വൈക്കം: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹ പരിപാടിയില്‍ സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണെന്ന് എംപി കെ. മുരളീധരന്. പാര്‍ട്ടിക്ക് തന്നോടുള്ള അതൃപ്തിയുടെ കാരണം വ്യക്തമല്ല. വൈക്കം സത്യഗ്രഹ ശതാബ്ദിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് നല്‍കിയിട്ടില്ലെന്നും കെ. മുരളീധരന് പ്രതികരിച്ചു.
‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ വേണ്ട’, തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതും അപമാനിക്കുന്നതും സംബന്ധിച്ച് കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാര്ട്ടി്ക്ക് തന്നോടുള്ള അവഗണനയുടെ കാരണം അറിയില്ല. കെ. കരുണാകരനും അവഗണന നേരിട്ടിട്ടുണ്ട്.
ശതാബ്ദി പരിപാടിയില്‍ എല്ലാവരും സമയമെടുത്ത് സംസാരിക്കുമ്പോള്‍ തനിക്ക് മാത്രം സമയം തരാത്തത് എന്തുകൊണ്ടാണ്. എല്ലാവരും ധാരാളം പ്രസംഗിച്ചു. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതാണ് എന്നാണ് അവരുടെയൊക്കെ മനോഭാവം. മുന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ് പരിപാടിക്കുണ്ടായിരുന്നത്. അതില്‍ ചെന്നിത്തലയ്ക്കും ഹസനും അവസരം കൊടുത്തു. തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നത്. തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി ഇനി ഒന്നിലേക്കും ഇല്ലെന്ന് പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.
അതേസമയം വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കച്ചേരി നിര്‍ത്തിയ ആളോട് വീണ്ടും പാടുമോ എന്ന് ചോദിക്കുന്നപോലെ ആണിതെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അവഗണനയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ശതാബ്ദി ആഘോഷച്ചടങ്ങില്‍ മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്കെല്ലാം പ്രസംഗിക്കാന്‍ അവസരം നല്കിയപ്പോള് മുരളീധരനെ മാത്രം ഒഴിവാക്കുകയായിരുന്നു. സമയക്കുറവാണെന്ന് പറഞ്ഞാണ് അവസരം നല്‍കാതിരുന്നത്. ഇതിനെതിരെ വേദിയില്‍ വെച്ചു തന്നെ പൊട്ടിത്തെറിച്ച മുരളീധരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ ആളെ നോക്കണമെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: