ്പിച്ചത്.

ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ച് ഞങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല എന്ന് ഇപ്പോള്‍ ഇരുവരും പറയുന്നതിനെ ശുദ്ധ ഭോഷ്‌ക്ക് എന്നുമാത്രമേ വിശേഷിപ്പിക്കാനാകും. തങ്ങളുടെ പരിധിയില്‍ വരുമോ എന്നു പോലും വ്യക്തതയില്ലാത്ത ഒരു വിഷയത്തില്‍ ഒരു വര്‍ഷത്തിലധികം വാദം കേള്‍ക്കുകയും പിന്നീട്  ഒരു വര്‍ഷത്തിലധികം വിധി വെച്ചു താമസിപ്പിക്കുകയും ചെയ്തത് എന്തിന്‌ എന്നതിന്  ഇത്തരമില്ല.  ഹര്‍ജി  പരിധിയിലാണോ എന്നതില്‍ സംശയിക്കുമ്പോള്‍ ഇരുവരും കൂടി ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ചിന് വിട്ടതും ആളുകള്‍ക്ക് ദഹിക്കാത്ത കാര്യമാണ്. ഇതു പറയാനാണെങ്കില്‍ ഒരു വര്‍ഷം കേസ് വിധിപറയാതെ പിടിച്ചുവെച്ചത് എന്തിന് എന്ന ചോദ്യത്തിനുത്തരമില്ല.   ന്യായാധിപന്മാര്‍ എന്ന നിലയില്‍ വിശ്യാസ്യത കളഞ്ഞുകുളിച്ചവരാണ് ഇരുവരുവരുമെങ്കിലും ജുഡീഷ്യറിയുടെ കൂടെ വിശ്യാസ്യത ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

 മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്ന വിധിയായിരുന്നു ലോകായുക്ത പുറപ്പെടുവിക്കേണ്ടിയിരുന്നത്.   ഒരു വര്‍ഷത്തിലധികം നീണ്ട് വാദത്തിനിടയില്‍ ഒരിക്കലും തങ്ങള്‍ക്ക് കേസ് പരിഗണിക്കാന്‍ അര്‍ഹതയില്ല എന്ന ചിന്ത രണ്ടു ന്യായാധിപന്മാര്‍ക്കും ഉണ്ടായില്ല. മാത്രമല്ല വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ വാദത്തിനിടയില്‍ സിറിയക്കും റഷീദും  ശ്രദ്ധേയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഏതു സര്‍ക്കാരായാലും തിരഞ്ഞെടുത്ത ജനങ്ങളുടെ പണം ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന തരത്തില്‍ തോന്നിയപോലെ ഉപയോഗിക്കാനാകുമോയെന്നാണ് ് സിറിയക് ജോസഫ് വാദത്തിനിടെ ചോദിച്ചത്. ആലോചനയില്ലാതെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതില്‍ എടുത്തുചാടി തീരുമാനം എടുത്തത് കൊണ്ടാണ് പഴി കേള്‍ക്കേണ്ടി വന്നതെന്നും  സര്‍ക്കാര്‍ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ആയിരുന്നു ഹാറുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശനം.

ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ വാക്കാല്‍ നിരീക്ഷിച്ചു. ഒരു കുടുംബത്തിനു പണം നല്‍കുമ്പോള്‍ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേതല്ലെ? മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നല്‍കാം, പക്ഷേ അത് അര്‍ഹതപ്പെട്ടവര്‍ക്കല്ലേ നല്‍കേണ്ടതെന്നും സിറിയക് ചോദിച്ചിരുന്നു.  

ഇതെല്ലാം കേട്ടപ്പോള്‍ വിധി മുഖ്യമന്ത്രിക്ക് എതിരാകും എന്ന ധാരണ വന്നതാണ് ലോകായുക്തയുടെ ചിറകരിയാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ വന്നത്. ഗവര്‍ണര്‍ ഒപ്പിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം ചട്ടങ്ങള്‍ ലംഘിച്ച് മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടേയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനു നല്‍കിയതിനെതിരെ മുന്‍ സര്‍വകലാശാല ജീവനക്കാരനായ ആര്‍.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: lokayukth