ന്യൂദല്‍ഹി: രാജ്യത്ത് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകള്‍ക്കും ഇനി ഫീസ് നല്‍കേണ്ടി വരുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ വ്യാജമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 2000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1% ഈടാക്കുമെന്ന് കാട്ടി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് വിഷയത്തില്‍ വ്യക്തത വരുത്ത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്റ്റ് ചെക്ക് ട്വീറ്റുമായി രംഗത്തെത്തിയത്.
യുപിഐ വഴി നടത്തുന്ന പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് (പിപിഐ) ഇടപാടുകള്‍ക്ക് മാത്രമാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്. 99.99% ശതമാനം യുപിഐ ഇടപാടുകള്‍ക്കും ഈ ഫീസ് ബാധകമല്ല. അക്കൗണ്ടില്‍നിന്ന് മുന്‍കൂറായി പണം അടച്ച് ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ വാലറ്റുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ പോലുള്ളവയ്‌ക്ക് മാത്രമാണ് 2000 രൂപയ്‌ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുക. അതിനാല്‍ ഒരു ബാങ്കിനും പ്രീ പെയ്ഡ് വാലറ്റിനും ഇടയിലുള്ള വ്യക്തിഗത ഇടപാടുകള്‍ക്കോ വ്യക്തിയും വ്യപാരികളും തമ്മിലുള്ള ഇടപാടുകള്‍ക്കോ ഉപയോക്താക്കള്‍ക്ക് അധികബാധ്യത വരില്ലെന്ന് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: