പാലക്കാട്: 2015 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയില്‍ 79 ലക്ഷത്തോളം പേര് ഭിന്നശേഷിക്കാരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വൈകല്യമുള്ള കുട്ടികളെ ഭിന്നശേഷി വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത്. സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുട്ടികള്‍ക്ക് സൗഹൃദ – പഠന പരിശീലനക്കളരിയുടെ കൂടാരം ഒരുക്കുകയാണ് തിരുവനന്തപുരത്തെ ഒരുപറ്റം രക്ഷിതാക്കളുടെ കൂട്ടായ്മ.
ഭിന്നശേഷിക്കാര്‍ അവഗണിക്കപ്പെടേണ്ടവരോ സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റേണ്ടവരോ അല്ല. മറ്റു കുട്ടികള്‍ക്കെന്ന പോലെ അംഗീകാരവും ആദരവും കിട്ടേണ്ടവരാണ് ഇവരും. ഇവര്‍ക്കുമുണ്ട് മറ്റുള്ളവരെപ്പോലെ അവകാശങ്ങളും ചുമതലകളും. അത് നിറവേറ്റിക്കൊടുക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയുമാണ്. ഇവിടെയാണ് ഏഞ്ചല്‍സ് വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ പ്രസക്തി കണ്ടറിയേണ്ടത്. തിരുവനന്തപുരം ജില്ലയില്‍ പാറ്റൂര്‍ മൂലവിളാകം റോഡിലുള്ള വാടക കെട്ടിടത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഡിസെബിലിറ്റി ബാധിച്ച കുട്ടികളുടെ ഏതാനും രക്ഷിതാക്കള്‍ ചേര്‍ന്നുള്ള കൂട്ടായ്മയിലൂടെ 2021 ഏപ്രില്‍ മാസമാണ് ഈ സംരംഭം പിറവിയെടുത്തത്. അഡ്വ. ഫത്തഹുദീന്‍, ക്യാപ്റ്റന്‍ മുഹമ്മദ് റിയാസ്, റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മണികണ്ഠന് നായര്‍ ഉള്‍പ്പെടെയുള്ള 11 അംഗ രക്ഷിതാക്കളുടെ നിയന്ത്രണത്തിലാണ് ഇവിടുത്തെ ഭിന്നശേഷിക്കാരായ പഠിതാക്കളുടെ പരിശീലനം.
രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ നല്കുന്ന പരിശീലനം ഈ കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതില്‍ ഏറെ സഹായിക്കുന്നുണ്ടെന്നു ഏഞ്ചല്‍ വേള്‍ഡിന്റെ മുഖ്യ നടത്തിപ്പുകാരില്‍ ഒരാളായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പ്രദീപ് പറയുന്നു. ഇപ്പോള്‍ ഇവിടെ 15 കുട്ടികളാണുള്ളത്. എല്ലാവരും 15 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍. ഡിസെബിലിറ്റി കുട്ടികള്‍ക്കുള്ള അക്കാദമിക് പഠന ക്ലാസുകള്‍ക്കു പുറമെ യോഗ, കമ്പ്യൂട്ടര്‍, സ്പീച്ച് തെറാപ്പി, ബാഡ്മിന്റണ്‍, സംഗീതം, ചിത്രരചന തുടങ്ങിയ ബഹുവിധ പരിശീലനമുറകളിലൂടെ മറ്റു കുട്ടികളെക്കാള്‍ ഏഞ്ചല്‍ വേള്‍ഡിലെ കുട്ടികള്‍ അത്ര പിറകിലല്ലെന്നു തെളിയിക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാന പരിശീലക കൂടിയായ സരിത ടീച്ചറും അഭിപ്രായപ്പെടുന്നു.
മാസത്തില്‍ ഒരു തവണ അറിവും കളിയും ചിരിയും നുകര്‍ന്നുള്ള ഉല്ലാസയാത്രകള്‍, ആരോഗ്യപരിശോധനകള്‍… ഇവയ്ക്കൊന്നും തന്നെ ഇതുവരെ ഇവിടെ ഒരു കുറവും വരുത്തിയിട്ടില്ല. എല്ലാം കൃത്യമായ സമയ ക്രമങ്ങളില്‍ ലിഖിതമാണിവിടെ. കെട്ടിട വാടക, ആയ, പ്രധാന പരിശീലക എന്നിങ്ങനെയുള്ള ചിലവുകള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയില്‍ നിന്നാണ് കണ്ടെത്തുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഒരര്‍ത്ഥത്തില്‍ ഗൃഹാന്തരീക്ഷത്തെക്കാള് സുരക്ഷിയും അറിവും സൗഹൃദവും ഒരുക്കുകയാണ് അടുക്കും ചിട്ടയുമുള്ള പരിശീലനത്തിലൂടെ ഏഞ്ചല്‍സ് വേള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സ്ഥാപനം. ഇവര്‍ക്കുമുണ്ട് ഒരുപാട് സ്വപ്നങ്ങള്‍. ആരാലും അവഗണിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു കരുതലും തലോടലും നല്കി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ആധുനിക പരിശീലനത്തിലൂടെ കൈപിടിച്ചുയര്‍ത്തുവാന്‍ സ്വന്തമായി ഒരു സ്കൂളാണ് അതില്‍ പ്രധാനം. 11 അംഗ രക്ഷാകര്‍തൃ കൂട്ടായ്മ 40 സെന്റ് സ്ഥലവും വാങ്ങി… പക്ഷേ ഈ നന്മ നിറഞ്ഞ ശ്രമങ്ങള്‍ക്കു കരുത്തുപകരാന്‍ അധികൃതരുടെ സഹായം കൂടി കിട്ടിയേ തീരൂ. കാരണം, ഭിന്നശേഷിക്കാരുടെ ക്ഷേമവും ഉറപ്പുവരുത്തുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുക എന്നത് മറ്റാരെക്കാളും എയ്ഞ്ചല്‍സ് വേള്‍ഡ് സാരഥികള്‍ക്ക് നന്നായി അറിയാം. ഈ സ്ഥാപനത്തെ പറ്റി കൂടുതല്‍ അറിയാന്‍, ക്യാപ്റ്റന്‍ റിയാസ്. ഫോ. 9995952206.
പ്രതികരിക്കാൻ ഇവിടെ എഴുതുക: