ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒബിസി ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക കാമ്പയിനുമായി ഒബിസി മോര്‍ച്ച. ഗാവ് ഗാവ് ചലോ, ഘര്‍ ഘര്‍ ചലോ (ഓരോ ഗ്രാമങ്ങളിലേക്ക്, ഓരോ വീടുകളിലേക്ക്) എന്നു പേരിട്ടിരിക്കുന്ന കാമ്പയിന് ബിജെപി സ്ഥാപകദിനമായ ഏപ്രില്‍ ആറു മുതല്‍ ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 വരെ നടക്കും.
ഒരു ലക്ഷം ഗ്രാമങ്ങളിലെ ഒരു കോടി ഒബിസി കുടുംബങ്ങളില്‍ കാമ്പയിന്റെ ഭാഗമായി എത്തുമെന്ന് ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റ് ഡോ. കെ. ലക്ഷ്മണ് എംപി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക സമുദായങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളും ജനങ്ങളോട് വിശദീകരിക്കും. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒബിസി സൗഹൃദ പദ്ധതികളും നയങ്ങളും ജനകീയമാക്കുന്നതിലാണ് പ്രചാരണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. 60 വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഒന്‍പത് വര്‍ഷത്തെ ഭരണം കൊണ്ട് ഒബിസി വിഭാഗങ്ങളുടെ വികസനത്തിന് മോദി സര്‍ക്കാര്‍ എന്തെല്ലാം ചെയ്തെന്ന് ഓരോ പ്രദേശത്തെയും പ്രവര്‍ത്തകര്‍ താരതമ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യും.
ഒബിസി വിഭാഗങ്ങളുടെ പേരു പറഞ്ഞ് പലരും പല പാര്‍ട്ടികളും രൂപീകരിച്ചു. എന്നാല്‍ അവര്‍ അവരുടെ കുടുംബത്തിന്റെ താത്്പര്യത്തിനാണ് മുന്‍തൂക്കം നല്‍കിയത്. അതിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചില്ല. മോദി സര്‍ക്കാര്‍ ഒബിസി വിഭാഗങ്ങള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള 27 പേര്‍ക്ക് ബിജെപി കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം നല്കി. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഇത്രയും പേര്‍ക്ക് ആദ്യമായാണ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: