ന്യൂദല്‍ഹി : ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടതോടെ വീട്ടുസാധനങ്ങളെല്ലാം മാറ്റാന്‍ രാഹുല്‍ ഗാന്ധി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി. സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഫാം ഹൗസിലേക്ക് മാറ്റാനാണ് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇതുവരെ രാഹുലിന് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവടസം ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു.
എംപി പദവി നഷ്ടമായതിനാല്‍ വീടൊഴിയണമെന്ന് ലോക്സഭ ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് കഴിഞ്ഞ ദിവസം എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ അറിയിച്ചിരുന്നു. എന്നാല്‍ രാഹുലിനെ അയോഗ്യനാക്കാന്‍ ഇടയാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതല്ലാതെ ഇതുവരെ മേല്‍ക്കോടതിയെ സമീപിച്ചിട്ടില്ല. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: