നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം മറ്റു രീതികളില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായ വിവരം ജനങ്ങളില്‍ ആശങ്ക നിറയ്ക്കുന്നതാണ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തി പിഎഫ്ഐയുടെ പ്രമുഖ നേതാക്കളെയെല്ലാം പിടികൂടി ജയിലിലടച്ചിരുന്നു. പഴുതടച്ചുള്ള നിരോധനമായതിനാല്‍ ഈ നേതാക്കള്‍ക്ക് ഒരുതരത്തിലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. രോഗകാരണങ്ങളും ആരോഗ്യസ്ഥിതിയുമൊക്കെ പറഞ്ഞ് ചിലര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പിഎഫ്ഐയുടെ അറിയപ്പെടുന്ന നേതാക്കളെ കൂടാതെ നിരവധിയാളുകളെ പിന്നീടും എന്‍ഐഎ പിടികൂടിയിരുന്നു. ഇതിനു മുന്‍പ് ഒരു ഘട്ടത്തിലും തിരിച്ചറിയപ്പെടാതെ അതീവ രഹസ്യമായും തന്ത്രപരമായും ഈ സംഘടനയ്ക്കുവേണ്ടി വിവിധ ജില്ലകളില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തിയിരുന്നവരായിരുന്നു ഇവര്‍. പ്രത്യക്ഷത്തില്‍ സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരുന്നത്. അന്വേഷണ ഏജന്‍സികളുടെ പിടിയിലായതോടെയാണ് നാട്ടുകാര്‍ ഇവരുടെ തനിനിറം അറിയുന്നത്. പിഎഫ്ഐയുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും, ഔദ്യോഗികമായ ഭാരവാഹിത്വം ഇല്ലാതെ അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്താന്‍ ആയുധപരിശീലനം നല്കുന്നവരുമായ ചിലര്‍ പിടിയിലായവരിലുണ്ട്. അന്വേഷണ ഏജന്‍സികളുടെയോ രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം നിരവധിപേര്‍ ഇനിയുമുണ്ടെന്നാണ് കരുതപ്പെടുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഈയിടെ യുഎപിഎ ട്രൈബ്യൂണല്‍ പൂര്‍ണമായും ശരിവച്ചിരുന്നു. അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ തെളിവുകള്‍ മുന്‍നിര്‍ത്തിയാണിത്. ഇതിനെതിരെ കോടതികളെ സമീപിക്കാമെങ്കിലും സമീപകാലത്തൊന്നും നിരോധനം നീങ്ങാനുള്ള സാധ്യതയില്ലെന്ന് പിഎഫ്ഐ നേതൃത്വത്തിന് ബോധ്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വന്തം സ്വാധീനമേഖലകളില്‍ അറിയപ്പെടാത്ത നേതാക്കളെ രഹസ്യമായി സംഘടിപ്പിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നത്. ആഗോള ഇസ്ലാമിക ഭീകരസംഘടനകളുമായി ബന്ധമുള്ള പിഎഫ്ഐ, രാജ്യത്ത് പലയിടങ്ങളിലും വിധ്വംസകപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തുകയുണ്ടായെങ്കിലും കേരളത്തിലായിരുന്നു സംഘടനാപരമായി കൂടുതല്‍ ശക്തി. ഇതുകൊണ്ടുതന്നെയാണ് സംഘടനയുടെ നിരോധനത്തിനെതിരെ വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയ മിന്നല്‍ ഹര്‍ത്താല്‍ കേരളത്തില്‍ നടന്നത്. അതിനു മുന്‍പ് പിഎഫ്ഐ ആയി അറിയപ്പെടാത്ത പലരും ഈ അക്രമസംഭവങ്ങളില്‍ പങ്കാളികളായത് ജനങ്ങളെ ഞെട്ടിച്ചു. തങ്ങള്‍ക്കിടയില്‍ മറ്റൊരു മുഖവുമായി നടന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായതുകൊണ്ടുമാത്രം, അക്രമങ്ങളിലൂടെ പൊതുമുതല്‍ നശിപ്പിച്ചവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുകയുണ്ടായി. ഈ നടപടി ഒഴിവാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെങ്കിലും കോടതി കര്‍ശനമായ മുന്നറിയിപ്പുകള്‍ നല്‍കിയതോടെ ഇതൊന്നും ഫലവത്തായില്ല.
ഈയൊരു പശ്ചാത്തലത്തിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മറയാക്കി സംഘടനാപ്രവര്‍ത്തനം രഹസ്യമായി നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സുനാമി ദുരന്തകാലത്ത് ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പിഎഫ്ഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി. ദുരിതാശ്വാസമെത്തിക്കുന്നതിന്റെ മറവില്‍ കള്ളനോട്ടുകളും ലഹരിവസ്തുക്കളും മറ്റും ഇവര്‍ കടത്തുന്നതായി സംശയമുയര്‍ന്നിരുന്നു. ഇതിനുവേണ്ടി ചില പുനരധിവാസ കേന്ദ്രങ്ങളുടെ നിയന്ത്രണം ഇവര്‍ ഏറ്റെടുത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ രീതിയില്‍ പ്രത്യക്ഷത്തില്‍ ആരും സംശയിക്കാത്തവിധം പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പിഎഫ്ഐയുടെ തീരുമാനമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. അതിനിടെ, ‘കട്ടിങ് സൗത്ത്’ എന്ന പേരില്‍ അടുത്തിടെ എറണാകുളത്ത് സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ സംഗമത്തിനും ഒരു തീവ്രവാദ കണക്ഷന് സംശയിക്കപ്പെടുന്നുണ്ട്. വിഘടനവാദത്തിന്റെ സ്വരമുള്ള കട്ടിങ് സൗത്ത് എന്ന മുദ്രാവാക്യം നേരത്തെ ഉയര്‍ത്തിയിരുന്നത് പിഎഫ്ഐ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാധ്യമ സംഗമത്തിന് കാനഡയിലെ ഒരു എന്‍ജിഒ ധനസഹായം നല്‍കിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ്. നിരോധിക്കപ്പെട്ടതുകൊണ്ടുമാത്രം ഈ മതതീവ്രവാദികള്‍ അടങ്ങിയിരിക്കാനിടയില്ല. അവര്‍ക്ക് രാഷ്ട്രീയ-ഭരണ തലത്തില്‍നിന്ന് ഒത്താശകള്‍ ലഭിക്കുമ്പോള്‍ പ്രത്യേകിച്ചും. പിഎഫ്ഐയെ നിരോധിച്ച നടപടിക്ക് നിയമപരമായ സാധുത നല്‍കുന്നതാണ് യുഎപിഎ ട്രൈബ്യൂണലിന്റെ വിധി. ഇതിനനുസൃതമായ തുടര്‍ നടപടികള്‍ ഇനിയുമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: