ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ച് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ വിളംബരം ചെയ്ത ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-മത് വാര്‍ഷികവും ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ക്ക് കാരണമായ വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി വര്‍ഷവുമാണ് 2024. കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ദുരാചാരമായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവര്‍ക്ക് വഴി നടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും വിലക്കുകള്‍ തീര്‍ത്തിരുന്നത് ഈ ദുരാചാരത്താലായിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാനും പൊതുവഴിയില്‍ കൂടി നടക്കാനും അനുവാദമില്ലാതിരുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ് നവോത്ഥാന നായകരും സാമൂഹ്യ പരിഷ്കര്‍ത്താക്കളും സത്യഗ്രഹ സമരവുമായി രംഗത്തുവന്നത്. അവര്‍ കാലങ്ങളായി നടത്തിയ ജാഗരണ പ്രവര്‍ത്തനങ്ങളും, പ്രതിഷേധ സമരങ്ങളും, 1924 മാര്‍ച്ച് 30മുതല്‍ നടത്തിയ സത്യഗ്രഹവും സമരത്തിന്റെ വിജയത്തിന് കാരണമായി.
ജാതിക്കതീതമായി മുന്നാക്ക, പിന്നാക്ക സമൂഹങ്ങള്‍ ഒന്നിച്ചണിനിരക്കുന്നതും, സാമൂഹ്യ നീതിക്കായി അണിചേരുന്നതും, വൈക്കം സത്യഗ്രഹത്തോടനുബന്ധമായി ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളും ജനശ്രദ്ധ നേടി. അയിത്തത്തെ മതാചരണത്തിന്റെ ഭാഗമായും ഇത് ഞങ്ങളുടെ വിധിയാണെന്ന് സ്വയം ആശ്വാസമായും കണ്ടിരുന്നവരായിരുന്നു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക സമൂഹങ്ങള്‍. യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും, നീതി നിഷേധവും ദുരാചാരങ്ങളും അസ്പൃശ്യതയും അയിത്തവും സാമൂഹ്യവിപത്തുകളാണ് എന്ന് തിരിച്ചറിഞ്ഞവരുമായ സാമൂഹ്യപരിഷ്കര്‍ത്താക്കളാണ് ഇത്തരം സാമൂഹ്യ തിന്മകള്ക്കെതിരെ ആദ്യമായി രംഗത്തു വന്നത്. നേതാക്കള്‍ അവരുടെ പ്രവര്‍ത്തന മണ്ഡലത്തിലൂടെ ജനകീയ ബോധവല്‍ക്കരണത്തിന് നേതൃത്വം കൊടുക്കുകയും, നീതി നിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാവുകയും ചെയ്തു. അതിന്റെ പരിണിതഫലമാണ് സമരനായകരുടെ നിര്‍ദ്ദേശപ്രകാരം ആദ്യ സത്യഗ്രഹികളായ ഗോവിന്ദപണിക്കര്‍ കുഞ്ഞാപ്പി, ബാഹുലേയന്മാരും, തുടര്‍ന്നുവന്ന സത്യഗ്രഹികളും പ്രവര്‍ത്തിച്ചത്.
ഭരണകര്‍ത്താക്കളുടെ മര്‍ദ്ദിത ഉപകരണങ്ങളായ ക്രമസമാധാന പാലകരുടെ ചോദ്യത്തിനു മുമ്പില്‍ പതറാതെ ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിക്കുകയും ഈ പോരാട്ടത്തില്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു അവര്‍. ആദ്യ സത്യഗ്രഹിയായ ജാതിയില്‍ മുന്നാക്കമായ ഗോവിന്ദപ്പണിക്കര്‍ക്ക് തീണ്ടാപ്പലക ഭേദിക്കാന്‍ വിലക്കില്ലാതിരുന്നിട്ടും കുഞ്ഞാപ്പിക്കും ബാഹുലേയനും നിഷേധിക്കുന്ന നീതി തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് അറസ്റ്റ് വരിച്ച് ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായി. ഈ സമരത്തില്‍ സത്യഗ്രഹനായകരും സത്യഗ്രഹികളും മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ അണിനിരന്നു.
ടി.കെ.മാധവന്, മന്നത്ത് പത്മനാഭന്, സി.വി.കുഞ്ഞിരാമന്, കെ. കേളപ്പന്, കെ. കേശവമേനോന്, കൂരൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്, ആലും മൂട്ടില്ചാന്നാന്, കെ.ആര്.കൃഷ്ണസ്വാമി അയ്യര്‍, ആമചാടി തേവന്, രാമന് ഇളയത്, ചിറ്റേടത്തു ശങ്കുപിള്ള, എന്നിവരും വൈക്കം സത്യഗ്രഹത്തിന് ഉജ്വലമായ നേതൃത്വം നല്കി. മഹാത്മാഗാന്ധിജിയെ നേരില്‍ കണ്ടതിലൂടെ സമരത്തിന് നേതൃത്വം നല്കാന് അയിത്തോച്ചാടന സമിതി രൂപീകരിക്കുവാന്‍ ഗാന്ധിജി നിര്‍ദേശം നല്കി. ശ്രീനാരായണ ഗുരുദേവന് സത്യഗ്രഹികള്‍ക്ക് ആത്മീയ ഉപദേശവും സഹായവും നല്കി. സമരകാലത്തുടനീളം ശ്രീനാരായണഗുരുദേവന്‍ വലിയ പിന്തുണയാണ്നല്‍കിയത്. വൈക്കത്തെ ആശ്രമം സമരഭടന്മാര്ക്ക് സഹായത്തിനായി വിട്ടുനല്‍കി. വൈക്കത്ത് നേരിട്ടെത്തി സത്യഗ്രഹികളെ അനുഗ്രഹിച്ചു. ബ്രിട്ടീഷ് റീജന്റിനെയും, തിരുവിതാംകൂര്‍ അമ്മ മഹാറാണിയെയും കത്തുകളിലൂടെ സാമൂഹ്യ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി ഗാന്ധിജി. അദ്ദേഹം വൈക്കത്ത് നേരിട്ടെത്തി സത്യഗ്രഹത്തിനെതിരെ ആളും അര്‍ത്ഥവും നല്കിവന്നിരുന്ന യാഥാസ്ഥിതികവാദിയായ ഇണ്ടംതുരുത്തിമന നമ്പൂതിരിയുമായി ഇല്ലത്തെത്തി സംസാരിച്ചു. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു നല്കി ഉത്തരവായതിലൂടെ വിജയകരമായി പര്യവസാനിച്ചു.
പിന്നാക്ക ജനസമൂഹവും അവര്‍ക്ക് നീതി ലഭ്യമാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച മുന്നാക്ക സമൂഹവും, ഇരുസമൂഹത്തിലുമുള്പ്പെട്ട അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന ജനസ്നേഹികളും നടത്തിയ ഐതിഹാസികമായ നിരവധി പ്രക്ഷോഭങ്ങളുടെയും, മന്നത്ത് പത്മനാഭന് നടത്തിയ സവര്ണ്ണജാഥയിലൂടെ നേടിയ മുന്നാക്ക ജനസമൂഹങ്ങളുടെ പിന്തുണയുടെയും പരിണിതഫലമായിട്ടാണ് വൈക്കംസത്യഗ്രഹം വിജയിച്ചത്.
ഇതിന്റെ വിജയം ഗുരുവായൂര്‍ സത്യഗ്രഹം, കൊച്ചി രാജ്യത്തെ ക്ഷേത്രപ്രവേശന പ്രക്ഷോഭം, മലബാറിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭം, പാലിയം പ്രക്ഷോഭം എന്നിവയുടെ വിജയത്തിനും കാരണമായി. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനും ഇതു പ്രേരണയായി. വൈക്കം സത്യഗ്രഹത്തോട് അധികാരികള്‍ കാട്ടുന്ന ജാതിപരമായ അനീതിയും വിവേചനവും അഖിലേന്ത്യ തലത്തിലും ശ്രദ്ധ നേടുകയും അവഗണിക്കപ്പെടുന്ന സമൂഹങ്ങളുടെ സാമൂഹ്യനീതിക്കു വേണ്ടിയുള്ള സമരത്തിന് പ്രാധാന്യം കൈവരുകയും ചെയ്തു. കേരളീയ സമൂഹത്തെ അടിഅളന്നു മാറ്റി നിര്‍ത്തിയ സാഹചര്യത്തിലും, ഒന്നിച്ചു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രാര്‍ത്ഥിക്കാനും സജ്ജമാക്കിയെന്നതാണ് എടുത്തുപറയേണ്ടത്. എന്നാല്‍ ആധുനിക കാലത്തും സാമൂഹ്യസാഹചര്യങ്ങള്‍ മറ്റൊരു തരത്തില്‍ നിലനില്ക്കുന്നു. കേരളീയ സമൂഹത്തെ ശിഥിലമാക്കാനും ഹിന്ദു സമാജത്തെ അനൈക്യത്തിലേക്ക് നയിക്കാനും പലതട്ടിലാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്നതിനും പുത്തന്‍ ശക്തികളും, ആധുനിക യാഥാസ്ഥിതികവാദികളും പരിശ്രമിക്കുമ്പോള്‍ ജാഗ്രതയോടെ ഇതിനെതിരെ രംഗത്തുവരാന്‍ ഹിന്ദുസമാജവും കേരളീയ സമൂഹവും തയ്യാറാവണം.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുന്നതിലൂടെ പുത്തന്‍ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്ന സാമൂഹ്യജീര്‍ണ്ണതകള്‍ക്കെതിരെ സജ്ജമാകേണ്ട സാഹചര്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ്. സാമൂഹ്യ നവോത്ഥാനം എന്നും സംഭവിച്ചിട്ടുള്ളത് ഹൈന്ദവ ഏകീകരണത്തിലൂടെയാണ് എന്ന തിരിച്ചറിവ് കേരളീയ സമൂഹത്തിനുണ്ടാകണം. ജാതിമേല്‍ക്കോയ്മയും മതമേധാവിത്വവും രാഷ്ട്രീയ അധിനിവേശവുമല്ല കേരളത്തിനു വേണ്ടത്. സാംസ്കാരിക ഔന്നിത്യവും സാമൂഹികഐക്യവുമാണ്. കേരളം ദേശവികാരത്തോടൊപ്പം നിലനില്‍ക്കാനുള്ള പ്രേരണ ഉയര്‍ന്നു വരണം എന്നതാണ് ശതാബ്ദി ആഘോഷത്തിന്റെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: